
ഏവർക്കും പ്രിയപ്പെട്ട ഇന്ത്യൻ റാപ്പറും സംഗീതജ്ഞനുമാണ് യോ യോ ഹണി സിങ്. തന്റെ ജീവിതത്തിലെ കഠിനമായ അവസ്ഥയിലൂടെ ആണ് അദ്ദേഹം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ബൈപോളാർ ഡിസോർഡറിനെക്കുറിച്ചും തനിക്ക് ലഹരിയോടുണ്ടായിരുന്ന കടുത്ത ആസക്തിയെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. എല്ലാതരത്തിലും ജീവിതം തകർന്നെന്ന് തോന്നിയെന്നും മരിച്ചാൽ മതിയെന്ന് പ്രാർഥിച്ച ദിനങ്ങളായിരുന്നു അതെന്നും ഗായകൻ പറയുന്നു.
2014-ൽ തന്റെ കരിയറിന്റെ ഏറ്റവും സുവർണ്ണ കാലഘട്ടത്തിലൂടെ ആയിരുന്നു അദ്ദേഹം കടന്നുപോയിക്കൊണ്ടിരുന്നത്. ‘ചാർ ബോട്ടിൽ വോഡ്ക’, ‘സണ്ണി സണ്ണി’, ‘ദേശി കലാകാർ’ തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ പോപ്പ് സൂപ്പർസ്റ്റാറായി അദ്ദേഹം തിളങ്ങി നിൽക്കുന്ന സമയമായിരുന്നു അത്. പക്ഷേ അപ്പോഴാണ് എനിക്ക് ബൈപോളാർ ഡിസോർഡറിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. എന്റെ ആരാധകർ എന്നെ ആ അവസ്ഥയിൽ കാണണമെന്ന് എനിക്ക് ആഗ്രഹമില്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ വീടിനുള്ളിൽ തന്നെ അടച്ചിരുന്നു. സുഹൃത്തുക്കളെ പോലും കണ്ടില്ല. ഫോൺ കോളുകളോ ടിവിയോ ഇന്റർനെറ്റോ ഒന്നും ഉണ്ടായിരുന്നില്ല.
ALSO READ: ‘ചില കാര്യങ്ങൾ നിങ്ങളുടെ കൈകളിലല്ല’; ടൈഗർ ഷ്രോഫിന്റെ തുടർച്ചയായ സിനിമാ പരാജയങ്ങളിൽ ജാക്കി ഷ്രോഫ്
എന്റെ ദേഹത്ത് പിശാച് കയറിയെന്ന് വരെ ആളുകൾ കരുതി. മൂന്ന് വർഷത്തോളം ഞാൻ എന്റെ കിടപ്പുമുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയില്ല. കുളിക്കുമ്പോൾ പോലും, മരിക്കുമോ എന്ന പേടി കാരണം ഞാൻ കുളിമുറിയുടെ വാതിൽ തുറന്നിടാറുണ്ടായിരുന്നു. ബൈപോളാർ ഡിസോർഡർ നിങ്ങളെ യഥാർഥമല്ലാത്ത വിനാശകരമായ ചിന്തകളിലേക്ക് കൊണ്ടുപോകും എന്നും അദ്ദേഹം പറഞ്ഞു.
2018 ലും 2019 ലും ഞാൻ മരിച്ചു പോയി എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. എന്റെ അമ്മ എനിക്ക് ഭക്ഷണം തരുമായിരുന്നു. അത് എന്റെ അവസാനത്തെ ഭക്ഷണമാണെന്ന് ഞാൻ കരുതുമായിരുന്നു. ഏഴു വർഷമായി ഞാൻ ഒരേ മരുന്ന് കഴിച്ചുകൊണ്ടിരുന്നു, എന്നിട്ടും സുഖം പ്രാപിച്ചില്ല. പക്ഷേ ഒടുവിൽ വീട്ടിൽ നിന്ന് ഇറങ്ങാൻ തീരുമാനിച്ചപ്പോൾ, ഞാൻ ഡോക്ടറെയും മാറ്റി. പുതിയ ഡോക്ടർ മരുന്നുകൾ മാറ്റി, പുതിയ മരുന്നുകൾ തന്നു.നാല് ആഴ്ചകൾക്കുള്ളിൽ ഞാൻ സുഖം പ്രാപിക്കാൻ തുടങ്ങി. ഞാൻ ആളുകളെ കണ്ടുമുട്ടാനും ജീവിതത്തെ വീണ്ടും അഭിമുഖീകരിക്കാനും തുടങ്ങി.
ഏഴ് വർഷത്തോളം ഡോസ് കൂടിയ മരുന്നുകൾ കഴിച്ച് എന്റെ ശരീരഭാരം കൂടി. ഞാൻ 105 കിലോ ആയി. എന്റെ മുടി പൂർണമായും നഷ്ടപ്പെട്ടു. ഇത് ശരിക്കുള്ള മുടിയല്ല. എനിക്ക് കഷണ്ടി കയറി. ഇത് വിഗ് ആണ് എന്നും ഹണി സിങ് പറഞ്ഞു. താൻ ഇപ്പോഴും ബൈപോളാർ ഡിസോർഡറുമായി ജീവിക്കുന്നുവെന്നും ഹണി സിങ് വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

