നിങ്ങളുടെ പ്രിയപ്പെട്ട ജോൺസൺ മാഷ് പാട്ട് ഏതാണ്? പെട്ടെന്ന് പറയാൻ പ്രയാസമായിരിക്കും. മികച്ചതേതെന്ന് തിരഞ്ഞെടുക്കാൻ കഴിയാത്തവണ്ണം മനോഹരമായ എത്രയോ ഗാനങ്ങളാണ് ആ മനുഷ്യൻ നൽകിയത്. മഴ, കട്ടൻ ചായ, ജോൺസൺ മാഷിന്റെ പാട്ട്, ആഹാ അന്തസ് എന്ന് പറയാത്തവർ വിരളമായിരിക്കും. മലയാളികളുടെ ഗൃഹാതുരത്വത്തിൽ ജോൺസൺ മാഷ് അവശേഷിപ്പിച്ച സംഗീത മുത്തുകൾ തിളങ്ങുന്നുണ്ട്. കാലങ്ങൾ കഴിയുന്തോറും അതിന്റെ തിളക്കം കൂടുമെന്നല്ലാതെ കുറയുന്നില്ല.
മലയാളികളുടെ എൺപതുകളും തൊണ്ണൂറുകളും സംഗീത സാന്ദ്രമാക്കിയ മജീഷ്യൻ, മലയാള സിനിമയുടെ പശ്ചാത്തല സംഗീതത്തിന് പുതിയ മാനം നൽകിയ സംഗീതജ്ഞൻ. മണിച്ചിത്രത്താഴിലെ പാട്ടുകൾക്ക് മാത്രമല്ല പശ്ചാത്തല സംഗീതത്തിനും പ്രാധാന്യമുണ്ട്. നാഗവല്ലിയുടെ തെക്കിനിയിൽ നിന്നുയർന്ന സംഗീതം മറക്കുന്നതെങ്ങനെ?
തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയത്തെ ജോൺസൺ മാഷിന്റെ സംഗീതമില്ലാതെ സങ്കൽപ്പിക്കാൻ ആവുമോ? ‘തൂവാനത്തുമ്പികളി’ലെ ആ ഐക്കോണിക് പശ്ചാത്തലസംഗീതം മറക്കുന്നതെങ്ങനെ? ക്ലാരയെ ഓർക്കുമ്പോൾ തന്നെ നമ്മുടെ കാതുകളിലേക്കെത്തുന്ന ആ മ്യൂസിക് ഇല്ലേ, ഇതാ ഇപ്പോൾ പോലും നിങ്ങളത് കേൾക്കുന്നുണ്ടാകും, അതാണ് ജോൺസൻ മാസ്റ്ററുടെ ബ്രില്ലിൻസ്.
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിൽ സോളമന്റെയും സോഫിയയുടെയും പ്രണയത്തിനും അയാൾ അകമ്പടിയേകി. മലയാളികളുടെ ഉള്ളുലയ്ക്കാനും ആ സംഗീതത്തിനായി. കണ്ണീർ പൂവിന്റെ കവിളിൽ തലോടിയ ആ സംഗീതം മന്ദാര ചെപ്പുതേടി. മധുരം ജീവാമൃതബിന്ദുവെന്ന് പാടി. പലപ്പോഴും നമ്മളും തേങ്ങി. ദശരഥം, ചെങ്കോൽ, സദയം സിനിമകളിൽ പശ്ചാത്തല സംഗീതത്തിന് അത്രമേൽ പ്രാധാന്യമുണ്ട്. വന്ദനത്തിലെയും താളവട്ടത്തിലെയും ചിത്രത്തിലെയും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും നമ്മുടെ കാതുകളിൽ ഇതാ ഇപ്പോഴുമുണ്ട്.
ALSO READ: ‘പുതിയ യാത്രയ്ക്കായി ആവേശത്തോടെ കാത്തിരിക്കുന്നു’; മോഹൻലാൽ – അനൂപ് സത്യൻ കോംബോ ഒരുങ്ങുന്നു
നമ്മുടെ എല്ലാം ഹൃദയത്തിലേക്ക് നേരിട്ട് എൻട്രി കിട്ടിയ എത്രയോ പാട്ടുകളുടെ സ്രഷ്ടാവാണദ്ദേഹം. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വടക്കുനോക്കിയന്ത്രം, ഞാൻ ഗന്ധർവൻ, കിരീടം, ചമയം എങ്ങനെ മറക്കും ഈ സിനിമകളുടെ സംഗീതം. ആകാശമാകെ അദ്ദേഹം ഈണത്തിന്റെ അഴക് വിടർത്തി. പൊന്നിൽ കുളിച്ചുനിന്ന സംഗീതത്തിന്റെ ചക്രവർത്തി സ്വർണമുകിലായി, ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകത്തെ മലയാളിക്ക് നൽകി. ഏതോ ജന്മ കല്പനയിലെന്നപോലെ ഒരു നാൾ ശുഭരാത്രി നേർന്ന് ജോൺസൺ മാഷ് നടന്നകന്നു. എത്രയോ സംഗീതം ബാക്കിയാക്കി. ആ സംഗീത മാന്ത്രികൻ തീർത്ത വിടവിന് 15 ആണ്ടിന്റെ കനം. സംഗീതത്തിലെ ആ ജോൺസൺ ടച്ച് അങ്ങനെതന്നെയുണ്ടാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here