
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് മുൻ യുകെ രാജകുമാരൻ ആൻഡ്രൂ മൗണ്ട് ബാറ്റൺ വിൻഡ്‌സറിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്ത റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ആരാണ് ആൻഡ്രൂ മൗണ്ട് ബാറ്റൺ വിൻഡ്‌സർ? എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും രണ്ടാമത്തെ മകൻ, ചാൾസ് മൂന്നാമന്റെ സഹോദരൻ, ലോകം ചർച്ച ചെയ്യുന്ന ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ അടുപ്പക്കാരൻ.
ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെ തുടർന്നുണ്ടായ വിവാദങ്ങൾ കാരണം, 2019-ൽ ഔദ്യോഗിക ചുമതലകളിൽ നിന്നും 2025-ഓടെ രാജകീയ പദവികളിൽ നിന്നും വിൻഡ്‌സർ നീക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഗുരുതരമായ കേസുകളിൽ അറസ്റ്റിലുമായി. എപ്‌സ്റ്റൈൻ ഫയൽസ് ട്രാൻസ്പരൻസി ആക്ടിന് കീഴിൽ പുറത്തിറക്കിയ ഏറ്റവും പുതിയ ഡാറ്റ ഡംപ് സൂചിപ്പിക്കുന്നത് യുകെ ഗവൺമെന്റിന്റെ രഹസ്യ വ്യാപാര വിവരങ്ങൾ ആൻഡ്രൂ ജെഫ്രി എപ്സ്റ്റീനുമായി പങ്കിട്ടിരുന്നു എന്നാണ്. യുകെ ഗവൺമെന്റിന്റെ വ്യാപാര ദൂതനായി ജോലി ചെയ്തിരുന്ന കാലത്തായിരുന്നു ഈ വിവര കൈമാറ്റം.
ALSO READ: എപ്‌സ്റ്റീൻ ബന്ധം: ആൻഡ്രൂ രാജകുമാരന് പിടിവീണു; അറസ്റ്റ് 66ാം ജന്മദിനത്തിൽ
നിക്ഷേപ അവസരങ്ങൾ ഉൾപ്പെടെയുള്ള ഈ ലാഭകരമായ ഡാറ്റാകൈമാറ്റം ഇരുവരെയും സമ്പന്നരാക്കിയെന്നും കൂടാതെ എപ്സ്റ്റീന് ശക്തരായ വ്യക്തികളുമായി ബന്ധം ഉണ്ടാക്കി നൽകിയെന്നും ആരോപിക്കപ്പെടുന്നുണ്ട്. ആൻഡ്രൂവിന്റെ ഈ ദുഷ്‌കൃത്യത്തെക്കുറിച്ച് പൂർണ്ണ അന്വേഷണം നടത്തണമെന്ന ആവശ്യം നിലനിൽക്കെ, പൊതുജനങ്ങളടക്കം ആൻഡ്രൂവിനെ അഴിക്കുള്ളിലാക്കാനുള്ള മുറവിളി കൂട്ടുകയാണ്.
ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. 66 വയസ്സുള്ള ഈ മുൻ രാജകുമാരൻ എപ്സ്റ്റീന്റെ ഏറ്റവും ഉന്നതരായ കൂട്ടാളികളിൽ ഒരാളായിരുന്നു എന്നാണ് വിവരം. എപ്സ്റ്റീൻ ഫയൽസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ദശലക്ഷക്കണക്കിന് രേഖകൾ യുഎസ് നീതിന്യായ വകുപ്പ് കഴിഞ്ഞ മാസം പുറത്തുവിട്ടതിനെത്തുടർന്ന് ആൻഡ്രൂവിന്റെ എപ്സ്റ്റീനുമായുള്ള ബന്ധം വീണ്ടും ചർച്ചയാവുകയായിരുന്നു.
പുറത്തുവന്ന ഡാറ്റകളിൽ നിരവധി ഫോട്ടോകളും എപ്സ്റ്റീനുമായുള്ള മുൻ രാജകുമാരന്റെ ഇമെയിൽ കത്തിടപാടുകളും ഉൾപ്പെടുന്നുണ്ട്. ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് എപ്സ്റ്റീനെ ക്ഷക്ഷണിച്ചതും ഇതിൽ ഉൾപ്പെടുന്നു. എപ്സ്റ്റീന് ആൻഡ്രൂകൈമാറിയ രഹസ്യ വിവരങ്ങളിൽ, യുകെ സർക്കാരിന്റെ അഫ്ഗാനിസ്ഥാനിലെ സ്വർണ്ണത്തിലും യുറേനിയത്തിലുമുള്ള നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള ഒരു മെമ്മോ ഉൾപ്പെടുന്നു എന്നാണ് പറയപ്പെടുന്നത്.
ALSO READ: വികൃതമാക്കിയ മൃതദേഹങ്ങൾക്കിടയിൽ മകനെ തിരഞ്ഞ് ഒരമ്മ; ഗാസയിലെ മനുഷ്യരുടെ ദുരിതക്കാഴ്ച
രേഖകൾ പ്രകാരം, സിംഗപ്പൂർ, വിയറ്റ്നാം, ചൈന, ഹോങ്കോംഗ് എന്നിവിടങ്ങളിലേക്കുള്ള വ്യാപാര ദൗത്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ആൻഡ്രൂ വെളിപ്പെടുത്തി. ഒരു വിദേശ ദൗത്യത്തെക്കുറിച്ചുള്ള ഔദ്യോഗിക റിപ്പോർട്ട് ലഭിച്ച് 30 മിനിറ്റിനുള്ളിൽ അത് എപ്സ്റ്റീന് കൈമാറി. അന്നത്തെ ഖത്തർ അമീർ ഹമദ് ബിൻ ഖലീഫ അൽ താനി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുൾപ്പെടെയുള്ള തന്റെ യാത്രകളിൽ കണ്ടുമുട്ടിയ ശക്തരായ വ്യക്തികൾക്ക് എപ്സ്റ്റീനെ പരിചയപ്പെടുത്താൻ ആൻഡ്രൂ തന്റെ സ്വാധീനം ഉപയോഗിക്കാൻ തയ്യാറായെന്നും ഇമെയിലുകൾ വ്യക്തമാക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


