
പ്രഥമ ലോകകിരീടമെന്ന ചരിത്ര സ്വപ്നത്തിലേക്ക് കൂടുതൽ അടുത്ത് ദക്ഷിണാഫ്രിക്ക. ലോര്‍ഡ്സില്‍ നടക്കുന്ന ഐ സി സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ 69 റണ്‍സ് കൂടി മതി. എട്ട് വിക്കറ്റുകള്‍ കൈയിലുണ്ട്. എതിരാളികളായ ഓസീസിന് ജയിക്കാൻ അത്ഭുതങ്ങൾ സംഭവിക്കണം.
282 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന പ്രോട്ടീസ്, മൂന്നാം ദിനം സ്റ്റമ്പ് എടുക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടി. ഓപ്പണര്‍ ഐഡന്‍ മാര്‍ക്രം സെഞ്ചുറി (159 പന്തില്‍ 102 റണ്‍സ്* ) നേടി. അർധശതകവുമായി (121 പന്തില്‍ 65*) ക്യാപ്റ്റന്‍ ടെംബ ബാവുമ കട്ടയ്ക്ക് കൂടെയുണ്ട്. ഇരുവരും ചേര്‍ന്ന് 143 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
Read Also: ആദ്യ ഇന്നിങ്സിൽ തകർന്ന് ദക്ഷിണാഫ്രിക്ക: തകർത്ത് പാറ്റ് കമ്മിൻസ്
റയാന്‍ റിക്കല്‍ട്ടണിനെയും വിയാന്‍ മള്‍ഡറിനെയും പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്ക് ഓസ്ട്രേലിയക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍, പിച്ച് പതുക്കെ ബാറ്റിങിന് അനുകൂലമാകുകയും ബാവുമയും മാർക്രമും നിലയുറപ്പിക്കുകയും ചെയ്തു. ക്രിക്കറ്റിൽ ഏറെ കാലമായി കരുത്തുള്ള ടീമായി നിലനിൽക്കുന്നുവെങ്കിലും ദക്ഷിണാഫ്രിക്കൻ പുരുഷ ടീം ഇതുവരെ ഒരു ഫോർമാറ്റിലും ലോകകിരീടം നേടിയിട്ടില്ല. സ്കോർ: ഓസ്ട്രേലിയ- 212, 207. ദക്ഷിണാഫ്രിക്ക- 138, 213/2.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here