ക്ഷേമപെൻഷൻ വീട്ടിലെ‌ത്തിച്ചാൽ കേന്ദ്ര വിഹിതം നഷ്ടപ്പെടുമെന്ന് പറയുന്നത് ഏത് ഉത്തരവിലാണ് ? ഡോ. ടി എം തോമസ് ഐസക്

ക്ഷേമപെൻഷൻ വീട്ടിലെത്തിച്ചുനൽകുന്ന തീരുമാനം പിൻവലിക്കാൻ, യുഡിഎഫ് സർക്കാർ പറഞ്ഞ ന്യായങ്ങൾ ചോദ്യം ചെയ്ത് മുൻ മന്ത്രി ഡോ. തോമസ് ഐസക്. പെൻഷൻ വീട്ടിലെത്തിച്ച് നൽകിയാൽ കേന്ദ്രവിഹിതം നഷ്ടപ്പെടുമെന്ന് പറയുന്നത് പെരും നുണയാണെന്നും ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. 2022, 2023 വർഷങ്ങളിൽ കേന്ദ്ര സർക്കാരുമായി ഒട്ടേറെ ചർച്ച നടന്നിട്ടുള്ള ഒരു കാര്യമാണിതെന്നും അന്നൊന്നും ഇല്ലാതിരുന്ന ഒരു ഭീഷണി ഇപ്പോൾ കേന്ദ്രത്തിൽ നിന്നും ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ രേഖ മുഖ്യമന്ത്രി വി.ഡി. സതീശൻ പുറത്തുവിടാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡോ. ടി എം തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇങ്ങനെ കള്ളം പറയരുത്. ഏതെങ്കിലും പ്രസംഗത്തെക്കുറിച്ചല്ല ഞാൻ പറയുന്നത്. സർക്കാർ ഉത്തരവിനെക്കുറിച്ചാണ്. “….Direct Benefit Transfer സംബന്ധിച്ച കേന്ദ്ര മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കപ്പെടാത്തതിനാൽ, കേന്ദ്ര സർക്കാർ നൽകുന്ന സാമ്പത്തിക സഹായങ്ങൾ സർക്കാരിന് നഷ്ടപ്പെടുന്ന സാഹചര്യം….” പരിഗണിച്ചാണ് സഹകരണ ബാങ്ക് വഴി വീടുകളിൽ ക്ഷേമ പെൻഷൻ എത്തിക്കുന്ന രീതി അവസാനിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം എന്നാണ് കേരള സർക്കാരിന്റെ ഉത്തരവിൽ പറയുന്നത്.

കേന്ദ്ര സർക്കാരിന്റെ ഏത് ഉത്തരവിലാണ് സംസ്ഥാന സർക്കാർ നൽകുന്ന പെൻഷൻ നേരിട്ട് വീട്ടിൽ എത്തിച്ചാൽ കേന്ദ്രത്തിന്റെ വിഹിതം നഷ്ടപ്പെടുമെന്ന് പറയുന്നത്? പെരും നുണയാണിത്. 2022, 2023 വർഷങ്ങളിൽ കേന്ദ്ര സർക്കാരുമായി ഒട്ടേറെ ചർച്ച നടന്നിട്ടുള്ള ഒരു കാര്യമാണിത്. അന്നൊന്നും ഇല്ലാതിരുന്ന ഒരു ഭീഷണി ഇപ്പോൾ കേന്ദ്രത്തിൽ നിന്നും ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ രേഖ മുഖ്യമന്ത്രി വി.ഡി. സതീശൻ പുറത്തുവിടാൻ തയ്യാറാകണം.

Also Read – കേന്ദ്രസർക്കാരിന്റെ ഹിന്ദുത്വ സമീപനത്തിന് വഴങ്ങി കൊടുക്കുകയാണ് യുഡിഎഫ് സർക്കാർ; ഡോ. ടി.എം. തോമസ് ഐസക്ക്

എന്താണ് യാഥാർത്ഥ്യം?

കേരളത്തിൽ 51 ലക്ഷത്തിലേറെ പേർ സംസ്ഥാന സർക്കാരിൽ നിന്ന് സാമൂഹ്യസുരക്ഷാ, വയോജന പെൻഷനുകൾ വാങ്ങുന്നവരുണ്ട്. മറ്റൊരു 9 ലക്ഷത്തിലേറെ പേർ ക്ഷേമനിധി ബോർഡുകൾ വഴി സഹായം ലഭിക്കുന്നവരുണ്ട്. എല്ലാവരുംകൂടി 61 ലക്ഷം പേർ.
ഇതിൽ 8 ലക്ഷം പേർക്കു മാത്രമാണ് കേന്ദ്ര ധനസഹായം ലഭിക്കുന്നത്. അതും ഒരാൾക്ക് 200-300 രൂപ മാത്രം. 80 വയസ് കഴിഞ്ഞവരാണെങ്കിൽ 500 രൂപ ലഭിക്കും. ഒരു മാസം 941 കോടി രൂപ കേരള സർക്കാരിന് പെൻഷൻ നൽകാൻ വേണ്ടി വരുമ്പോൾ കേന്ദ്ര സഹായം 24 കോടി രൂപ മാത്രമാണ്.

