“വർത്തമാന ഇന്ത്യയിൽ ഒരു രാജ്യം ഒരു ദൈവമെന്ന ആശയം ഭീതിയുണ്ടാക്കുന്നു, ഇത് വരാൻ പോകുന്ന കാലത്തിന്റെ സൂചന”: കെആർ മീര

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയിൽ പ്രതികരിച്ച് എഴുത്തുകാരി കെആർ മീര. വർത്തമാന ഇന്ത്യയിൽ ഒരു രാജ്യം ഒരു ദൈവമെന്ന ആശയം ഭീതിയുണ്ടാക്കുന്നു, ഇത് വരാൻ പോകുന്ന കാലത്തിന്റെ സൂചനയാണെന്ന് കെആർ മീര പറഞ്ഞു. അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ കൈരളി ന്യൂസിനോട് പ്രതികരിക്കവേയാണ് കെആർ മീര ഇക്കാര്യം പറഞ്ഞത്.

“ചില വിഷയങ്ങൾ ഇട്ടു തന്ന് മനുഷ്യരെക്കൊണ്ട് അതിന്റെ രണ്ട് വശവും പറയിപ്പിച്ച് അതിനെ ജനമനസുകളിൽ അടിച്ചേൽപ്പിക്കുന്ന തന്ത്രമാണ് ആർ എസ് എസും ബിജെപിയും കഴിഞ്ഞ കുറേക്കാലമായി ചെയ്യുന്നത്. അതിനാൽ തന്നെ ഈ വിഷയത്തെക്കുറിച്ച് അധികം സംസാരിക്കാത്തതാണ് നല്ലത്. ഈ രാമക്ഷേത്രവും, പ്രാണപ്രതിഷ്ഠയുമെല്ലാം ഇത്രയധികം ചർച്ച ചെയ്യുന്നതുവഴിയും ഇത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിൽ വിശ്വാസമുള്ള ഈ രാജ്യത്തെ ആളുകൾ അത് കാണാതെ പോകുന്നു. ഇനിയും അവർ ഇത്തരം വിഷയങ്ങൾ ഇട്ടു തന്നുകൊണ്ടേയിരിക്കും. ഇതിനെക്കുറിച്ച് ആളുകൾ ചർച്ച ചെയ്തുകൊണ്ടേയിരിക്കും. ഈ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന തീരുമാനങ്ങളെടുക്കാൻ നമ്മൾ നിർബന്ധിതരാകും. അത്തരമൊരു കെണിയിലാണ് നമ്മളിപ്പോൾ പെട്ടിരിക്കുന്നത്.

Also Read; എത്ര വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചാലും മായില്ല കൊന്നതിന്റെയും കൊല്ലിച്ചതിന്റെയും പാപക്കറ, പ്രതിഷ്ഠാദിനമല്ല ഗ്രഹാം ഗ്രഹാം സ്റ്റൈൻസിനെയും കുടുംബത്തെയും ചുട്ടുകൊന്ന ദിനം

എന്നെ സംബന്ധിച്ചിടത്തോളം രാമായണത്തിലെ ഒരു കഥാപാത്രം മാത്രമാണ് രാമൻ. ഒരു വിശ്വാസിയെന്ന നിലയിൽ താൻ രാമ ഭക്തനുമല്ല. രാമനെ ദൈവമായി അംഗീകരിക്കാൻ തനിക്ക് കുട്ടിക്കാലത്തൊന്നും ആരും പറഞ്ഞുതന്നിട്ടുമില്ല. അമർ ചിത്രകഥകളിലൂടെയും, പാഠപുസ്തകത്തിലെ ഉദ്ധരണികളിലൂടെയും മറ്റുമാണ് രാമനെക്കുറിച്ച് അറിയുന്നത്. 90-കളുടെ തുടക്കം മുതലാണ് വീടുകളിലും പൂജാമുറികളുടേയുമൊക്കെ ഉള്ളിലേക്ക് രാമ ഭക്തി കടന്നുവരികയും പ്രചരിക്കപ്പെടുകയുമൊക്കെ ചെയ്തത്. അതൊക്കെ തീർത്തും യാദൃശ്ചികമല്ല എന്നും ഒരു ശക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നുവെന്നും ഇപ്പോൾ തിരിച്ചറിയുന്നു.

ആധ്യാത്മ രാമായണം വായിച്ചില്ലെങ്കിൽ മലയാളം പഠിക്കാൻ പറ്റില്ലെന്ന ധാരണയിലാണ് താൻ വളരെ വൈകി രാമായണം വായിച്ച് തുടങ്ങിയത്. 30 വർഷത്തോളം നീണ്ടുനിന്ന ഒരു പദ്ധതിയുടെ ഭാഗമായി മറ്റൊരു ദൈവത്തെ നമ്മുടെ നാട്ടിലേക്ക്, ജീവിതങ്ങളിലേക്ക്, വീടുകളിലേക്ക് ഒക്കെ കൊണ്ടുവരികയായിരുന്നു. രാമായണം പോലുള്ള ടിവി സീരിയലുകൾ പോലും അതിന് ഒരുപാട് സഹായിച്ചിട്ടുണ്ട്. വർത്തമാന കാലത്തിലേക്ക് വരുമ്പോൾ ഒരു രാജ്യത്ത് ഒരു ദൈവമെന്ന ആശയമൊക്കെ ഒരുപാട് ഭീതിയുണ്ടാക്കുന്നവയാണ്. ഇനി വരാൻ പോകുന്ന കാലത്തിനെ ഒരു സൂചനായായിട്ടാണ് ഞാനിതിനെ കാണുന്നത്.” ജനാധിപത്യ ധ്വംസനത്തിന്‍റെ ആഘോഷമാണ് അയോധ്യയില്‍ നടക്കുന്നതെന്നും എ‍ഴുത്തുകാരി കെആര്‍ മീര കൂട്ടിച്ചേർത്തു.

Also Read; ക്ഷേത്രപ്രവേശനത്തിന് എത്തിയ രാഹുല്‍ഗാന്ധിയെ തടഞ്ഞ് അസം പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News