അതാണ് ശ്രീ വിഷ്ണുനാഥ് ഈ സർക്കാരിനു ഇപ്പോൾ കഴിയാതെ പോകുന്നത്..!! 2018 ൽ കുട്ടനാട്ടിലെ ഒരു താലൂക്ക് ഒഴിപ്പിച്ച സംഭവം ​​ഗോപകുമാർ മുകുന്ദൻ എഴുതുന്നു..

പ്രളയത്തിൽ വലയുന്ന മലയാളികളെ നോക്കി നിസ്സഹായരായി സംസാരിക്കുന്ന മന്ത്രിമാരെ കാണുമ്പോൾ 2018 ലെ പ്രളയകാലവും ഏകോപനവും ഓർത്തെടുക്കുകയാണ് ​ഗോപകുമാർ മുകുന്ദൻ. 1924 ന് ശേഷമാണ് അതുപോലെ വലിയൊരു പ്രളയം 2018 ൽ കേരളം അഭിമുഖീകരിക്കുന്നത്. മുൻ അനുഭവങ്ങളൊന്നും ഇല്ലാതെ തന്നെ കൃത്യമായ ഏകോപനം അന്ന് നടപ്പിലാക്കാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചിട്ടുണ്ട്. 2018 ലെ ദുരന്തനിവാരണ അനുഭവം മുന്നിൽവെച്ചാണ് പിന്നീട് വന്ന എല്ലാ ദുരന്തങ്ങളെയും കേരളം നേരിട്ടത്. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറി മൂന്ന് മാസം പോലും തികയും മുൻപ് തന്നെ സംസ്ഥാനത്തിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ താറുമാറായിരിക്കുകയാണെന്ന് വ്യാപക വിമർശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ​ഗോപകുമാർ മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്.

​ഗോപകുമാർ മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ആറന്മുളയിലും മറ്റും ആളുകൾ ഒഴിയാൻ തയ്യാറാകുന്നില്ല . വെള്ളം വീണ്ടും കയറിയാൽ റെസ്ക്യൂ ചെയ്യാൻ സാധിക്കില്ല . അതിനാൽ എല്ലാവരും ഒഴിയണം. ഇതാണ് ബഹുമാനപ്പെട്ട മന്ത്രി ശ്രീ വിഷ്ണുനാഥ് ഒട്ടൊക്കെ ദയനീയമായി മാധ്യമങ്ങളോട് പറയുന്നത്. എങ്ങനെയാണ് മനുഷ്യർക്ക് ഇതു ബോദ്ധ്യമാകുക എന്നത് മനസിലാക്കി പ്രവർത്തിച്ചേ പറ്റൂ.

2018 ൽ ആലപ്പുഴയിൽ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെയാണ് സർക്കാർ ദുരന്ത നിവാരണ ഏകോപനത്തിന് ചുമതലപ്പെടുത്തിയത്. അന്നു രണ്ടാഴ്ചയോളം കൂടെ പ്രവർത്തിച്ച അനുഭവമുണ്ട്. സംഭവഗതികൾ എത്ര ഗൗരവതരമാണ് എന്ന് കേരളത്തിൻ്റെ മുഖ്യമന്ത്രി അപ്പോഴേയ്ക്കും കമ്യൂണിക്കേറ്റ് ചെയ്തു തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ സർവ്വസജജമായ വാർ റൂം 24 x 7 പ്രവർത്തന നിരതമായി. മുഖ്യമന്ത്രി നേരിട്ട് വകുപ്പുകളെ ഏകോപിപ്പിച്ചു കമ്മ്യൂണിക്കേറ്റ് ചെയ്തു കൊണ്ടിരുന്നു. ആലപ്പുഴയിലേയ്ക്കുള്ള യാത്രയിൽ പ്രധാന ചർച്ച അലർട്ട് പ്രകാരം വെള്ളം ഉയർന്നാൽ കുട്ടനാട് മുഴുവൻ മുങ്ങുമല്ലോ! അപ്പോൾ എന്താണ് ചെയ്യുക എന്നതായി മാറി.

