
അഹമ്മദാബാദിലെ നിക്കോളിലെ ചാണക്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയെ കായികാധ്യാപകൻ മർദ്ദിച്ചതിനെത്തുടർന്ന് വിദ്യാർഥിയുടെ ഇടതു ചെവിയുടെ കർണപടലം തകർന്നതായി പരാതി. സംഭവത്തെത്തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ കൃഷ്ണനഗർ പൊലീസിൽ പരാതി നൽകിയതായാണ് വിവരം. ഇതിനുപിന്നാലെ, അഹമ്മദാബാദ് സിറ്റി ജില്ലാ വിദ്യാഭ്യാസ ഓഫീസർ രോഹിത് ചൗധരി സ്കൂളിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. അതേസമയം, കായികാധ്യാപകനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു.
പെൺകുട്ടികൾ സ്പോർട്സ് പിരീഡിൽ കളിക്കുന്ന സമയത്ത് അടിയേറ്റ വിദ്യാർഥി അടക്കമുള്ള ആൺകുട്ടികൾ പരസ്പരം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കായികാധ്യാപകൻ വന്ന് അടിക്കുകയായിരുന്നു എന്നാണ് പരാതി.
തുടർന്ന് കുടുംബം ഡോക്ടറെ കണ്ട് നടത്തിയ പരിശോധനയിൽ ഇടതു കർണപടലത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായും രക്തസ്രാവവും വീക്കവും ഉള്ളതായും കണ്ടെത്തി. കൂടാതെ കുട്ടിയുടെ കേൾവിശക്തി കണ്യമായി കുറഞ്ഞതായും കണ്ടെത്തി.കുട്ടി നിരീക്ഷണത്തിലാണെന്നും പുരോഗതിയൊന്നും കണ്ടില്ലെങ്കിൽ ശസ്ത്രക്രിയ ആവശ്യമായി വരുമെന്നും പരാതിയിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

