മുഖ്യമന്ത്രി വി ഡി സതീശൻ്റെ മറ്റൊരു ഹെലികോപ്റ്റർ യാത്ര കൂടി വിവാദത്തിലേക്ക്. സ്വകാര്യ ആവശ്യത്തിന് ഹെലികോപ്റ്റർ ഉപയോഗിച്ചതാണ് പുതിയ വിവാദം. വൻകിട വ്യവസായിയായ കോൺഗ്രസ് നേതാവിൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് കൊച്ചിയിൽ നിന്നും കൂർഗിലേക്ക് വാടകക്കെടുത്ത ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി യാത്ര ചെയ്തത്.
ഭാര്യാപിതാവിനെ ആശുപത്രിയിൽ സന്ദർശിക്കാൻ സർക്കാർ ഹെലികോപ്റ്റർ ഉപയോഗിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറ്റൊരു ഹെലികോപ്റ്റർ യാത്ര കൂടി വിവാദമാവുന്നത്. ഇക്കുറി കൊച്ചിയിൽ നിന്നും കൂർഗിലേക്കാണ് യാത്ര. വൻകിട വ്യവസായിയും കർണാടക യൂത്ത് കോൺഗ്രസ് അധ്യക്ഷനുമായ മുഹമ്മദ് ഹാരിസ് നാലപ്പാടിൻ്റെ വിവാഹമായിരുന്നു മുഖ്യമന്ത്രിയുടെ കൂർഗിലെ പരിപാടി.
രാവിലെ കൊച്ചിയിലെ രണ്ട് ചടങ്ങുകളിൽ പങ്കെടുത്തതിന് ശേഷം 11:30 ന് മരടിലെ ലെ മെറിഡിയൻ ഹോട്ടലിലെ ഹെലിപാടിൽ എത്തി ചിപ്സൺ ഏവിയേഷൻ കമ്പനിയുടെ എയർ ബസിൽ മുഖ്യമന്ത്രി കൂർഗിലേക്ക് യാത്ര തിരിച്ചു. യാത്ര അതീവ രഹസ്യമാക്കുന്നതിൻ്റെ ഭാഗമായായിരുന്നു സ്വകാര്യ ഹോട്ടലിൻ്റെ ഹെലിപാഡ് തെരഞ്ഞെടുത്തത്. കൂർഗ് മടിക്കേരിയിലെ വെൽഡെർനെസ് എന്ന അത്യാഡംബര റിസോർട്ടിലായിരുന്നു വിവാഹ ചടങ്ങ്.
Also Read: കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
ഒരേ കമ്പനിയുടേതാണെങ്കിലും സർക്കാർ ഹെലികോപ്റ്റാണോ മുഖ്യമന്ത്രി ഉപയോഗിച്ചത് എന്നതിൽ വ്യക്തതയില്ല. പൊലീസ് ഹെലികോപ്റ്റർ അല്ല വാടകക്ക് എടുത്തതാണെങ്കിൽ പണം ആര് മുടക്കി എന്നതിലും ദുരൂഹതയുണ്ട്. കർണാടകയിലെ തന്നെ മംഗലാപുരത്തേക്ക് ചാർട്ടർ ചെയ്ത വിമാനത്തിൽ വി ഡി സതീശൻ നടത്തിയ യാത്ര വിവാദമായിരുന്നു. ആ യാത്രയുടെ ചിലവ് വഹിച്ചതാര് എന്നതിൽ ഇപ്പോഴും ദുരൂഹത നിലനിൽക്കുകയാണ്. പിന്നിട് ഭാര്യാപിതാവിനെ ആശുപത്രിയിൽ സന്ദർശിക്കുന്നതിന് പൊലീസ് ഹെലികോപ്റ്റർ ഉപയോഗിച്ചതിൽ നൽകിയ വിശദീകരണവും തൃപ്തികരമായിരുന്നില്ല. ഒടുവിൽ മുഖ്യമന്ത്രിയുടെ കൂർഗ് ഹെലികോപ്റ്റർ യാത്രയും വിവിധ കാരണങ്ങളാൽ വിവാദമാവുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here