ചൂരൽമല ദുരന്തബാധിതരെ വഞ്ചിക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാരും കോൺഗ്രസും സ്വീകരിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. ചൂരൽമല ദുരന്തത്തിന്റെ രണ്ടാം വാർഷികമെത്തിയിട്ടും ദുരിതബാധിതർക്കായി കെപിസിസി പിരിച്ച ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ഇതുവരെ നൽകാൻ അവർ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വീട് നിർമ്മാണത്തിനായി രാഹുൽ ഗാന്ധി തറക്കല്ലിട്ടിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ എവിടെയും എത്തിയിട്ടില്ലെന്നും, ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് ഇതെന്നും അദ്ദേഹം വിമർശിച്ചു.
പോലീസ് അസോസിയേഷൻ പുനഃസംഘടനയുമായി ബന്ധപ്പെട്ട് സർക്കാരിന് ഹൈക്കോടതിയിൽ നിന്ന് വലിയ തിരിച്ചടിയാണ് നേരിട്ടതെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഭരണം മാറിയപ്പോൾ നിലവിലുള്ള അസോസിയേഷനുകളെ ഇല്ലാതാക്കി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ച് സംഘടന പിടിച്ചെടുക്കാനുള്ള നീക്കമാണ് കോടതി തടഞ്ഞത്. അധികാരത്തിലേറി രണ്ട് മാസം തികയുന്നതിന് മുൻപേ ഇത്തരം ജനാധിപത്യവിരുദ്ധ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ ബജറ്റ് വിഹിതവും ഫണ്ടുകളും വെട്ടിക്കുറച്ചതിലൂടെ ഗ്രാമപഞ്ചായത്തുകൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. നൽകാനുള്ള തുക നൽകാതെ തദ്ദേശ ഭരണസംവിധാനത്തെ സർക്കാർ സ്തംഭിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ ഓഗസ്റ്റ് ഒന്ന്, മൂന്ന് തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലേക്കും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്ര സർക്കാർ പിൻവലിക്കാൻ നിർദ്ദേശിച്ച 5,000-ത്തോളം കേസുകൾ കേരളത്തിൽ പിൻവലിക്കാൻ തയ്യാറാകാത്തത് ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമാണെന്ന് ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. ലേബർ കോഡ് വിഷയത്തിൽ വി.ഡി. സതീശൻ ബിജെപിയുടെ തീരുമാനങ്ങൾ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. രാഹുൽ ഗാന്ധി ലേബർ കോഡിനെ എതിർക്കുമ്പോൾ സതീശൻ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളി വർഗത്തിന് വലിയ സ്വാധീനമുള്ള കേരളത്തിൽ ലേബർ കോഡ് നടപ്പാക്കാൻ അനുവദിക്കില്ലെന്നും ശക്തമായ പ്രതിരോധം ഉയർത്തുമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here