
അപ്രതീക്ഷിതമായിട്ടായിരുന്നു വാഹനാപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛന്റെ മരണം. താരത്തിനെ പോലെ തന്നെ താരത്തിന്റെ അച്ഛനെയും ആളുകൾ ഓർക്കും, മകനൊപ്പം ആ അച്ഛനെയും മലയാളികൾ കഴിഞ്ഞ കുറച്ചുനാളായി കാണുന്നുണ്ട്. കഴിഞ്ഞദിവസം ഷൈൻ ടോം ചാക്കോയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സി പി ചാക്കോയും വീട്ടുകാരും ഒരുമിച്ചുള്ള ബെംഗളൂരുവിലേക്കുള്ള യാത്ര ആണ് തീരാദുഖത്തിൽ കലാശിച്ചത്.
മകൻ സിനിമയിൽ തിരക്കുള്ള നടനായി മാറിയപ്പോൾ ഏറെ അഭിമാനിച്ചിരുന്ന വ്യക്തിയായിരുന്നു സി പി ചാക്കോ. മകന്റെ ആഗ്രഹങ്ങൾക്ക് ഒരിക്കലും തടസമായില്ലെന്നുമാത്രമല്ല അദ്ദേഹം അച്ഛനെന്ന നിലയിലായിരുന്നില്ല ഒപ്പം നിന്നിരുന്നത്. ഒരു മാനേജരെപ്പോലെ എന്നും കൂടെയുണ്ടായി. വിവാദങ്ങളുണ്ടായപ്പോഴെല്ലാം മകനെ ചേർത്തുപിടിച്ചു. തിരിച്ചൊരു ജീവിതത്തിലേക്ക് മകന് വഴികാട്ടിയായി. എന്നാൽ ആ മകന്റെ നല്ല ജീവിതം കാണാൻ നിൽക്കാതെ ആണ് ആ അച്ഛൻ വിട പറഞ്ഞിരിക്കുന്നത്. ഇപ്പോഴിതാ പ്രശസ്ത തിരക്കഥാകൃത്ത് എസ്എൽ സദാനന്ദന്റെ മകനും സിനിമാ സീരിയൽ നടനുമായ ജയസോമ അദ്ദേഹത്തെ കുറിച്ച് പങ്കുവച്ച ഹൃദയ സ്പർശിയായ ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഒരു ചിത്രത്തിലെ കഥ പറയാൻ പോയപ്പോഴുള്ള അനുഭവമാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. സ്വന്തം മകനെ നേർ വഴിക്കു നടത്താൻ വേണ്ടി ഈ പ്രായത്തിൽ ആ മകന്റെ കൂടെ തന്നെ താങ്ങായി തണലായി നടക്കുന്ന ആ പാവം മനുഷ്യൻ തന്റെ കണ്ണുകളെ ഈറൻ അണിയിച്ചു എന്ന് അദ്ദേഹം എഴുതുന്നു.
പോസ്റ്റിന്റെ പൂർണരൂപം
താങ്ങായി തണലായി ആ അച്ഛൻ 🙏
ഒരു സിനിമ സംവിധാനം ചെയ്യാനുള്ള സ്വപ്നവുമായി ഞാൻ നടക്കാൻ തുടങ്ങിയിട്ട് കുറച്ചു അധികം കാലം ആയല്ലോ? ഉടനെ ഞാൻ സംവിധായകൻ ആകും എന്ന് കരുതി കൂട്ട് കൂടിയവരൊക്കെ വിളിക്കാതെയും തിരക്കാതെയും ആയി.
പക്ഷേ എനിക്കതിൽ ദുഖിച്ചിരിക്കാൻ സമയം ഇല്ല. ഞാൻ എന്റെ തൊഴിലിനു വേണ്ടിയുള്ള അലച്ചിൽ തുടർന്നു കൊണ്ടേ ഇരുന്നു. ആ സമയത്ത് ഒരു നിർമ്മാതാവുമായി പരിചയപ്പെട്ടു. അദ്ദേഹത്തിനു എന്റെ കഥ ഇഷ്ടം ആയി. ചെയ്യാമെന്ന് സമ്മതിച്ചു. എന്റെ കഥാപാത്രത്തിനു ഏറ്റവും അനുയോജ്യനായ നടൻ ശ്രീ. ഷൈൻ ടോം ചാക്കോ ആണ്.
