
മാസം തോറും തരക്കേടില്ലാതെ ശമ്പളം ലഭിക്കാവുന്ന ജോലി നേടണമെന്നാണ് പലരുടെയും ആഗ്രഹം. എന്നാൽ പല ആവശ്യങ്ങളും പൂർണമായി നടപ്പിലാക്കാൻ ലഭിക്കുന്ന ശമ്പളം ലഭിച്ചെന്ന് വരില്ല. എന്നാൽ സോഷ്യൽ മീഡിയയെ അത്ഭുതപ്പെടുത്തി കൊണ്ട് ഒരു 19 കാരൻ മാസം 7 ലക്ഷം രൂപ സമ്പാദിക്കാൻ സാധിക്കുമെന്ന് പറഞ്ഞിരിക്കുകയാണ്. സാഹസം നിറഞ്ഞ ജോലി ചെയ്യാതെയും മികച്ച ശമ്പളം നേടാമെന്നാണ് ആൺകുട്ടിയുടെ വാദം. ചൈനീസ് മാധ്യമമായ സൗത്ത് ചൈനീസ് മോർണിംഗ് പോസ്റ്റാണ് യുവാവിന്റെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ചൈനയുടെ കിഴക്കൻ ഷാൻഡോങ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന യാന്റായിയിലുള്ള ലു എന്ന കുട്ടിയാണ് കുടുംബത്തോടൊപ്പം നഗരത്തിൽ ഫ്രൈഡ് റൈസ് സ്റ്റാൾ നടത്തുന്നത്. നഗരത്തിൽ ഒട്ടനവധി തെരുവോര കടകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ലു ഭക്ഷണം തയ്യാറാക്കുന്ന രീതിയാണ് ശ്രദ്ധേയമായിരിക്കുന്നത്.സാധാരണ വസ്ത്രങ്ങളോ സാധാരണ പാചക യൂണിഫോമോ ധരിക്കുന്നതിനുപകരം, ലു സ്യൂട്ട് ധരിച്ചാണ് കടയിലെത്തുന്നത്. രുചികരമായ ഭക്ഷണം വാങ്ങാൻ മാത്രമല്ല ആളുകൾ ലൂവിന്റെ കടയിൽ എത്തുന്നത്. പകരം ലൂവിന്റെ സ്റ്റൈലിഷായുള്ള പാചകവും കാണാനെത്തുന്നവരുമുണ്ട്.
എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മണിമുതൽ രാത്രി പതിനൊന്നര മണിവരെയാണ് കടയുടെ പ്രവർത്തനം. ഏകദേശം മൂന്ന് മിനിറ്റിനുള്ളിൽ ഒരു പ്ലേറ്റ് ഫ്രൈഡ് റൈസ് തയ്യാറാക്കാൻ കഴിയുമെന്ന് ലൂ അവകാശപ്പെടുന്നുണ്ട്. സ്റ്റാളിൽ എല്ലാ രാത്രിയും 200-ലധികം പ്ലേറ്റുകൾ വിൽക്കുന്നുവെന്നാണ് വിവരം. ഓരോന്നിനും ഏകദേശം 10 യുവാൻ (ഏകദേശം 141 രൂപ) വിലവരും. ചെലവുകൾ കഴിഞ്ഞ് ഏകദേശം 20,000 യുവാൻ പ്രതിമാസം ലാഭം ബിസിനസിൽ നിന്ന് ലഭിക്കുന്നുണ്ടെന്ന് ലു കണക്കാക്കുന്നു, അതേസമയം മൊത്തം വിറ്റുവരവ് ഏകദേശം 50,000 യുവാൻ അല്ലെങ്കിൽ ഏകദേശം 7 ലക്ഷം രൂപയിൽ എത്തുന്നു.ഭാവി പദ്ധതികൾ വിശദമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, തന്റെ പാചക രീതികളും അവതരണ ശൈലിയും പഠിക്കാൻ താൽപര്യമുള്ള അപ്രന്റീസുകളെ ലു ഇതിനകം നിയമിച്ച് തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

