
നിലവിൽ ലോകരാഷ്ട്രീയത്തിലെ ചൂടേറിയ ചർച്ചയാണ് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ‘ബോർഡ് ഓഫ് പീസ്’ എന്ന കൂട്ടായ്മ രൂപീകരണം. ബോർഡ് ഓഫ് പീസ് രൂപീകരിക്കുമെന്ന ട്രംപിന്റെ പ്രസ്താവന പുറത്ത് വന്നത് മുതൽ ലോകരാജ്യങ്ങൾ ഇതിന്‍റെ കാര്യകാരണങ്ങളിൽ ചർച്ച ആരംഭിച്ചിരുന്നു. അമേരിക്കൻ സാമ്രാജ്യത്വം ലോകമാകെ സ്വാധീനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള അന്താരാഷ്ട്ര കൂട്ടായ്മകളെ അട്ടിമറിക്കാൻ നടത്തുന്ന നീക്കമായേ ഇതിനെ കാണാനാകൂ. ഐക്യരാഷ്ട്ര സഭ പോലുള്ള ബൃഹത് സംവിധാനങ്ങൾക്ക് ഭാവിയില്ലെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ സാമ്രാജ്യത്വ അജണ്ടകളെ മുൻനിർത്തി കെട്ടിപൊക്കുന്ന ‘ബോർഡ് ഓഫ് പീസ്’ സംവിധാനത്തെ പറ്റി വിശദമായി അറിയാം.
ബോർഡ് ഓഫ് പീസിന്‍റെ ലക്ഷ്യം:
ഇസ്രയേൽ യുഎസ് പിന്തുണയോടെ നരനായാട്ട് നടത്തി ചാവുനിലമാക്കിയ ഗാസ പുനർനിർമ്മിക്കാൻ ഒരു ആഗോള കൂട്ടായ്മ എന്ന പേരിലാണ് ‘ബോർഡ് ഓഫ് പീസി’ന് ട്രംപ് രൂപം നൽകാനൊരുങ്ങുന്നത്. ഗാസയുടെ പുനർനിർമ്മാണം, ഭരണമടക്കമുള്ള ഭാവി കാര്യങ്ങൾ എന്നിവയാണ് തുടക്കത്തിലെ ലക്ഷ്യമെങ്കിലും, ഇവിടെ മാത്രം ഒതുങ്ങുന്നതല്ല ബോർഡ് ഓഫ് പീസിന്‍റെ പ്രവർത്തങ്ങൾ എന്ന് ഇതിന്റെ ചാർട്ടർ വ്യക്തമാക്കുന്നു.
ALSO READ; ബോർഡ് ഓഫ് പീസിൽ ചേരാനുള്ള യുഎസ് ക്ഷണം; ഐക്യരാഷ്ട്ര സഭക്ക് കീഴിലല്ലെങ്കിൽ ചേരില്ലെന്ന് ചൈന
ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള സംഘർഷങ്ങൾ പരിഹരിക്കുക, സ്ഥിരത കൈവരിക്കുക, സമാധാനം ഉറപ്പാക്കുക എന്നിവയാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യം. വെനസ്വേല ആക്രമിച്ച് അവിടത്തെ ഭരണാധികാരിയെ തട്ടിക്കൊണ്ട് വരികയും, ഗ്രീൻലാൻഡിന് നേരെ തുടരെ ഭീഷണി ഉയർത്തുകയും ചെയ്യുന്ന ട്രംപാണ് ‘ലോക സമാധാന’ത്തിന് വേണ്ടി കെട്ടിപൊക്കുന്ന ഈ ബോർഡിന്റെ അധ്യക്ഷൻ. ഈ സമിതിയുടെ അനുബന്ധ വിഭാഗങ്ങൾ രൂപീകരിക്കാനോ പരിഷ്കരിക്കാനോ പിരിച്ചുവിടാനോ ഉള്ള ഏകാധികാരവും ഡൊണാൾഡ് ട്രംപിനായിരിക്കുമെന്നതും ശ്രദ്ധേയം.
പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും അദ്ദേഹം തന്നെ ചെയർമാനായി തുടരും. ചുരുക്കത്തിൽ, അമേരിക്കൻ അധിനിവേശ താല്പര്യങ്ങൾക്ക് പുറമെ ലോകരാജ്യങ്ങളിൽ മൊത്തം വ്യാപിച്ച് കിടക്കുന്ന ശൃംഖല സൃഷ്ടിച്ച് തന്‍റെ കോർപറേറ്റ് താത്പര്യങ്ങൾ കൂടി മരണം വരെ സംരക്ഷിച്ച് പോവുക എന്ന ലക്ഷ്യവും കൂടി ഇതിന് പിന്നിൽ ഉണ്ടെന്ന് കാണാം.