പക്ഷേ നിർമ്മാതാവിന് ഭയം. അയാളെ വച്ച് ശരിയാവില്ല. ഷൂട്ട് നടക്കില്ല. നിർമ്മാതാവിന് ശ്രീ. ധ്യാൻ ശ്രീനിവാസനെ മതി. ആയിക്കോട്ടെ. എനിക്ക് എന്റെ പണിയിൽ വിശ്വാസം ഉള്ളത് കൊണ്ട് ഞാൻ ആരായാലും ഒക്കെ. സിനിമ നടന്നാൽ മതി.
അങ്ങനെ ധ്യാൻ നെ പാലക്കാട് പോയി കണ്ടു. പക്ഷേ ഡേറ്റ് ഇല്ല. അങ്ങനെ പലരെയും തിരക്കി അവസാനം ഷൈൻ ടോം ചാക്കോ എന്ന എന്റെ നടന്റെ അടുത്ത് തന്നെ പോകാൻ തീരുമാനിച്ചു. ജയസോമ ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കണം. ആയിക്കോട്ടെ. ലൈഫിൽ എന്തെങ്കിലും റിസ്ക് എടുക്കാതെ എന്തെങ്കിലും നേടാൻ പറ്റുമോ? ജീവിതം മുഴുവൻ റിസ്കിലൂടെ ആണ് പോകുന്നത്. ഇതും കൂടി ഇരിക്കട്ടെ എന്ന് കരുതി. അങ്ങനെ കൺട്രോളർ ആന്റണി എലൂരും ഞാനും കൂടി ഷൈൻ നെ കാണാൻ വാഗമണിലേക്ക് പോകുന്നു. അവിടെ ചെന്ന ഞങ്ങളെ സ്വീകരിച്ചത് ഷൈൻ ടോം ന്റെ അച്ഛൻ ആയിരുന്നു. സ്നേഹമുള്ള ഒരു പാവം മനുഷ്യൻ. ❤
കഥ പറയാനായി ഷൈൻ നെ തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞു, ഷൈൻ പുറത്ത് പോയി. അവന്റെ സിസ്റ്റർ വന്നിട്ടുണ്ട്. അമ്മയെയും സിസ്റ്ററെയും കൂട്ടി
പുറത്ത് കറങ്ങാൻ പോയി എന്ന്. ഞാൻ മൂഡ് ഔട്ട് ആയി. അപ്പോൾ കഥ എപ്പോൾ പറയും? ആന്റണി ചോദിച്ചു.
കഥ എന്നോട് പറഞ്ഞോളൂ. ഞാൻ ആണിപ്പോൾ കഥ കേൾക്കുന്നത്.അച്ഛൻ പറഞ്ഞു. എനിക്ക് അത് അത്ര താല്പര്യം ഉള്ള കാര്യം അല്ല. അഭിനയിക്കുന്ന ആളാണ് കഥ കേൾക്കണ്ടത്. നമ്മൾ കഥ പറഞ്ഞു കൊടുക്കുന്നത് പോലെ ആവില്ല ഒരാൾ കേട്ട് ചെന്ന് പറയുന്നത്. ആന ഏത് ആന പിണ്ഡം ഏത് എന്നറിയാത്ത കല തൊട്ടു തീണ്ടിയിട്ടില്ലാത്ത ചില മാനേജരന്മാരെ ചുമന്നു പണി മേടിച്ച ചില നടന്മാരെ നമ്മൾ ഈ അടുത്ത സമയത്ത് കണ്ടല്ലോ?
എന്ത് ചെയ്യാം പ്രൊജക്റ്റ് നടക്കണ്ടേ?
