
പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ അമേരിക്കയുടെ മൂന്ന് എഫ്-15ഇ ‘സ്ട്രൈക്ക് ഈഗിൾ’ (F-15E Strike Eagle) യുദ്ധവിമാനങ്ങൾ കുവൈറ്റ് വ്യോമ പ്രതിരോധ സേന അബദ്ധത്തിൽ വെടിവെച്ചിട്ടു.’ഫ്രണ്ട്‌ലി ഫയർ’ (Friendly Fire) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന ആറ് പേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തിങ്കളാഴ്ച പുലർച്ചെ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ ഭാഗമായി പറക്കുകയായിരുന്ന വിമാനങ്ങളാണ് കുവൈറ്റ് വ്യോമ പ്രതിരോധ സേന അബദ്ധത്തിൽ വെടിവെച്ചിട്ടത്. കുവൈറ്റ് സൈന്യം തങ്ങളുടെ പ്രതിരോധ സംവിധാനം ഉപയോഗിച്ച് അബദ്ധത്തിൽ ഈ വിമാനങ്ങളെ ലക്ഷ്യം വെക്കുകയായിരുന്നുവെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) സ്ഥിരീകരിച്ചു. വിമാനങ്ങൾ ആകാശത്ത് വെച്ച് കത്തിയമരുന്നതിന്റെയും പൈലറ്റുമാർ പാരച്യൂട്ട് വഴി പുറത്തേക്ക് ചാടുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പൈലറ്റുമാരെ സുരക്ഷിതമായി കണ്ടെത്തിയതായും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
ALSO READ: ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ്-ഇസ്രായേൽ ആക്രമണം ? റിപ്പോർട്ടുകൾ തള്ളി ഐഎഇഎ
ഇറാൻ – ഇസ്രായേൽ സംഘർഷം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഈ അപകടം നടന്നത്. യുദ്ധത്തിന്റെ ആദ്യ ദിനം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് മേഖലയിൽ വലിയ തിരിച്ചടികളാണ് ഇറാൻ നടത്തിവരുന്നത്. ഇസ്രായേലിനും മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്കും നേരെ ഇറാൻ വ്യാപകമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടിരിക്കുകയാണ്.
സൗദി അറേബ്യയിലെ പ്രധാന എണ്ണശുദ്ധീകരണ ശാലയായ രാസ് തനൂറയ്ക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതിനെത്തുടർന്ന് പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ഇത് ആഗോള വിപണിയിൽ എണ്ണവില വർദ്ധിപ്പിക്കാൻ കാരണമായേക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