ഒരുപാട് കൺസൾട്ടേഷനുകൾ നടന്നു കൊണ്ടേയിരുന്നു. കുട്ടനാട്ടുകാരെ അവിടെ നിന്നും ഒഴിപ്പിക്കുകയല്ലാതെ പറ്റില്ല എന്നു മനസിലാക്കിയത് ഒരു ഞെട്ടലോടെയാണ്. 12 പഞ്ചായത്തുകൾ ഉള്ള ഒരു താലൂക്ക് അപ്പാടെ ഒഴിപ്പിച്ച് സുരക്ഷിത ക്യാമ്പുകളിൽ എത്തിക്കുന്നതിനെ കുറിച്ചാണ് പറയുന്നത് എന്നോർക്കണം. കുട്ടനാട്ടുകാർ ഒരുവിധ വെള്ളപ്പൊക്കമൊന്നും മൈൻഡ് ചെയ്യില്ല. 1924 ൻ്റെ അനുഭവങ്ങൾ അധികം ആർക്കുമറിയുകയുമില്ല. തകഴിയുടെ വെള്ളപ്പൊക്കം വായിച്ചാൽ കുട്ടനാട്ടുകാർ ഏതറ്റം വരെ കാക്കും എന്നതു മനസിലാകും.

അവരെയാണ് ഒഴിപ്പിക്കേണ്ടത്. ഏതാണ്ട് ഒരു ലക്ഷം മനുഷ്യരെ !

Also Read – രണ്ട് ദിവസമായി ഭക്ഷണമില്ല, വൈദ്യുതിയില്ല, ആകെ കിട്ടിയത് വെള്ളം മാത്രം; ആറന്മുളയിലെ ദുരിതാശ്വാസ ക്യാമ്പിൽ അതിഥി തൊഴിലാളികൾ ദുരിതത്തിൽ

‌ആദ്യം മുഴുവൻ പഞ്ചായത്ത് ജനപ്രതിനിധികളേയും ഏകോപിപ്പിച്ചു. പിന്നെ മുഴുവൻ രാഷ്‌ട്രീയ പാർട്ടികളേയും കാര്യം പറഞ്ഞു കളത്തിലിറക്കി.
മുഴുവൻ സാമൂഹ്യ പ്രസ്ഥാനങ്ങളെയും ഏകോപിപ്പിച്ചു. രാഷ്ട്രീയ കക്ഷികൾ പ്രാദേശിക യോഗം ചേർന്നു. എല്ലാവരും ഫീൽഡിലായി. ഇതു നാം ഇതുവരെ കണ്ട കഥയല്ല എന്നു പറഞ്ഞു മനസിലാക്കി.

എങ്ങനെ ഒഴിപ്പിക്കും?
ഏതു വാഹനങ്ങൾ ?
ഇത്രയും ആളുണ്ട് !
എവിടെയ്ക്കു കൊണ്ടുപോകും?

ആലപ്പുഴ മുതൽ അരൂർ വരെ കാമ്പുകൾ. അവിടെ കുട്ടനാട്ടുകാരെ കാത്ത് മനുഷ്യരുടെ കൂട്ടായ്മകൾ ഒരുങ്ങി. നൂറുകണക്കിന് ക്യാമ്പുകൾ. ഒരാളെ പോലും മുങ്ങിമരണത്തിനു വിടാതെ ഒരു താലൂക്കിനെ ഒഴിപ്പിച്ചത് മനുഷ്യരുമായും അവരുടെ കൂട്ടായ്മകളുമായും കമ്മ്യൂണിക്കേറ്റ് ചെയ്തും ഏകോപനം നടത്തിയുമാണ്. അതാണ് ശ്രീ വിഷ്ണുനാഥ് ഈ സർക്കാരിനു ഇപ്പോൾ കഴിയാതെ പോകുന്നത്. ബഹുമാനപ്പെട്ട ഞങ്ങളുടെ മുഖ്യമന്ത്രി താർക്കിക വൈദഗ്ധ്യവും വിതണ്ഡ വാദങ്ങളും വെടിഞ്ഞ് ഈ നാടിനു നേതൃത്വം കൊടുക്കണം. ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് ചീഫും ദുരന്ത നിവാരണ അതോറിറ്റിയുമെല്ലാം ദൃശ്യരാകട്ടെ!
വൈകരുത്.
ദയവായി.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here