കഥ പറഞ്ഞു. അദ്ദേഹം ശ്രദ്ധാപൂർവ്വം അത് കേട്ടു. കഥ പറയുന്നതിനിടയ്ക്ക് ഷൈൻ കയറി വന്നു. ഈ സമയം ആ അച്ഛന്റെ മുഖത്ത് ഞാൻ ഒരു ടെൻഷൻ കണ്ടു. കൺട്രോളർ എന്നെ പരിചയപ്പെടുത്തി. വളരെ മാന്യമായി ഷൈൻ കൈ തന്ന് പരിചയപ്പെട്ടു. കഥ പറഞ്ഞോളൂ എന്ന് പറഞ്ഞു അകത്തേക്കു പോയി.
ഞങ്ങൾ വീണ്ടും കഥ തുടർന്നു. പിന്നെ കഥ കേൾക്കുമ്പോൾ അച്ഛന് ശ്രദ്ധ കിട്ടുന്നില്ല എന്ന് എനിക്ക് തോന്നി. അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. എനിക്ക് അത് വല്ലാതെ വേദനിച്ചു. ഞാൻ എന്റെ അച്ഛനെ ഒത്തിരി സ്നേഹിക്കുന്ന ഒരാൾ ആണ്. സ്വന്തം മകനെ നേർ വഴിക്കു നടത്താൻ വേണ്ടി ഈ പ്രായത്തിൽ ആ മകന്റെ കൂടെ തന്നെ താങ്ങായി തണലായി നടക്കുന്ന ആ പാവം മനുഷ്യൻ എന്റെ കണ്ണുകളെ ഈറൻ അണിയിച്ചു. വീട്ടിൽ വിശ്രമിക്കേണ്ട സമയത്താണ് ആ അച്ഛനും അമ്മയും മകന്റെ കൂടെ മഞ്ഞിലും മഴയത്തും വെയിലത്തും ഇങ്ങനെ നടക്കുന്നത്. ആ സ്നേഹവും കെയറും മയക്ക് മരുന്നിനെ സ്നേഹിച്ച മകന് മനസ്സിലാകുന്നില്ലല്ലോ എന്നോർത്ത് ഞാൻ സങ്കടപ്പെട്ടു.ഷൈൻ നല്ല ഒന്നാം തരം നടനാണ്. പക്ഷേ അദ്ദേഹം അദ്ദേഹത്തിന്റെ കഴിവിനെ പ്രണയിച്ചില്ല. സ്നേഹിച്ചില്ല. സ്നേഹിക്കാൻ മയക്ക് മരുന്ന് സമ്മതിച്ചില്ല.
ഞങ്ങൾ കഥ പറഞ്ഞു എണീറ്റു. ഞാൻ അവനോടു പറഞ്ഞിട്ട് അറിയിക്കാം. അച്ഛൻ പറഞ്ഞു.
ആയിക്കോട്ടെ.
അച്ഛന് കഥ ഇഷ്ടപ്പെട്ടോ?
ആന്റണി ചോദിച്ചു.
എനിക്ക് ഇഷ്ടം ആയി.
അവൻ കേട്ടിട്ട് എന്ത് പറയുമെന്ന് അറിയില്ലല്ലോ?അച്ഛൻ പറഞ്ഞു.
ഞങ്ങൾ വേണമെങ്കിൽ ഇവിടെ നിൽക്കണോ? അദ്ദേഹത്തോട് നേരിട്ട് കഥ പറഞ്ഞിട്ട് പോകാം. ഞാൻ പറഞ്ഞു.
വേണ്ട. ഞാൻ പറഞ്ഞിട്ട് വിളിക്കാം.
യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി.
ഡ്രൈവ് ചെയ്യുന്ന സമയത്തൊക്കെ ആ അച്ഛന്റെ മുഖം ആയിരുന്നു മനസ്സിൽ.
ഇത് നടക്കുമോ ആന്റണി ഭായ്?
നടക്കും നമ്മൾ നടത്തും ഭായ്. ആന്റണി പറഞ്ഞു.
ആന്റണി അങ്ങനെ ആണ് നമ്മളെ തളർത്തില്ല. ഭയങ്കര ദൈവ വിശ്വാസി ആണ്. പുതിയതായി സിനിമ ചെയ്യാൻ വരുന്നവരുടെ പ്രശ്നങ്ങൾ നന്നായി അറിഞ്ഞു കൂടെ നിൽക്കും. ആസാദി സിനിമയുടെ സംവിധായകൻ ജോ ആണ് എന്നെ പരിചയപ്പെടുത്തിയത്.
