
സാമ്രാജ്യത്വവും പിടിച്ചടക്കലുമല്ല, സമാധാനപരമായ ചർച്ചകളിലൂടെയാണ് ലോകം മുന്നോട്ടുപോകേണ്ടതെന്ന സന്ദേശത്തെ ഇല്ലാതാക്കുന്നതാണ് അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തുന്ന കടന്നാക്രമണം. നയതന്ത്രത്തിന്റെ എല്ലാ സാധ്യതകളെയും ചവിട്ടിമെതിച്ചുകൊണ്ട് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ നടത്തിയ ആക്രമണം ലോകത്തിന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്.
ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെയും നിരവധി മുതിർന്ന ഉദ്യോഗസ്ഥരെയും അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തിൽ കൊലപ്പെടുത്തി. ഇതിലൂടെ തങ്ങളുടെ ആധിപത്യം അംഗീകരിക്കാത്ത രാജ്യങ്ങളെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്ന പരസ്യ പ്രഖ്യാപനമാണ് ട്രംപ് നടത്തുന്നത്.
പിടിച്ചടക്കിയും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയും ലോകത്തെ വരുതിയിൽനിർത്താനാണ് കുറച്ചുകാലമായി അമേരിക്കയും ട്രംപും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയെയും ഇസ്രായേലിനെയും പോലെയുള്ള രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ നിഘണ്ടുവിൽനിന്ന് നയതന്ത്രം എന്ന വാക്ക് ഇല്ലാതായിരിക്കുന്നു. മറ്റ് രാജ്യങ്ങളെ കീഴടക്കി, അവരുടെ പ്രകൃതിവിഭവങ്ങൾ ഉൾപ്പടെ കൊള്ളയടിക്കുകയാണ് അമേരിക്ക ചെയ്യുന്നത്. നേരത്തെ വെനിസ്വേലൻ പ്രസിഡന്‍റിനെ പിടികൂടിയതും ഇപ്പോൾ ഇറാനെ ആക്രമിക്കുന്നതുമൊക്കെ ആ രാജ്യങ്ങളിലെ വലിയ അളവിലുള്ള എണ്ണസമ്പത്ത് ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന് ആർക്കാണ് അറിയാത്തത്.
പറയുന്നത് കേട്ട് അടങ്ങിയൊതുങ്ങി ജീവിക്കുക, അല്ലെങ്കിൽ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കുമെന്ന ഫാസിസ്റ്റ് യുക്തിയാണ് അമേരിക്ക ചെയ്യുന്നത്. ഒരു പരമാധികാര രാഷ്ട്രത്തിന്റെ രാഷ്ട്രീയ നേതൃത്വത്തെ സൈനിക ശക്തി ഉപയോഗിച്ച് ഇല്ലാതാക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം മാത്രമല്ല, ലോകമെങ്ങുമുള്ള ജനാധിപത്യത്തിന് നേരെയുള്ള കനത്ത വെല്ലുവിളി കൂടിയാണ്.
രണ്ടാം ലോക മഹായുദ്ധം വരുത്തിവെച്ച വിനാശകരമായ പ്രത്യാഘാതം എങ്ങനെ മറക്കാനാകും? എന്നാൽ അതിനുശേഷം രൂപപ്പെട്ട അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും കാറ്റിൽപ്പറത്തിയാണ് അമേരിക്കയും കൂട്ടരും ഇപ്പോൾ മുന്നോട്ടുപോകുന്നത്. ഒരു മൂന്നാംലോക യുദ്ധത്തിന് ഈ തെമ്മാടിക്കൂട്ടം കോപ്പുകൂട്ടുമ്പോൾ, ലോകത്തിന് സമാധാനം നഷ്ടമാകുകയാണ്.
Also Read- പശ്ചിമേഷ്യയിലെ യുദ്ധഭീതി; നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടേണ്ട 31 വിമാനങ്ങൾ റദ്ദാക്കി
മറ്റ് രാജ്യങ്ങൾക്ക് മേൽ എല്ലാത്തരത്തിലും സമ്മർദ്ദം ഏൽപ്പിച്ചാണ് അമേരിക്കയും കൂട്ടരും മുന്നോട്ടുപോകുന്നത്. വിധേയരായി നിന്ന ഇന്ത്യയെ പോലെയുള്ള രാജ്യങ്ങൾക്കുമേലും അതിഭീകരമായ തീരുവ ചുമത്തി ട്രംപ് അവരുടെ വരുതിയിലാക്കി മാറ്റി. രാജ്യങ്ങളെ സാമ്പത്തികമായും സൈനികമായും ശ്വാസം മുട്ടിച്ചു കൊല്ലുന്ന തന്ത്രമാണ് അമേരിക്കയും ട്രംപും ഇപ്പോൾ പയറ്റുന്നത്.
പശ്ചിമേഷ്യയെ വീണ്ടും ഒരു യുദ്ധക്കളമാക്കി മാറ്റുന്നതിലൂടെ തങ്ങളുടെ ആയുധക്കച്ചവടവും രാഷ്ട്രീയ മേധാവിത്വവും ഉറപ്പിക്കാനാണ് അമേരിക്കയും ഇസ്രായേലും ശ്രമിക്കുന്നത്. സമാധാനം എന്നാൽ കീഴടങ്ങലാണെന്ന് തെറ്റിദ്ധരിക്കുന്ന ഈ നീക്കം ആഗോള രാഷ്ട്രീയ ഘടനയുടെ തന്നെ തകർച്ചയ്ക്ക് കാരണമാകും. ഈ സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ലോകമെമ്പാടുമുള്ള ജനാധിപത്യ ശക്തികൾ ഇനിയും പ്രതിഷേധിക്കാതിരുന്നാൽ വലിയ വില നൽകേണ്ടിവരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