2022 ഡിസംബർ വരെ കേന്ദ്ര വിഹിതം മുൻകൂറായി സംസ്ഥാന പെൻഷനോടൊപ്പം നൽകി വരുന്ന സമ്പ്രദായമാണ് കേരള സർക്കാർ സ്വീകരിച്ചുവന്നത്. പലപ്പോഴും വലിയ കാലതാമസം കഴിഞ്ഞാണ് കേന്ദ്ര വിഹിതം ലഭിക്കുക. ഈയിനത്തിൽ 600 കോടി രൂപ വരെ കുടിശികയായ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പെൻഷൻ വിതരണത്തിൽ വലിയ അരാജകത്വമായിരുന്നു. കർഷകത്തൊഴിലാളി പെൻഷൻ പോലുള്ളവ തദ്ദേശഭരണ സ്ഥാപനങ്ങൾ വഴിയാണ് വിതരണം ചെയ്തിരുന്നത്. മറ്റുള്ളവ പോസ്റ്റോഫീസ് വഴിയും. എന്നാൽ പോസ്റ്റോഫീസിലെ ജീവനക്കാരുടെ ഒഴിവുകൾ കേന്ദ്ര സർക്കാർ നികത്താതെ വന്നതുകൊണ്ട് പെൻഷൻ വിതരണം മുടങ്ങി. ചില സന്ദർഭങ്ങളിൽ കൊടുത്ത പണം സംസ്ഥാന സർക്കാർ പോസ്റ്റോഫീസ്, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും പിൻവലിക്കുകയും ചെയ്തതോടെ ആർക്ക്, എത്ര വീതം പെൻഷൻ കിട്ടി, കുടിശിക എത്ര എന്നൊന്നിനും ഒരു വ്യവസ്ഥയുമില്ലാതായി.

ഈ സ്ഥിതിവിശേഷത്തിന് അറുതിവരുത്തിയത് 2016-ൽ അധികാരത്തിലേറിയ എൽഡിഎഫ് സർക്കാരാണ്. ശരാശരി 18 മാസത്തെ കുടിശിക കൊടുത്തു തീർത്തു. പോസ്റ്റോഫീസ് വഴിയുള്ള പെൻഷൻ വിതരണം നിർത്തുന്നതിനും അത് സഹകരണ ബാങ്കുകൾ വഴിയാക്കുന്നതിനും തീരുമാനിച്ചു. തീരുമാനം നടപ്പാക്കുന്നതിനു മുമ്പ് ഒരുകാര്യം കൂടി ചെയ്തു. കുടുംബശ്രീ വഴി ഓരോ ഗുണഭോക്താവിനും പെൻഷൻ തുക വാണിജ്യ ബാങ്കുകൾ വഴി വേണമോ, സഹകരണ ബാങ്കുകൾ വഴി വീട്ടിൽ നേരിട്ട് എത്തിക്കണമോയെന്ന് ആരാഞ്ഞു.

ഏതാണ്ട് 23 ലക്ഷം ഗുണഭോക്താക്കൾ സഹകരണ ബാങ്ക് വഴി നേരിട്ട് വീട്ടിൽ പണം എത്തിക്കാനാണ് താല്പര്യപ്പെട്ടത്. ഈ സ്കീം പ്രകാരം കൃത്യമായി പണം വാണിജ്യ ബാങ്കുകൾക്കും സഹകരണ ബാങ്കുകൾക്കും നൽകുന്നതിനുള്ള സോഫ്ടുവെയർ ഐകെഎം തയ്യാറാക്കി. പെൻഷൻ വിതരണം കൃത്യസമയത്ത് നടത്തുന്നതിന് ഒരു പ്രത്യേക കമ്പനിക്കും രൂപം നൽകി. പെൻഷൻ തുക പടിപടിയായി 1600 രൂപയായും വർദ്ധിപ്പിച്ചു.
ഇങ്ങനെയിരിക്കെയാണ് 2023 ജനുവരിയിൽ കേന്ദ്ര വിഹിതം നേരിട്ട് ഡി.ബി.റ്റി വഴി ഗുണഭോക്താക്കൾക്ക് നൽകണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടത്. അല്ലാത്തപക്ഷം കേന്ദ്ര സഹായം നഷ്ടപ്പെടും. ഇത് സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തി. കേന്ദ്ര വിഹിതം 8 ലക്ഷം പേർക്ക് ബാങ്ക് വഴി നൽകുന്നതിനുള്ള ഏർപ്പാടുണ്ടാക്കി. ബാക്കിയുള്ളവർക്ക് അവർ നേരത്തെ ആഗ്രഹിച്ചതുപോലെ വാണിജ്യ ബാങ്കു വഴിയോ സഹകരണ ബാങ്ക് വഴി നേരിട്ട് വീട്ടിലോ പണം എത്തിച്ചുകൊണ്ടിരുന്നു.