ഏത് സമയത്തും നമുക്ക് വിളിക്കാം സംസാരിക്കാം.ഒരു മുഷിപ്പും കാണിക്കില്ല.
അങ്ങനെ നാട്ടിൽ വന്നു. നിർമ്മാതാവിനോട് ഒരു കള്ളം പറഞ്ഞു. ഷൈൻ നേരിട്ട് കഥ കേട്ടുവെന്ന്. അങ്ങനെ ഒരാഴ്ച കഴിഞ്ഞു ഷൈൻ ന്റെ അച്ഛനെ വിളിച്ചു. ഷൈൻ സബ്ജെക്ട് കേട്ടു. ഒക്കെ ആണ്. മറ്റ് കാര്യങ്ങൾ ചെയ്തോളു. എനിക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്നറിയില്ല. അഡ്വാൻസ് കൊടുക്കാൻ ഒരാഴ്ച്ച സമയം ചോദിച്ചു. നിർമ്മാതാവ് വിദേശത്ത് ആണ്. സമയം തന്നു. ബാക്കിയുള്ള നടീ നടന്മാരെ തിരച്ചിൽ തുടെങ്ങി.
ഈ സമയം ഷൈൻ തന്റെ ലീലാ വിലാസങ്ങൾ തുടെങ്ങിയിരുന്നു. ആരോചകമായ അഭിമുഖങ്ങൾ, വെറുപ്പിക്കുന്ന ചില പെരുമാറ്റങ്ങൾ. ഇതെല്ലാം മൊബൈലിൽ കാണുമ്പോൾ എന്റെ ചങ്ക് തകർന്നു. എന്റെ നിർമ്മാതാവ് ഇതൊക്കെ കണ്ടാൽ ഈ പ്രൊജക്റ്റ് നടക്കില്ല. അദ്ദേഹത്തെ കുറ്റം പറയാൻ പറ്റില്ല. കോടികൾ വച്ച് റിസ്ക് എടുക്കാൻ ആരാണ് തയ്യാറാവുക?
ഞാൻ പേടിച്ചത് തന്നെ സംഭവിച്ചു. അദ്ദേഹം പിൻമാറി.
ഞാൻ ഒന്ന് തളർന്നു പോയി. പക്ഷേ ആന്റണി യെ വിളിച്ചപ്പോൾ വീണ്ടും പഴയ എനെർജി തിരിച്ചു കിട്ടി. അങ്ങനെ നിമ്മാതാവിനെ തിരക്കി അലച്ചിൽ തുടങ്ങി. അങ്ങനെ നിൽക്കുമ്പോൾ ആണ് ഷൈൻ ഹോട്ടലിൽ നിന്ന് ചാടുന്നതും പോലീസ് കേസ് ആകുന്നതും.
ഇനി തല്ക്കാലം നോക്കണ്ട. പ്രശ്നങ്ങൾ കഴിയട്ടെ.
വേറേ സബ്ജെക്ട് എഴുതാൻ തുടെങ്ങി.
അങ്ങനെ ഇരിക്കെ ആലപ്പുഴ BROTHERS ഹോട്ടലിൽ വച്ച് ഷൈൻ ന്റെ അച്ഛനെയും അമ്മയെയും കണ്ടു. ഷൈൻ നെയും കൊണ്ട് കേസ് സംബന്ധമായി ആലപ്പുഴ വന്നതാണ്.
ആഹാരം കഴിച്ചു പുറത്തേക്ക് വന്ന അദ്ദേഹത്തെ ഞാൻ ചെന്ന് കണ്ടു.
ഞാൻ ജയസോമ. കൺട്രോളർ ആന്റണി യുമായി വാഗമൺ വന്നു കഥ പറഞ്ഞിരുന്നു. അദ്ദേഹം ചിരിച്ചിട്ട് ഓർക്കുന്നുണ്ട് എന്ന് പറഞ്ഞു. പക്ഷേ എന്റെ മുഖത്ത് നോക്കാൻ അദ്ദേഹം പാട് പെടുന്നുണ്ടായിരുന്നു.
