മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തിൽ സർക്കാർ കടുത്ത അവഗണനയും അലംഭാവവുമാണ് കാണിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അപകട മുന്നറിയിപ്പ് നൽകുന്നതിലും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിലും ആദ്യ ഘട്ടത്തിൽ തന്നെ വലിയ വീഴ്ചയുണ്ടായെന്നും, ഇത് ദുരന്തത്തിന്റെ ആക്കം കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിലില്ലാത്ത രക്ഷാപ്രവർത്തനമാണ് നടക്കുന്നതെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം വലിയ കളവാണെന്ന് ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു. രക്ഷാപ്രവർത്തനത്തിന് ഏറ്റവും അനുയോജ്യമായ ‘ഗോൾഡൻ ഡേയ്സ്’ സർക്കാർ പാഴാക്കുകയാണ് ചെയ്തത്. ആദ്യഘട്ടത്തിൽ കേന്ദ്രസേനയെ വിളിക്കാൻ ഗവൺമെന്റ് തയ്യാറായില്ല. മുതലപ്പൊഴി, വിഴിഞ്ഞം, നീണ്ടകര എന്നിവിടങ്ങളിൽ ഇതാണ് കണ്ടതെന്നും, ജനപ്രതിനിധികൾ ആഴ്ചകൾക്ക് ശേഷമാണ് ദുരന്തബാധിത പ്രദേശങ്ങളിൽ എത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു മന്ത്രി സഹായത്തിനായി തന്നെ സമീപിച്ചുവെന്ന ബിജെപി അധ്യക്ഷന്റെ വെളിപ്പെടുത്തലെ കുറിച്ചും അദ്ദേഹം പറഞ്ഞു. കേന്ദ്രസഹായം തേടാൻ സർക്കാർ ബിജെപി അധ്യക്ഷനെ കണ്ടത് അതീവ ഗൗരവമുള്ള കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പരസ്യ ബാന്ധവം ജനങ്ങൾ കൃത്യമായി മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാണാതായവർക്ക് ധനസഹായം നൽകാൻ ഏഴ് വർഷം കാത്തിരിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഓഖി ദുരന്തത്തിൽ കാണാതായ 33 കുടുംബങ്ങൾക്ക് എൽഡിഎഫ് സർക്കാർ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ 22 ലക്ഷം രൂപ വീതവും കുടുംബാംഗങ്ങൾക്ക് ജോലിയും നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മത്സ്യത്തൊഴിലാളികൾക്ക് നൽകിയ സാറ്റലൈറ്റ് ഫോണുകൾ ഉടൻ റീചാർജ് ചെയ്തു നൽകണം. എല്ലാ മത്സ്യത്തൊഴിലാളികൾക്കും സാറ്റലൈറ്റ് ഫോണുകൾ ലഭ്യമാക്കണം. പിരിച്ചുവിട്ട 200-ലേറെ പരിശീലനം ലഭിച്ച സന്നദ്ധ രക്ഷാപ്രവർത്തകരെ തിരിച്ചെടുക്കണം. തീരദേശത്ത് ആംബുലൻസ് സേവനം ഉടൻ പുനസ്ഥാപിക്കണം. കൂടുതൽ പേർക്ക് പരിശീലനം നൽകി തീരത്ത് വിന്യസിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികളെ സഹായിക്കാൻ എൽഡിഎഫ് സർക്കാർ നേരത്തെ നൽകിയ സാറ്റലൈറ്റ് ഫോണുകൾ അടക്കമുള്ള സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിൽ നിലവിലെ ഭരണകൂടം പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here