മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ പതിറ്റാണ്ടുകൾ നീണ്ട വിജയത്തിന് പിന്നിലെ ശാസ്ത്രീയ വശം വെളിപ്പെടുത്തി പ്രമുഖ ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ. മമ്മൂട്ടിയുടെ പ്രതിഭ കേവലം ജന്മസിദ്ധമല്ലെന്നും, അത് ദിവസവും സ്വയം പുനർനിർമ്മിച്ച ഒരു മസ്തിഷ്കത്തിന്റെ വിജയകഥയാണെന്നും അദ്ദേഹം കുറിച്ചു. മമ്മൂട്ടിയുടെ ജീവിതവും കരിയറും ‘ന്യൂറോപ്ലാസ്റ്റിസിറ്റി’ എന്ന മസ്തിഷ്കത്തിന്റെ അത്ഭുതകരമായ വളർച്ചാശേഷിയുടെ ജീവിക്കുന്ന ഉദാഹരണമാണെന്നും ഡോക്ടർ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.
മനുഷ്യ മസ്തിഷ്കം കല്ലിൽ കൊത്തിയ പ്രതിമയല്ലെന്നും, പുതിയ അനുഭവങ്ങളിലൂടെയും പഠനങ്ങളിലൂടെയും അതിന് സ്വയം മാറാനും പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാനും കഴിയും എന്നതുമാണ് ‘ന്യൂറോപ്ലാസ്റ്റിസിറ്റി’ തത്വം. ഓരോ കഥാപാത്രത്തിന് വേണ്ടിയും ശബ്ദവും ശരീരഭാഷയും അവതരണശൈലിയും മാറ്റാൻ മമ്മൂട്ടി കാണിക്കുന്ന അസാധാരണമായ കഴിവ് ഇതിന്റെ തെളിവാണ്. കരിയറിൽ പലപ്പോഴും തിരിച്ചടികളും “കാലം കഴിഞ്ഞു” എന്ന വിധിയെഴുത്തുകളും നേരിട്ടപ്പോഴും, ഓരോ തവണയും കൂടുതൽ ശക്തമായി തിരിച്ചുവരാൻ അദ്ദേഹത്തിന് സാധിച്ചത് ഈ സ്വയം പുതുക്കൽ കൊണ്ടാണ്.
ഇന്ത്യൻ സിനിമയിലെ മറ്റൊരു ഇതിഹാസമായ അമിതാഭ് ബച്ചനെയും ഇതിനോട് ഉപമിച്ച ഡോക്ടർ, മഹത്തായ വിജയങ്ങൾ കേവലം കഴിവുകൊണ്ട് മാത്രം ഉണ്ടാകുന്നതല്ലെന്ന് ഓർമ്മിപ്പിക്കുന്നു. “അച്ചടക്കം, കഠിനാധ്വാനം, തുടർച്ചയായ പഠനം, സ്വയം മെച്ചപ്പെടുത്താനുള്ള വിനയം എന്നിവയാണ് ദീർഘകാല വിജയത്തിന്റെ അടിത്തറ. മമ്മൂട്ടിയും അമിതാഭ് ബച്ചനും ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്.” – ഡോ. അരുൺ ഉമ്മൻ വ്യക്തമാക്കി.
2026 ഓഗസ്റ്റ് 1-ന് കൊച്ചിയിലെ ഐ.എം.എ (IMA) ഹൗസിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ. അരുൺ ഉമ്മന്റെ മൂന്നാമത്തെ പുസ്തകമായ ‘ആയുരാരോഗ്യ സൗഖ്യം’ പ്രകാശനം ചെയ്തത് മമ്മൂട്ടിയായിരുന്നു. ശാസ്ത്രീയ അറിവുകൾ സാധാരണക്കാരിലേക്ക് എത്തിക്കാൻ രചിച്ച പുസ്തകം, ജീവിതം കൊണ്ട് തന്നെ ജനങ്ങൾക്ക് പ്രചോദനമായ ഒരു മഹാനടൻ പ്രകാശനം ചെയ്തത് തന്റെ ജീവിതത്തിലെ വലിയൊരു അഭിമാന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മുടെ ഭൂതകാലമോ പരാജയങ്ങളോ അല്ല ഭാവിയെ നിർണ്ണയിക്കുന്നതെന്നും, സ്വയം മാറാൻ തയ്യാറായാൽ ഏത് കടുത്ത പ്രതിസന്ധിയിൽ നിന്നും അതിശക്തമായ തിരിച്ചുവരവ് സാധ്യമാണെന്നുമുള്ള വലിയൊരു സന്ദേശമാണ് മമ്മൂട്ടിയുടെ ജീവിതം സമൂഹത്തിന് നൽകുന്നതെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here