അംഗത്വവും സാമ്പത്തിക നിബന്ധനകളും:
ബോർഡ് ഓഫ് പീസിൽ രാജ്യങ്ങൾക്ക് അംഗമാകാം. അമേരിക്കൻ പ്രസിഡന്റ് ക്ഷണിക്കണമെന്ന് മാത്രം. മൂന്ന് വർഷമാണ് സാധാരണഗതിയിൽ അംഗത്വ കാലാവധി. എന്നാൽ, ആദ്യ വർഷത്തിനുള്ളിൽ 1 ബില്യൺ ഡോളർ (91000 കോടി) നൽകുന്ന രാജ്യങ്ങൾക്ക് സ്ഥിര അംഗത്വം ലഭിക്കും. ഈ പണം സ്വമേധയാ സംഭാവന നൽകിയാൽ മതിയാവും. ട്രംപ് അധ്യക്ഷനായ ബോർഡിൽ ഏഴ് എക്സിക്യൂട്ടീവ് അംഗങ്ങളാണ് ഉള്ളത്.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകനും ഉപദേശകനുമായ ജാരെഡ് കുഷ്നർ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, അമേരിക്കൻ ധനകാര്യ വിദഗ്ധൻ മാർക് റോവൻ, ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ, യുഎസ് ദേശീയ സുരക്ഷാ സമിതി അംഗം റോബർട്ട് ഗബ്രിയേൽ എന്നിവരാണ് ബോർഡിലെ ഏഴ് എക്സിക്യൂട്ടീവ് അംഗങ്ങൾ.
സുഹൃത് രാജ്യങ്ങളെയും റഷ്യയും ചൈനയുമടക്കമുള്ള എതിരാളികളെയും ട്രംപ് ബോർഡിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇസ്രയേൽ, ഹംഗറി, യുഎഇ, അസർബൈജാൻ എന്നീ രാജ്യങ്ങൾ ബോർഡിൽ ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ ക്ഷണിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച് ബ്രിട്ടൻ രംഗത്തെത്തിയിട്ടുണ്ട്. കാനഡ ബോർഡിൽ ചേരുമെങ്കിലും സ്ഥിര അംഗത്വത്തിനായി പണം നൽകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ക്ഷണം നിരസിച്ചാൽ ഭീഷണി!
എന്നാൽ, അമേരിക്കൻ അജണ്ടകളെ മുൻകൂട്ടി കണ്ട ഫ്രാൻസ് യുഎസ് ക്ഷണം പാടേ നിരസിച്ചിരുന്നു. ക്ഷണം നിരസിച്ച ഉടനെ താരിഫ് ഭീഷണിയുമായാണ് ട്രംപ് മാക്രോണിനെ നേരിട്ടത്. ക്ഷണം നിരസിച്ചാൽ ഭീഷണി കൊണ്ട് നേരിടുന്ന വ്യക്തിയാണ് ആഗോള സമാധാനത്തിന്‍റെ തലപ്പത്ത് സ്വയം പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നതാണ് ഇതിലെ വിരോധാഭാസം.
ചൈനയാണ് ക്ഷണം നിരസിച്ച മറ്റൊരു രാജ്യം. ഐക്യരാഷ്ട്രസഭയെ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര സംവിധാനത്തോടാണ് തങ്ങൾക്ക് പ്രതിബദ്ധതയുള്ളതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ വ്യക്തമാക്കിയിരുന്നു. യുണൈറ്റഡ് നേഷൻസിന്‍റെ കീഴിലല്ലെങ്കിൽ സംഘടനയിൽ ചേരുന്നതിന് തയ്യാറല്ലെന്ന നിലപാടാണ് ചൈനക്ക്.
ALSO READ; ഇന്ത്യ ‘ഹൈറിസ്ക് രാജ്യം’ വിസ നടപടി കടുപ്പിച്ച് ഓസ്ട്രേലിയ; കടൽ കടക്കാനിരിക്കുന്ന വിദ്യാർത്ഥികൾ വലയും
ഇന്ത്യക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. ഇന്ത്യ നിലവിൽ ഇതിൽ തീരുമാനം ഒന്നും എടുത്തിട്ടില്ലെങ്കിലും പലസ്തീനൊപ്പം നിൽക്കേണ്ട ധാർമിക ബാധ്യത കണക്കിലെടുത്ത് രാജ്യം ട്രംപിന്റെ കൂട്ടായ്മയിൽ പങ്കുചേരരുതെന്ന് പൊതു അഭിപ്രായമുണ്ട്. കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യ ബോർഡ് ഓഫ് പീസിൽ ചേരരുതെന്ന ഇടതുപക്ഷത്തിന്‍റെ നിലപാട് വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. പലസ്തീൻ അവകാശങ്ങളെ അവഗണിക്കുന്ന അത്തരമൊരു ബോർഡിൽ പങ്കെടുക്കുന്നത് സ്വതന്ത്ര പലസ്തീൻ ലക്ഷ്യത്തോടും അവിടത്തെ ജനതയോടുമുള്ള കടുത്ത വഞ്ചനയായിരിക്കുമെന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