ഞാൻ ഷൈൻ നെ തിരക്കി. അവനെ ചോദ്യം ചെയ്യാൻ കയറ്റിയിരിക്കുകയാണ്. ഞങ്ങൾ പ്രായം അല്ലേ വിശപ്പ് അധികം പിടിച്ചു നിൽക്കാൻ പറ്റില്ല. അവന്റെ അമ്മയും കൂടെ ഉണ്ട്. അമ്മയെ എന്നെ പരിചയപ്പെടുത്തി. ഷൈൻ ന്റെ അടുത്ത് കഥ പറഞ്ഞ ആളാണ്. ജയസോമ.
ആ ‘അമ്മ എന്നെ നോക്കി ചിരിച്ചു. മനസ്സ് വിങ്ങി പൊട്ടുന്ന ഒരു ചിരി.
എനിക്കിതൊക്കെ കാണാൻ വലിയ ബുദ്ധിമുട്ടാണ്.
“എല്ലാം ശെരിയാകും”.
രണ്ട് പേരോടുമായി ഞാൻ പറഞ്ഞു.
ഒരു പ്രത്യേക തരത്തിലുള്ള, വർണ്ണിക്കാൻ പറ്റാത്ത, എഴുതി ഫലിപ്പിക്കാൻ വാക്കുകൾ ഇല്ലാത്ത ഒരു ചിരി.
“ശരി കാണാം”
എന്ന് പറഞ്ഞു അച്ഛൻ അമ്മയോടൊപ്പം യാത്ര പറഞ്ഞു പോയി.
ആ അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഇന്ന് ആ പാവം മനുഷ്യൻ മകൻ നേർ ജീവിതം നയിക്കുന്നത് കാണാൻ ഭാഗ്യം ഇല്ലാതെ ഒറ്റയ്ക്ക് യാത്രയായി. ഈ ലോകത്ത് നിന്ന്.
മകന് വേണ്ടി താങ്ങായി തണലായി നിന്ന ആ അച്ഛനോട് അല്പം സ്നേഹമുണ്ടെങ്കിൽ ഷൈൻ ജീവിച്ചു കാണിക്കണം മയക്ക് മരുന്നില്ലാത്ത ഒരു ജീവിതം.
നേടിയെടുക്കണം ആരും കൊതിക്കുന്ന നേട്ടങ്ങൾ.
സ്കൂളുകളിലും കോളേജുകളിലും ഷൈൻ പ്രസംഗിക്കണം മയക്ക് മരുന്നിനെതിരെ. അത് കൊണ്ടുള്ള ദൂഷ്യ വശങ്ങൾ യുവാക്കളെ പറഞ്ഞു മനസ്സിലാക്കണം. കാരണം അതിൽ നിന്ന് മോചനം കിട്ടിയ ആൾക്കേ അതിന്റെ ദൂഷ്യ വശങ്ങൾ കൃത്യമായി പറഞ്ഞു കൊടുക്കാൻ പറ്റു.
സർക്കാർ അതിനുള്ള അവസരം ഉണ്ടാക്കണം. കാരണം ഷൈൻ തെറ്റ് ഏറ്റു പറഞ്ഞു തിരുത്തി വന്നവനാണ്. അദ്ദേഹത്തെ മുൻ നിർത്തിയാണ് മയക്ക് മരുന്നിനെതിരെ ബോധവൽക്കരണം നടത്തണ്ടത്.
ഷൈൻ നിങ്ങൾ തിരിച്ചു വരണം. നിങ്ങൾ നല്ല അഭിനേതാവ് ആണ്.
മകന് വേണ്ടി വിഷമിച്ച ആ അച്ഛന്റെ മനസ്സിന് പകരമായി ആ അച്ഛന്റെ ആത്മാവിന്റെ മനസ്സ് സന്തോഷം കൊണ്ട് നിറയ്ക്കാൻ താങ്കൾക്ക് കഴിയണം.
ആ നല്ല അച്ഛന്
🌹ആദരാഞ്ജലികൾ🌹

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here