
കുറച്ച് നാളുകളായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും അമേരിക്കൻ സൈന്യവും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. വെനസ്വേലൻ പ്രസിഡന്‍റിനെ തട്ടിക്കൊണ്ട് വന്നതിന് പിന്നാലെ, റഷ്യൻ പതാകയുള്ള എണ്ണക്കപ്പൽ പിടിച്ചെടുത്തതും ലോകത്തെ യുദ്ധഭീതിയിലേക്ക് തള്ളി വിട്ടിരുന്നു. ഇതിന് പുറമേ കൊളംബിയ, മെക്‌സിക്കോ, ഗ്രീൻലാൻഡ് എന്നീ രാജ്യങ്ങൾക്ക് നേരെ ട്രംപ് ആക്രമണ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് നേരെ, 500 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന ഭീഷണി വേറേയും.
ഇങ്ങനെ അന്താരാഷ്ട്ര രാഷ്ട്രീയവും നയതന്ത്രവും കലങ്ങി നിൽക്കവേ, അമേരിക്കയുടെ ആകാശത്ത് “ഡൂംസ്‌ഡേ പ്ലെയിൻ” (Doomsday Plane) എന്നറിയപ്പെടുന്ന ബോയിംഗ് E-4B നൈറ്റ് വാച്ച് വാഷിംഗ്ടണിലും ലോസ് ഏഞ്ചൽസിലും പ്രത്യക്ഷപ്പെട്ടത് വലിയ വാർത്തയായിരിക്കുകയാണ്. 51 വർഷത്തിനിടെ ആദ്യമായാണ് ഇത് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും കണ്ണിൽപ്പെടുന്നത് എന്നതിനാൽ വലിയ ആശങ്കയിലാണ് ലോകം.
എന്താണ് “ഡൂംസ്‌ഡേ പ്ലെയിൻ”?
ആണവയുദ്ധമോ മറ്റ് വലിയ ദുരന്തങ്ങളോ പോലെയുള്ള അടിയന്തര സാഹചര്യങ്ങളിൽ, യുഎസ് സർക്കാരിന് ആകാശത്തിരുന്ന് ഭരണം നടത്താൻ സഹായിക്കുന്ന ഒരു പറക്കുന്ന കമാൻഡ് സെന്ററാണ് ഡൂംസ്‌ഡേ പ്ലെയിൻ. പ്രസിഡന്‍റിനും മന്ത്രിസഭക്കും ഇതിനുള്ളിൽ പ്രവർത്തിക്കാനാകും. ഇതിനെ ‘പറക്കുന്ന പെന്റഗൺ’ എന്നും വിളിക്കുന്നു. ആക്രമണത്തിൽ രാജ്യത്തെ കമാൻഡ് സെന്ററുകൾ തകർന്നാലും ഗവൺമെന്‍റിന്‍റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനുള്ള സകല സംവിധാനങ്ങളും ഇതിൽ ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോമാഗ്നറ്റിക് പൾസുകളെയും (EMP) ആണവ വികിരണങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ള തരത്തിലാണ് ഈ വിമാനം നിർമ്മിച്ചിരിക്കുന്നത്.
ഒരേസമയം 111 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യം വിമാനത്തിനുണ്ട്. 12 മണിക്കൂർ വരെ ഇന്ധനം നിറയ്ക്കാതെ പറക്കാനാകും. ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാനുള്ള സംവിധാനമുള്ളതിനാൽ നിലത്തിറങ്ങാതെ ദിവസങ്ങളോളം പറക്കാനാകും. അത്യാധുനിക സാറ്റലൈറ്റ് സംവിധാനങ്ങൾ വഴി ലോകത്തിന്റെ ഏത് ഭാഗവുമായും ബന്ധപ്പെടാൻ വിമാനത്തിന് സാധിക്കും.
The doomsday plane for POTUS and the Cabinet… https://t.co/wnhDCJHf0O
— John Rich🇺🇸 (@johnrich) January 9, 2026
ALSO READ; ലോസ് ആഞ്ചലസിലെ ഈ സിഇഒ പൊളിയാണ് ; ആഴ്ച്ചയിൽ ടീം ലഞ്ചിനായി മാത്രം മുടക്കുന്നത് 2 ലക്ഷം രൂപ
ജനുവരി ആദ്യവാരം ഈ വിമാനം വാഷിംഗ്ടണിലും ലോസ് ഏഞ്ചൽസിലും ലാൻഡ് ചെയ്തത് ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങളിലൂടെ പുറത്തുവന്നിരുന്നു. സാധാരണയായി ഈ വിമാനത്തിന്റെ സഞ്ചാരം രഹസ്യമായിട്ടാണ് വെക്കാറുള്ളത്. എന്നാൽ, ഇത്തവണ വിമാനം ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിൽ പറന്നിറങ്ങുന്ന നിരവധി വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ അടക്കം പ്രചരിച്ചിക്കുകയാണ്. വിമാനത്തിന്റെ പ്രത്യക്ഷപ്പെടലോടെ കൂടുതൽ ആക്രമണങ്ങൾ നടക്കുമോ എന്ന ഭയത്തിലാണ് ലോകം. എന്നാൽ മുൻകരുതലെന്ന നിലക്കുള്ള നടപടി മാത്രമാണ് ഇതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

