പിഎം ശ്രീ വിഷയത്തിൽ യുഎഡിഎഫിനെ വെട്ടിലാക്കിയ യുഡിഎഫ് എംപിമാരുടെ നടപടി വലിയ ചർച്ചയാകുന്നു. മുൻ മന്ത്രി കെ എൻ ബാലഗോപാലും ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തി.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കളുടെ നുണപ്രചരണം യുഡിഎഫിന്റെ എംപിമാർ തന്നെ മുൻകൈയെടുത്ത് പൊളിച്ചടുക്കുകയാണെന്ന് ബാലഗോപാൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ശ്രീമതി.ജെബി മേത്തറും ശ്രീ. പി വി അബ്ദുൽ വഹാബും പാർലമെന്റിൽ ചോദിച്ച ചോദ്യങ്ങൾക്ക് കേന്ദ്രമന്ത്രിമാർ നൽകിയ മറുപടിയോടെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട യുഡിഎഫിന്റെ എല്ലാ നുണക്കോട്ടകളും തകർന്നു വീണിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ എൻ ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മുഖ്യമന്ത്രി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കളുടെ നുണപ്രചരണം യുഡിഎഫിന്റെ എംപിമാർ തന്നെ മുൻകൈയെടുത്ത് പൊളിച്ചടുക്കുകയാണ്. ശ്രീമതി.ജെബി മേത്തറും ശ്രീ. പി വി അബ്ദുൽ വഹാബും പാർലമെന്റിൽ ചോദിച്ച ചോദ്യങ്ങൾക്ക് കേന്ദ്രമന്ത്രിമാർ നൽകിയ മറുപടിയോടെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട യുഡിഎഫിന്റെ എല്ലാ നുണക്കോട്ടകളും തകർന്നു വീണിരിക്കുന്നു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നെങ്കിലും, പിന്നീട് പദ്ധതി മരവിപ്പിക്കാൻ കത്ത് നൽകുകയുണ്ടായി. തുടർന്ന് ആ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും സംസ്ഥാനത്ത് നടന്നിട്ടില്ല. പി എം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമായ സ്കൂളുകളുടെ ലിസ്റ്റ് സമർപ്പിക്കുന്നത് ഉൾപ്പെടെയുള്ള ഒരു നടപടികളും ആരംഭിക്കാൻ എൽഡിഎഫ് സർക്കാർ തയ്യാറായതുമില്ല. പദ്ധതി സ്വാഭാവികമായും ഇല്ലാതാവുകയാണുണ്ടായത്. പി എം ശ്രീയുമായി ബന്ധപ്പെട്ട് ഒരു രൂപയുടെ പോലും കേന്ദ്രഫണ്ട് കേരളത്തിന് അനുവദിച്ചിട്ടുമില്ല.
Also Read – പിഎം ശ്രീ: യുഡിഎഫിന്റെ പെരുംനുണ പൊളിഞ്ഞു, പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് കേന്ദ്രം സഭയിൽ
യുഡിഎഫ് സർക്കാർ സംസ്ഥാനത്ത് അധികാരത്തിൽ വന്നതോടെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിക്കുകയാണുണ്ടായത്. പദ്ധതി രാജ്യത്ത് പൂർത്തീകരിക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ബിജെപി സർക്കാർ ആവശ്യപ്പെടാതെ തന്നെ യുഡിഎഫ് നടപടികൾ സ്വീകരിക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്. പദ്ധതിയിൽ ചേരാനും ചേരാതിരിക്കാനും സംസ്ഥാനങ്ങൾക്ക് അധികാരം ഉണ്ടെന്നിരിക്കിലും, നാളിതുവരെയായി സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് ഒരു നടപടികളും ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടില്ല എന്നിരിക്കിലും യുഡിഎഫ് ഇപ്പോൾ കാണിക്കുന്ന തിടുക്കം കേന്ദ്ര ഫണ്ട് നേടിയെടുക്കാനുള്ളത് മാത്രമല്ല, അത് ബിജെപിക്ക് നൽകിയിട്ടുള്ള വാക്കു പാലിക്കലാണ് എന്ന് കാര്യങ്ങൾ ശ്രദ്ധിക്കുന്നവർക്ക് മനസ്സിലാവും .
ആരൊക്കെ എതിർത്താലും പി എം ശ്രീ പദ്ധതി നടപ്പിലാക്കുമെന്ന വാശിയോടെ മുന്നോട്ടുപോകുന്ന യുഡിഎഫ് ഇതുമായി ബന്ധപ്പെട്ട് ആർക്കാണ് വാക്ക് നൽകിയത് എന്ന് വ്യക്തമാക്കണം. പ്രതിപക്ഷത്തിരിക്കുമ്പോൾ നടത്തിയ വെല്ലുവിളികളും പ്രസംഗങ്ങളും യാതൊരു ലജ്ജയുമില്ലാതെ വിഴുങ്ങി ആർഎസ്എസിന് മുന്നിൽ മുട്ടിലിഴയുന്ന യുഡിഎഫ് സർക്കാരിന്റെ ചിത്രം അങ്ങേയറ്റം പരിതാപകരമാണ് എന്നേ പറയാനുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി നാടുമുഴുവൻ നടന്ന് കള്ളക്കഥകൾ പ്രചരിപ്പിച്ച യുഡിഎഫ് കേരളീയ പൊതുസമൂഹത്തോട് മാപ്പ് പറയണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here