കോവിഡ് വ്യാപനം അമേരിക്കയിൽ ശക്തമാകുന്നത് എന്തുകൊണ്ട്? മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുമോ?

covid-19

അമേരിക്കയിൽ കോവിഡ് വ്യാപനം ശക്തമാകുന്നു. സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാധാരണഗതിയിൽ ശൈത്യകാലത്താണ് ശ്വാസകോശ അണുബാധകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതെങ്കിലും, വേനൽക്കാലത്തും കോവിഡ് വ്യാപനം രൂക്ഷമായത് ആശങ്കയായി മാറുന്നുണ്ട്.

രോഗവ്യാപനത്തിനുള്ള കാരണങ്ങൾ

അമേരിക്കയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് എന്തുകൊണ്ടാണെന്ന് നോക്കാം.. അവധിക്കാല യാത്രകളും വലിയ തോതിലുള്ള ഒത്തുചേരലുകളും വേനൽക്കാലത്ത് കൂടുതലാണ്. ഇത് രോഗവ്യാപനത്തിന് കാരണമായതായി വിദഗ്ദർ പറയുന്നു. കടുത്ത ചൂട് കാരണം ആളുകൾ എയർകണ്ടീഷൻ ചെയ്ത അടച്ചിട്ട മുറികളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതും രോഗം പെട്ടെന്ന് പടർന്നുപിടിക്കാൻ കാരണമായിട്ടുണ്ട്.

വ്യാപനശേഷി കൂടിയ വകഭേദം

അമേരിക്കയിലെ ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിന് പ്രധാന കാരണം സിക്കാഡ -ബിഎ.3.2, എക്സ്.എഫ്.ജി തുടങ്ങിയ പുതിയ വകഭേദങ്ങളാണ്. ഇതിൽ സിക്കാഡ വകഭേദത്തിന് പഴയ വൈറസുകളെ അപേക്ഷിച്ച് ജനിതക ഘടനയിൽ ഒട്ടേറെ മാറ്റങ്ങളുള്ളതിനാൽ, വാക്‌സിനിലൂടെയും മറ്റും മനുഷ്യർ ആർജ്ജിച്ച പ്രതിരോധശേഷിയെ ഒരു പരിധി വരെ മറികടക്കാൻ ഇവയ്ക്ക് കഴിവുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. 2024-ൽ ആഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ഈ വകഭേദം ഇതിനോടകം അമേരിക്കയ്ക്ക് പുറമെ ഇരുപതിലേറെ രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ലക്ഷണങ്ങൾ

അമേരിക്കയിൽ ഇപ്പോൾ പടർന്നുപിടിക്കുന്ന കോവിഡ് 19 ലക്ഷണങ്ങൾ മുൻകാല വേരിയന്‍റിന് ഏറെക്കുറെ സമാനമാണ്. പ്രധാനമായും പനിയും തൊണ്ടവേദനയുമായിരിക്കും തുടക്കത്തിലെ ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുമ്പോൾ കടുത്ത ക്ഷീണം, ചുമ, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെടും.

Also Read- ഉണർന്നിരിക്കുമ്പോൾ ചലിക്കാനോ സംസാരിക്കാനോ കഴിയാതെ വന്നിട്ടുണ്ടോ? എന്താണ് സ്ലീപ്പ് പരാലിസിസ്

മുൻകരുതലുകൾ

പനിയോ മറ്റ് ലക്ഷണങ്ങളോ കണ്ടാൽ പരിശോധന നടത്തുകയും വിശ്രമിക്കുകയും ചെയ്യണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. തിരക്കേറിയതും വായുസഞ്ചാരം കുറഞ്ഞതുമായ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക. പ്രായമായവരും മറ്റ് ഗുരുതര രോഗങ്ങളുള്ളവരും പുതിയ ബൂസ്റ്റർ വാക്സിനുകൾ എടുക്കുന്നത് ഉറപ്പാക്കണമെന്നും അമേരിക്കയിലെ ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുമോ?

ലോകത്ത് എല്ലായിടത്തും ഏറിയും കുറഞ്ഞും കോവിഡ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ അമേരിക്കയിലേത് പോലെ ശക്തമായ നിലയിലല്ല. അതേസമയം യൂറോപ്പ്, തെക്കേ അമേരിക്ക, ദക്ഷിണ-കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ ചില രാജ്യങ്ങളിൽ പുതിയ കേസുകളിൽ പത്ത് ശതമാനത്തോളം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News