സം​ഗീത നിശ സം​ഘടിപ്പിച്ച് ബെംഗളൂരുവിലെ ആശുപത്രി; വ്യാപക വിമർശനം

ബെംഗളൂരുവിലെ ഒരു ആശുപത്രിയിൽ സംഘടിപ്പിച്ച സംഗീത പരിപാടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. സൂപ്പർ ഹെൽത്ത് ബെംഗളൂരുവും ലോക്കൽഹോസ്റ്റ് എച്ച് ക്യുവും ചേർന്ന് ആശുപത്രിയുടെ നോൺ-ക്ലിനിക്കൽ ഫ്ലോറുകളിൽ സംഘടിപ്പിച്ച ലൈവ് മ്യൂസിക് പരിപാടിയുടെ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു. തുടർന്ന് വിശദീകരണവുമായി ആശുപത്രി അധികൃതർ രം​ഗത്തെത്തി. ആശുപത്രികളെക്കുറിച്ചുള്ള ജനങ്ങളുടെ ഭയം മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത് എന്നാണ് സംഘാടകരുടെ വിശദീകരണം.

‘ഹോസ്പിറ്റാലിറ്റി’ എന്ന് പേരിട്ടിരിക്കുന്ന ഈ സംഗീത നിശ ഒ പി സമയങ്ങൾ കഴിഞ്ഞാണ് ആരംഭിച്ചത്. രോഗികൾ കഴിയുന്ന ക്ലിനിക്കൽ ഫ്ലോറുകളിൽ നിന്നും പരിപാടി നടക്കുന്ന ഇടങ്ങൾ പൂർണ്ണമായും മാറ്റിനിർത്തിയിരുന്നുവെന്നും സംഘാടകർ വ്യക്തമാക്കുന്നു. പരിപാടിയോട് അനുബന്ധിച്ച് കൃത്യമായ റൂൾ ബുക്കും ഇവർ പുറത്തിറക്കിയിരുന്നു. മദ്യം, പുകവലി, ഇ-സിഗരറ്റ് ഉപയോ​ഗം എന്നിവ കർശനമായി നിരോധിച്ചിക്കുകയും ചെയ്തു. ‌ശബ്ദത്തിൻ്റെ അളവ് കർശനമായി നിരീക്ഷിച്ചും സെക്യൂരിറ്റി ടീമിന്റെ മേൽനോട്ടത്തിലുമാണ് പരിപാടി നടത്തിയതെന്നും സംഘാടകർ അവകാശപ്പെടുന്നു.

Also Read: ബില്ലിൽ പേരിന് പകരം “കറുത്ത ഷർട്ടിട്ട തടിച്ചയാൾ”; പരസ്യമായി മാപ്പ് പറഞ്ഞ് ബെംഗളൂരുവിലെ പ്രമുഖ റെസ്റ്റോറന്റ്

സംഘാടകർ മുൻകരുതലുകൾ എടുത്തെങ്കിലും, ആശുപത്രി പോലുള്ള ഒരു സെൻസിറ്റീവ് സ്ഥലത്ത് ഇത്തരം പരിപാടികൾ നടത്തിയത് അനുചിതമാണെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രധാന വിമർശനം. ഗുരുതരമായ അസുഖങ്ങൾ, മരണങ്ങൾ, അത്യാഹിതങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ആളുകൾ എത്തിച്ചേരുന്ന ഇടമാണ് ആശുപത്രിയെന്നും, അവിടെ ഇത്തരം ആഘോഷങ്ങൾ നടത്തുന്നത് രോഗികളോട് കാട്ടുന്ന അനാദരവാണെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News