ദുബായിൽ കാൽനടയാത്രയും സൈക്കിൾ യാത്രയും കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കാൻ വമ്പൻ പദ്ധതിയുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. അടുത്ത അഞ്ച് വർഷത്തിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 31 പുതിയ കാൽനടപ്പാലങ്ങളും തുരങ്കങ്ങളും നിർമിക്കാനാണ് തീരുമാനം. 2026 മുതൽ 2030 വരെയുള്ള അഞ്ച് വർഷത്തിനിടെ ദുബായിലെ പ്രധാന റോഡുകളിലും തിരക്കേറിയ കേന്ദ്രങ്ങളിലുമായി 31 പുതിയ കാൽനടപ്പാലങ്ങളും തുരങ്കങ്ങളും നിർമിക്കാനാണ് ആർടിഎ അംഗീകാരം നൽകിയിരിക്കുന്നത്.
ജനസാന്ദ്രത, വ്യാപാര-വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സാന്നിധ്യം, മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുമായുള്ള ബന്ധം എന്നിവ വിശദമായി പഠിച്ച ശേഷമാണ് പദ്ധതിക്കായി സ്ഥലങ്ങൾ തിരഞ്ഞെടുത്തത്. റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാരുടെയും സൈക്കിൾ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
എല്ലാവർക്കും സുരക്ഷിതവും സുസ്ഥിരവുമായ യാത്രാസൗകര്യം ഒരുക്കുകയെന്ന യുഎഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ വികസനമെന്ന് ആർടിഎ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്തർ അൽ തായർ പറഞ്ഞു. ദുബായെ കാൽനടയാത്രയ്ക്കും സൈക്കിൾ യാത്രയ്ക്കും ലോകത്തിലെ ഏറ്റവും അനുയോജ്യമായ നഗരങ്ങളിലൊന്നാക്കി മാറ്റാൻ ഈ പദ്ധതി സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ദുബായിലെ കാൽനടപ്പാലങ്ങളുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധനവാണ് ഉണ്ടായത്. 2006-ൽ വെറും 26 പാലങ്ങളുണ്ടായിരുന്ന സ്ഥാനത്ത് 2025 അവസാനത്തോടെ അത് 178 ആയി ഉയർന്നു. 2030-ഓടെ നിർമിക്കുന്ന 31 പുതിയ പാലങ്ങൾ ഷെയ്ഖ് സായിദ് റോഡ്, കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റ്, അൽ ഇത്തിഹാദ് റോഡ്, ഉമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ് തുടങ്ങിയ പ്രധാന പാതകളിലായിരിക്കും.
റസിഡൻഷ്യൽ മേഖലകളെ പ്രധാന വ്യാപാര, സേവന, പൊതുഗതാഗത കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന സമഗ്ര ശൃംഖലയായിരിക്കും പുതിയ പാലങ്ങൾ. ഇതിലൂടെ സൈക്കിൾ, ഇ-സ്കൂട്ടർ തുടങ്ങിയ പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങളുടെ ഉപയോഗവും കൂടുതൽ പ്രോത്സാഹിപ്പിക്കാനാണ് ആർടിഎ ലക്ഷ്യമിടുന്നത്.സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയതിന്റെ ഫലമായി കാൽനടയാത്രക്കാരുടെ മരണനിരക്കിൽ 98 ശതമാനത്തിന്റെ കുറവാണ് ദുബായ് രേഖപ്പെടുത്തിയത്. 2025-ൽ നഗരത്തിലെ കാൽനട സൗകര്യങ്ങളിൽ 88 ശതമാനം താമസക്കാരും സംതൃപ്തി രേഖപ്പെടുത്തിയപ്പോൾ, കാൽനടയാത്രകളുടെയും സൈക്കിൾ യാത്രകളുടെയും എണ്ണത്തിലും ഗണ്യമായ വർധനവ് ഉണ്ടായതായി ആർടിഎ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here