
ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 23 കാരന് മരുന്ന് മാറി കുത്തി വെച്ചതായി പരാതി. ക്യാൻസർ രോഗിക്ക് കൊടുക്കുന്ന മരുന്നു മകന് കുത്തിവെച്ചുവെന്നാണ് അമ്മയുടെ പരാതി. പുന്നപ്ര കുറവൻ തോട് സ്വദേശി ആദർശ് എന്ന ചെറുപ്പക്കാരനാണ് മരുന്നു മാറി നൽകിയത്. ഇതേത്തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ട ആദർശിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
ഇക്കഴിഞ്ഞ 14നാണ് പനിയെ തുടർന്ന് ആദർശിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ രോഗിക്ക് മഞ്ഞപ്പിത്തം ആണെന്ന് സ്ഥിരീകരിച്ചു. ഇതിന്റെ ചികിത്സ നൽകിവരുന്നതിനിടയിലാണ് സമീപത്തെ ക്യാൻസർ രോഗിക്ക് കൊടുക്കേണ്ട മരുന്ന് തന്റെ മകന് കുത്തിവച്ചതെന്ന് അമ്മ പറഞ്ഞു.
വാർത്ത വന്നതിനെത്തുടർന്ന് സൂപ്രണ്ടിന്റെ റൂമിൽ വിളിച്ച് പ്രശ്നം പരിഹരിക്കാം എന്ന് ഉറപ്പുനൽകിയെങ്കിലും ഇവർ ഡിസ്ചാർജ് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയിൽ അമ്പലപ്പുഴ എംഎൽഎയോടെ കാര്യം അവതരിപ്പിച്ചപ്പോൾ എംഎൽഎയുടെ ഭാഗത്ത് നിന്ന് ഭീഷണി ഉണ്ടായതായും ഇവർ പറയുന്നു. പരാതി നൽകുമെന്ന് അറിയിച്ചപ്പോൾ മകന് മാനസിക രോഗിയാക്കാനുള്ള ശ്രമമാണ് ഇപ്പോൾ മെഡിക്കൽ കോളജിലെ ചില ഡോക്ടർമാർ ചെയ്യുന്നതെന്നും അമ്മ ആരോപിക്കുന്നു.
Also Read: സിപിഐഎമ്മിനെ ഇഡിയെ ഉപയോഗിച്ച് വേട്ടയാടുകയാണ് കേന്ദ്ര സർക്കാർ: എം വി ഗോവിന്ദൻ മാസ്റ്റർ
മരുന്നുമാറി കുത്തിവെച്ചതിനെത്തുടർന്ന് മൂത്രത്തിൽ രക്തത്തിന്റെ അംശം കാണപ്പെടുകയും ചർദ്ദിയും കടുത്ത നെഞ്ചുവേദനയും അനുഭവപ്പെടുകയും ചെയ്തതായി ആദർശ് പറയുന്നു. ഉച്ചയ്ക്കുശേഷം ആദർശിനെ മറ്റൊരാശുപത്രിയിലേക്ക് മാറ്റി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

