
കോഴിക്കോട് മെഡിക്കൽ കോളേജ് ഗസ്റ്റ് ഹൗസിന് സമീപമുള്ള വാട്ടർ ടാങ്കിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. തനിക്കെതിരെ ചുമത്തിയ പൊലീസ് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പൊലീസിൻ്റെയും ഫയർഫോഴ്സിന്റെയും സംയോജിതമായ ഇടപെടലിനെ തുടർന്ന് ഇയാളെ താഴെയിറക്കി.
Also read: മീനമാസ പൂജക്കായി മാർച്ച് 14-നും ഉത്സവത്തിനായി മാർച്ച് 22-നും ശബരിമല നട തുറക്കും
ഇന്ന് രാവിലെ 9 മണിയോടെയാണ് മലപ്പുറം മഞ്ചേരി സ്വദേശിയായ സൈനുദ്ദീൻ വാട്ടർ ടാങ്കിന് മുകളിൽ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയത്. ഉടൻതന്നെ ആശുപത്രി അധികൃതർ പൊലീസിനെയും ഫയർഫോഴ്സ് അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു. മഞ്ചേരി പൊലീസ് സ്റ്റേഷനിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത ലഹരി കേസ് പിൻവലിക്കണം എന്നായിരുന്നു യുവാവിൻ്റെ ആവശ്യം. ഇയാളെ ബലംപ്രയോഗിച്ച് പിടികൂടാൻ ശ്രമിക്കുന്നത് വിപരീത ഫലം ഉണ്ടായേക്കാം എന്നതിനാൽ വളരെ തന്ത്രപൂർവ്വമാണ് പൊലീസും ഫയർഫോഴ്സും നീങ്ങിയത്.
അനുനയ ചർച്ചകളിലൂടെ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമവും നടന്നു. ഒടുവിൽ ഉച്ചയോടെ അഗ്നിരക്ഷാസേന ഇയാളെ താഴെ ഇറക്കുകയായിരുന്നു. കൊച്ചിയിലും വിദേശത്തുമായി VFX ആർട്ടിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സൈനുദ്ദീൻ നാട്ടിലെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




