മലബാറിന്റെ തനതായ രുചിക്കൂട്ടുകളിൽ ഒന്നാണ് റവ ചിക്കൻ ബിരിയാണി അഥവാ തരി ബിരിയാണി. സാധാരണയായി ബിരിയാണി തയ്യാറാക്കാൻ അരിയാണ് ഉപയോഗിക്കാറുള്ളതെങ്കിൽ, ഈ വിഭവത്തിൽ പ്രധാന ചേരുവയായി ഉപയോഗിക്കുന്നത് റവ ആണ്. ബിരിയാണി പ്രേമികൾക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം നൽകുന്ന ഈ വിഭവം എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം.
അവശ്യമായ ചേരുവകൾ
ചിക്കൻ – അരക്കിലോ
റവ – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
സവാള – 2 അല്ലെങ്കിൽ 3 എണ്ണം
തക്കാളി – 2 എണ്ണം
പച്ചമുളക് – 4 എണ്ണം
ഇഞ്ചി-വെളുത്തുള്ളി ചതച്ചത് – 2 ടേബിൾ സ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
മുളകുപൊടി – കാൽ ടീസ്പൂൺ
ഗരംമസാല – കാൽ ടീസ്പൂൺ
നെയ്യ് – 1 ടേബിൾ സ്പൂൺ
സൺഫ്ലവർ ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ് – ഒരു പിടി
മുന്തിരി – ഒരു പിടി
മല്ലിയില – ഒരു പിടി
നാരങ്ങാനീർ – അര ടീസ്പൂൺ
ALSO READ: വാഴപ്പഴവും റവയുമുണ്ടോ ?കിടിലൻ പലഹാരം തയ്യാറാക്കാം
തയ്യാറാക്കുന്ന വിധം
ആദ്യമായി കഴുകി വൃത്തിയാക്കിയ ചിക്കനിൽ ഉപ്പും മഞ്ഞളും മുളകുപൊടിയും ചേർത്ത് മാരിനേറ്റ് ചെയ്തു വെക്കുക. ഒരു പാനിൽ കുറച്ച് നെയ്യ് ഒഴിച്ച് രണ്ട് കപ്പ് റവ ഗോൾഡൻ കളർ ആകുന്നത് വരെ നന്നായി വറുത്തെടുക്കണം; ബിരിയാണിക്ക് രുചി നൽകുന്ന പ്രധാന ഘടകം ഇതാണ്. ശേഷം ചിക്കൻ സൺഫ്ലവർ ഓയിലിലോ വെളിച്ചെണ്ണയിലോ ഷാലോ ഫ്രൈ ചെയ്തെടുക്കുക.
ഒരു ബിരിയാണി പോട്ടിൽ ചിക്കൻ വറുത്ത എണ്ണ ഒഴിച്ച് ഹോൾ സ്പൈസസ് ചേർത്ത് പൊട്ടിയാൽ സവാള ചേർത്ത് വഴറ്റുക. ഇതിലേക്ക് തക്കാളി, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഉടയുന്നത് വരെ വഴറ്റണം. ഇതിലേക്ക് കാൽ ടീസ്പൂൺ വീതം മഞ്ഞൾപൊടി, മുളകുപൊടി, ഗരംമസാല എന്നിവ ചേർത്ത് മൂപ്പിച്ച ശേഷം പൊരിച്ചുവെച്ച ചിക്കനും വറുത്ത റവയും ചേർത്ത് നന്നായി യോജിപ്പിക്കുക.
റവ എത്രയാണോ എടുത്തത് അതിന്റെ ഇരട്ടി അളവിൽ ചൂടുവെള്ളം ചേർത്ത് അഞ്ച് മിനിറ്റ് അടച്ചുവെച്ച് വേവിക്കണം. ബിരിയാണിയുടെ ടോപ്പിംഗിനായി അണ്ടിപ്പരിപ്പും മുന്തിരിയും സവാളയും നെയ്യിൽ വറുത്തെടുക്കുക. വെന്തുവന്ന ബിരിയാണിയിലേക്ക് ഈ വറുത്ത സാധനങ്ങളും മല്ലിയിലയും കുറച്ച് നാരങ്ങാനീരും ചേർത്ത് രണ്ട് മിനിറ്റ് കൂടി കുക്ക് ചെയ്താൽ സ്വാദിഷ്ടമായ തലശ്ശേരി തരി ബിരിയാണി തയ്യാർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here