കള്ളം പറയാനും പറഞ്ഞത് മാറ്റി പറയാനും കേരളത്തിന്റെ മുഖ്യമന്ത്രി വി ഡി സതീശനുള്ള കഴിവ് മറ്റാർക്കെങ്കിലും ഉണ്ടോയെന്ന് സംശയമാണ്. അതുതന്നെ ആണ് അദ്ദേഹം ദിവസവും തെളിയിച്ചുകൊണ്ടിരിക്കുന്നതും. പ്രളയക്കെടുതിയിൽ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം കാര്യങ്ങളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചത്. ആ സംസാരത്തിൽ സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിൽ അമ്മായിയപ്പനെ കാണാൻ എറണാകുളത്ത് പോയതും ചർച്ചയായി. എന്നാൽ അന്ന് അതിൽ അദ്ദേഹം നൽകിയ വിശദീകരണം, അത് സ്വകാര്യ യാത്ര ആയിരുന്നില്ലെന്നും ഏതോ നിക്ഷേപക ഗ്രൂപ്പിനെ കാണാൻ ആണെന്നും ആയിരുന്നു. എന്നാൽ അത് ആരാണെന്നോ എന്താണെന്നോ ഉള്ളതിൽ വ്യക്തത വരുത്താനെങ്കിലും നിക്ഷേപക ഗ്രൂപ്പിന്റെ പേര് പറയാൻ ആവശ്യപ്പെട്ടപ്പോൾ അതെന്തിനാണ് നിങ്ങളോട് പറയുന്നത് എന്നായിരുന്നു മറുപടി. ഇപ്പോൾ അതേ വി ഡി സതീശൻ തന്നെ പ്ലേറ്റ് തിരിച്ചിരിക്കുകയാണ്.
ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ഹെലികോപ്റ്റർ യാത്രയിലെ വിശദീകരണം ഒന്ന് മാറി. അന്ന് കൊച്ചിയ്ക്ക് പോയത് നിക്ഷേപക ഗ്രൂപ്പിനെ കാണാൻ ആണെങ്കിൽ ഇന്ന് അത് കൊച്ചിയിൽ പോയതുകൊണ്ട് അവരെ കണ്ടതാണ് എന്നായി മാറി. നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി കൊച്ചിയിലേക്ക് യാത്രപോകുന്നു. അത് രഹസ്യ യാത്രയാണോ? എന്തുകൊണ്ട് നിക്ഷേപകർക്ക് മുഖ്യമന്ത്രി ഉള്ളിടത്ത് വന്ന് കാണാൻ പറ്റാത്തത്? എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ഇന്നത്തെ ചോദ്യം. ‘രഹസ്യമായി ചിലരെ കാണേണ്ടി വരും, അല്ലാതേയും കാണേണ്ടി വരും. ചിലപ്പോൾ മുഖ്യമന്ത്രിയെ ഇവിടെ വന്ന് കാണും. ഞാൻ അന്ന് വൈകുന്നേരം എറണാകുളത്ത് ഉള്ളതുകൊണ്ട് അവിടെ കാണാമെന്ന് പറഞ്ഞതാണ്’ എന്നായി ഇന്നത്തെ ഉത്തരം.
വന്ദേഭാരത്തിൽ പോകാൻ ടിക്കറ്റ് എടുത്തതാണെന്നും അവർക്ക് അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞപ്പോൾ ഹെലികോപ്റ്റർ എടുക്കുകയായിരുന്നു എന്നുമാണ് അന്ന് പറഞ്ഞ ന്യായീകരണം എന്ന് ഒരു നിമിഷം വി ഡി സതീശൻ മറന്നു പോയി എന്ന് തോന്നുന്നു. പറയുമ്പോൾ ഇത്തരത്തിൽ മാറി പോകുന്നത് കേൾക്കുമ്പോൾ തന്നെ കാര്യം എല്ലാവർക്കും പിടികിട്ടിക്കാണുമല്ലോ. കള്ളമാണ് പറയുന്നത് എങ്കിലും അത് മാറി പോകാതെ സൂക്ഷിക്കണ്ടേ എന്നാണ് പലരും ഇപ്പോൾ വിമർശിക്കുന്നത്. ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉരുണ്ടുകളിക്കുകയും പിന്നീട് ക്ഷോഭിക്കുകയും ചെയ്യുന്നത് വി ഡി സതീശന്റെ സ്ഥിരം പരിപാടിയായി മാറിക്കഴിഞ്ഞു. പണ്ട് പൂക്കി ചിരി ചിരിച്ചിരുന്ന മുഖ്യമന്ത്രിയുടെ ചിരിയൊക്കെ ഇപ്പോൾ ദേഷ്യമായി മാറിയിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here