
ഓസ്ട്രിയയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഗ്രോസ്‌ഗ്ലോക്നറിൽ മലകയറ്റത്തിനിടെ കാമുകൻ ഉപേക്ഷിച്ചതിനെ തുടർന്ന് തണുത്തുറഞ്ഞ് മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. സാൽസ്‌ബെർഗ് സ്വദേശിനിയും മുപ്പത്തിമൂന്നുകാരിയുമായ കെർസ്റ്റിൻ ഗർട്ട്നർ ആണെന്ന് ആണ് കണ്ടെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ തന്നെ ‘വിന്റർ ചൈൽഡ്’ എന്നും ‘മൗണ്ടൻ പേഴ്‌സൺ’ എന്നും ആണ് ഇവർ അറിയപ്പെടുന്നത്. ഗുർട്ട്നറുടെ കാമുകനും പരിചയസമ്പന്നനായ ഗൈഡുമായ 39 വയസ്സുള്ള തോമസ് പ്ലാമ്പർഗറിന് എതിരെ ഗുരുതരമായ അശ്രദ്ധ മൂലമുള്ള നരഹത്യയ്ക്ക് (manslaughter by gross negligence) കേസ് എടുത്തിട്ടുണ്ട്.
ഈ വർഷം ജനുവരിയിലാണ് ഇരുവാട്ടും ചേർന്ന് പർവതം കയറാൻ തുടങ്ങിയത്. നിശ്ചയിച്ച സമയത്തേക്കാൾ രണ്ട് മണിക്കൂർ വൈകി ആയിരുന്നു ഇവരുടെ യാത്ര. കയറ്റത്തിനിടെ മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പും ചുഴലിക്കാറ്റ് പോലുള്ള കാറ്റും ഉൾപ്പെടെ അതീവ ദുഷ്‌കരമായ കാലാവസ്ഥ ആണ് ഇവരെ തേടിയെത്തിയത്. കൊടുമുടിക്ക് ഏകദേശം 150 അടി (50 മീറ്റർ) താഴെവെച്ച് ഗുർട്ട്നർ തളരുകയും ഹൈപ്പോഥെർമിയ ബാധിച്ച് ദിശാബോധം നഷ്ടപ്പെട്ട അവസ്ഥയിലാവുകയും ചെയ്തു.
ALSO READ: ഹിജാബ് ധരിക്കാതെ മാരത്തോണിൽ പങ്കെടുത്തു സംഘാടകരെ അറസ്റ്റ് ചെയ്ത് ഇറാൻ
പുലർച്ചെ 2 മണിയോടെ സഹായം തേടിപ്പോവാനായി പ്ലാമ്പർഗർ ഗുർട്ട്നറെ ‘സുരക്ഷയില്ലാതെ’ ഉപേക്ഷിച്ചുവെന്നാണ് പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നത്. തണുപ്പിൽ നിന്ന് സംരക്ഷിക്കാൻ ലഭ്യമായ എമർജൻസി പുതപ്പുകളോ ബിവോവാക്ക് സാക്കോ ഉപയോഗിക്കാൻ ഇയാൾ തയ്യാറായില്ല. മാത്രമല്ല, രക്ഷാപ്രവർത്തകരെ ബന്ധപ്പെടാൻ മണിക്കൂറുകൾ വൈകിയെന്നും ആദ്യത്തെ കോളിന് ശേഷം ഫോൺ സൈലന്റിലിട്ട് തുടർന്ന് വന്ന കോളുകൾക്ക് മറുപടി നൽകിയില്ലെന്നും റിപ്പോർട്ടുകളുണ്ട്. കൊടുമുടിയിൽ നിന്ന് ഒരാളുടെ ഹെഡ്ടോർച്ച് മാത്രം ദൂരേക്ക് പോകുന്നതിന്റെ വെബ്ക്യാം ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
ഉയർന്ന കാറ്റ് കാരണം അടുത്ത ദിവസം രാവിലെ മാത്രമാണ് രക്ഷാപ്രവർത്തകർക്ക് ഗുർട്ട്നറുടെ അടുത്തെത്താൻ സാധിച്ചത്, അപ്പോഴേക്കും അവർ മരിച്ചിരുന്നു. താൻ ചെയ്തത് ‘ദുരന്തകരവും വിധിപരമായതുമായ അപകടം’ ആയിരുന്നുവെന്നാണ് പ്ലാമ്പർഗറിന്റെ അഭിഭാഷകൻ വാദിക്കുന്നത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പ്ലാമ്പർഗറിന് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. കേസ് 2026 ഫെബ്രുവരി 19-ന് ഇൻസ്ബ്രൂക്ക് റീജിയണൽ കോടതിയിൽ പരിഗണിക്കും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