Also Read – സ്ത്രീസുരക്ഷാ പെൻഷൻ ഇല്ലാതാക്കിയ സർക്കാർ ക്ഷേമ പെൻഷനും ഇല്ലാതാക്കാൻ ശ്രമിക്കുന്നു; ഡോ. ടി.എം. തോമസ് ഐസക്ക്

കേന്ദ്ര സഹായം ലഭിക്കുന്ന ഗുണഭോക്താക്കൾക്കുപോലും കേന്ദ്ര സഹായം ഡി.ബി.റ്റി വഴി നൽകുമ്പോൾ ബാക്കിയുള്ള തുക അവരുടെ ആഗ്രഹപ്രകാരം ഡി.ബി.റ്റി വഴിയോ നേരിട്ട് വീട്ടിലോ എത്തിച്ചുകൊടുക്കുന്നതിന് തീരുമാനിച്ചു.

ഈ സംവിധാനമാണ് വി.ഡി. സതീശൻ സർക്കാർ തകർക്കുന്നത്. 23 ലക്ഷം വരുന്ന ഗുണഭോക്താക്കളുടെ ആഗ്രഹപ്രകാരമാണ് വീട്ടിൽ പണം എത്തിച്ചുകൊടുത്തു കൊണ്ടിരുന്നത്. അവരുമായിട്ട് ഒരുവട്ടംപോലും ചർച്ച ചെയ്യാതെ നിലവിലെ സംവിധാനത്തെ അട്ടിമറിക്കുന്നതിനുള്ള അടിയന്തര കാരണത്തിന് നുണപറഞ്ഞ് ന്യായീകരിക്കുകയാണ്. കേരളത്തിലെ പെൻഷൻ മുഴുവൻ ഡി.ബി.റ്റി.യിൽ ആക്കിയില്ലെങ്കിൽ കേന്ദ്ര സഹായം നഷ്ടപ്പെടുമത്രേ!

ഇതു സംബന്ധിച്ച കേന്ദ്ര സർക്കാരിൻ്റെ ഉത്തരവ് അടിയന്തരമായി പുറത്തുവിടാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. അല്ലെങ്കിൽ വഞ്ചിക്കപ്പെട്ട പെൻഷൻ ഗുണഭോക്താക്കളോട് മാപ്പ് പറയാൻ തയ്യാറാകണം.

കിടപ്പുരോഗികൾക്ക് പുതിയ ഉത്തരവിൽ ഒഴിവ് നൽകിയതുകൊണ്ട് പ്രശ്നം അവസാനിക്കില്ല. ആരാണ് കിടപ്പുരോഗിയെന്നത് തീരുമാനിക്കുന്നത് എങ്ങനെ? കിടപ്പുരോഗി അല്ലെങ്കിലും മറ്റേതെങ്കിലും കാരണംകൊണ്ട് വീട്ടിൽ പണം എത്തിച്ചുതരണമെന്ന് ആഗ്രഹിക്കുന്നവർക്ക് ആ സേവനം നിഷേധിക്കുന്നതിന് എന്ത് ന്യായമാണ് പറയാനുള്ളത്?

സഹകരണ ബാങ്കുകൾ കാര്യക്ഷമമല്ലെന്നും ക്രമക്കേടുകൾ ഉണ്ടെന്നുമാണ് ഉത്തരവിൽ പറയുന്ന മറ്റൊരു ന്യായം. സഹകരണ പ്രസ്ഥാനങ്ങൾ കേരളത്തിന്റെ കരുത്താണ്. അതിനെതിരായിട്ടാണ് കേരള സർക്കാരിന്റെ നീക്കം. എൽഡിഎഫിനും യുഡിഎഫിനും സഹകരണ സംഘങ്ങളിൽ നിയന്ത്രണമുണ്ട്. അവിടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സഹകരണ സംഘങ്ങളോട് ചർച്ച നടത്തുകയാണ് വേണ്ടത്.
അബദ്ധവശാലാണോയെന്ന് അറിയില്ല മനോരമ വിഷൻ പുറത്തുകൊണ്ടുവന്ന ഒരു വിവരം കൗതുകകരമാണ്. 272 സംഘങ്ങളിൽ ക്രമക്കേട് കണ്ടുപിടിച്ചു. അതിൽ 202 ഉം യുഡിഎഫിന്റേതാണ്.

സഹകരണ സംഘങ്ങളിലെ പ്രശ്നങ്ങൾ നമുക്ക് കൂട്ടായി പരിഹരിക്കാം. അക്കാരണം പറഞ്ഞ് ജനദ്രോഹ നടപടികളിലേക്ക് സർക്കാർ നീങ്ങരുത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here