
ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും നൃത്ത സംവിധായക ധനശ്രീ വര്‍മയും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. മുംബൈ കുടുംബ കോടതിയാണ് ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചത്. ഇരുവരും സമര്‍പ്പിച്ച സംയുക്ത ഹര്‍ജിയിലാണ് കോടതി വിധി.
ഐപിഎല്‍ മത്സരങ്ങളില്‍ പങ്കെടുക്കേണ്ടതിനാല്‍ വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാന്‍ ബോംബെ ഹൈക്കോടതി കുടുംബ കോടതിയോട് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കോടതി വിധിയെത്തിയത്.
2020 ഡിസംബറിലാണ് ചാഹലും ധനശ്രീയും വിവാഹിതരായത്. 2020ല്‍ കോവിഡ് സമയത്താണ് ചാഹലും ധനശ്രീയും പ്രണയത്തിലാവുന്നത്. ധനശ്രീയുടെ നൃത്തവീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ക്കണ്ട ചാഹല്‍ നൃത്തം പഠിക്കാന്‍ ധനശ്രീയെ സമീപിക്കുകയും പിന്നാലെ ഇരുവരും തമ്മിൽ പ്രണയത്തിലാകുകയുമായിരുന്നു.
എന്നാല്‍, 2022 ജൂണ്‍ മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. രണ്ടരവര്‍ഷത്തോളമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണെങ്കിലും കഴിഞ്ഞമാസമാണ് ഇരുവരും ബാന്ദ്ര കുടുംബകോടതിയില്‍ വിവാഹമോചന ഹര്‍ജി ഫയല്‍ചെയ്തത്. ധനശ്രീയ്ക്ക് ജീവനാംശമായി 4.75 കോടി രൂപ നല്‍കാമെന്നാണ് വിവാഹമോചനത്തിനായി ഏര്‍പ്പെട്ട കരാര്‍പ്രകാരം ചാഹല്‍ സമ്മതിച്ചിരുന്നത്. എന്നാല്‍, ഇതുവരെ 2.37 കോടി രൂപ മാത്രമാണ് ധനശ്രീക്ക് ചാഹല്‍ ജീവനാംശമായി നല്‍കിയിരുന്നത്. ഇത് ചൂണ്ടിക്കാട്ടി കുടുംബ കോടതി കൂളിങ് ഓഫ് പിരീഡില്‍ ഇളവ് അനുവദിക്കാന്‍ വിസമ്മതിച്ചിരുന്നു.
പിന്നാലെ ചാഹലും ധനശ്രീയും ബോംബെ ഹൈക്കോടതിയില്‍ സംയുക്ത ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. ഇതോടെ ജീവനാംശ തുകയുടെ രണ്ടാം ഗഡു വിവാഹമോചനത്തിന് ശേഷം സ്ഥിരം ജീവനാംശമായി നല്‍കിയാല്‍ മതിയെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here