‘എന്നെ ഞാനാക്കിയ എംപി’: എംപി പരമേശ്വരൻ ഓർമ്മയിൽ ഡോ കെപി അരവിന്ദൻ

മാർക്സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരൻ അല്പനേരം മുൻപേ നമ്മെ വിട്ടുപോയി. എന്നെ ഇന്നത്തെ ഞാനാക്കിയതിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം. ആരായിരുന്നു എംപി?

എം.പി പരമേശ്വരനെ ആദ്യം കണ്ടത് ഇന്നും കൃത്യമായി ഓർക്കുന്നു. എമർജൻസിയുടെ ഇരുണ്ട ദിനങ്ങൾ. അന്ന് ഞാൻ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു. തിരുവനന്തപുരത്തെ ബാങ്ക് എംപ്ളോയീസ് ഹാളിൽ ചിന്തയുടെ ഒരു പുസ്തക പ്രകാശനമാണ്. മൈക്ക് ഒന്നും ഉപയോഗിക്കാൻ പാടില്ല. യോഗം അനുവദനീയമാണോ അല്ലയോ എന്നൊന്നും അറിയില്ല. ഹാളിനകത്ത് കുറേ പേർ കൂട്ടം കൂടി നിൽക്കുന്നു. നടുവിൽ രണ്ടു കുറിയ മനുഷ്യർ. ഒന്ന് പ്രകാശനം ചെയ്യാനെത്തിയ ഇ.എം.എസ്, മറ്റേത് പുസ്തകം പരിചയപ്പെടുത്തുന്ന എം.പി. അവിടെ പറഞ്ഞതൊന്നും ഓർമ്മയില്ല. ഇ.എം.എസിനെ കേൾക്കാനാണ് എത്തിയത്. ഒപ്പം എമർജൻസിക്കെതിരെ ഏതോ വലിയ ഗൂഢാലോചനയിൽ പങ്കെടുത്തെന്നുള്ള സംതൃപ്തിക്കും. എം.പിയെ അന്ന് വലുതായൊന്നും ശ്രദ്ധിച്ചില്ല എന്നതാണ് പരമാർത്ഥം.

ഏതാനും വർഷങ്ങൾക്കു ശേഷം മെഡിക്കൽ ഉപരിപഠനം കഴിഞ്ഞ് കേരളത്തിൽ തിരിച്ചെത്തി, സർക്കാർ ജോലിയിൽ പ്രവേശിച്ച കാലത്താണ് ശാസ്ത്ര സാഹിത്യ പരിഷത്തിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങുന്നത്. കടുത്ത നിരീശ്വര വാദവും കുറേ മാർക്സിയൻ തിയറിയും സാമ്രാജ്യത്വ വിരുദ്ധതയും ചെ ആരാധനയും ഒക്കെ ചേർന്നുള്ള, എഴുപതുകളിൽ രൂപപ്പെട്ട അവിയലാണ് ചിന്തകളെ രൂപപ്പെടുത്തിയിരുന്നത്. അറിവ് നേടി മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിലേറെ ഉള്ളത് പ്രദർശിപ്പിക്കാനായിരുന്നു കൂടുതൽ താൽപ്പര്യം. സാമൂഹ്യ പ്രവർത്തനത്തിനൊരിടം – ഏതാണ്ടൊരു ഇടതുപക്ഷ റോട്ടറി ക്ളബ് – അത്രയൊക്കെയേ ഉണ്ടായിരുന്നുള്ളൂ മനസ്സിൽ അന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്.

എം.പിയിലേക്ക് തിരിച്ചു വരാം. എം.പിയെ ഞാൻ അടുത്തറിയുന്നത് പരിഷത്ത് അംഗമായ ശേഷം ഏറെ വൈകാതെ നടന്ന രണ്ടു പരിഷത്ത് സ്കൂളുകളിലൂടെയാണ്. ഒന്ന് തിരുവനന്തപുരത്തും മറ്റേത് കൊയിലാണ്ടിക്കടുത്തുള്ള തിരുവങ്ങൂരിലും. മൂന്ന് ദിവസം മുഴുവൻ അവിടെ താമസിച്ച് രാവിലെ മുതൽ രാത്രി വരെ നിരന്തരമായ ചർച്ചകൾ. മറ്റു പല സംഘടനകളും നേതൃ പരിശീലന ക്യാമ്പുകൾ എന്നൊക്കെ വിളിക്കുന്നതിന് സമാനമായ ഒന്നായിരുന്നു ഈ പരിഷത്ത് സ്കൂളുകൾ. എ.പി പരമേശ്വരൻ, സി.ജി ശാന്തകുമാർ, എം.കെ പ്രസാദ്, കൃഷ്ണകുമാർ, ഇക്ബാൽ തുടങ്ങിയവരൊക്കെയാണ് ചർച്ചകൾ നയിച്ചതെന്നാണോർമ്മ. ഇവരൊക്കെയായിരുന്നു അന്നത്തെ പരിഷത്തിൻ്റെ മുൻനിരയിലുണ്ടായിരുന്നെങ്കിലും, പൊതുവിൽ നേതാക്കളില്ലായ്മയാണ് എനിക്ക് ഏറ്റവും ഹൃദ്യമായി തോന്നിയത്.

also read; കമ്യൂണിസ്റ്റ് ചിന്തകൻ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു

ആരോടും എന്തും ചോദിക്കാം എന്തും തർക്കിക്കാം എന്ന രീതിയിലുള്ള ഒരു ഡെമോക്രാറ്റിക് സ്പേസ് ഉണ്ടായിരുന്നു അതിൽ. എം.പി തന്നെയായിരുന്നു എല്ലാ ചർച്ചകളിലും നിറഞ്ഞു നിന്നിരുന്നത്. അദ്ദേഹം ഒരിക്കലും വലിയൊരു പ്രാസംഗികൻ ആയിരുന്നില്ല. ചെറിയ ഗ്രൂപ്പുകളിലാണ് ഏറ്റവും എഫക്ടീവ്. നൂതനമായ ആശയങ്ങൾക്ക് രൂപം നൽകാനും അവ വ്യക്തതയോടെ അവതരിപ്പിക്കാനും കൃത്യമായ വാദങ്ങളോടെ അവ മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കാനുമുള്ള എം.പിയുടെ കഴിവാണ് പല പരിഷത്ത് പ്രവർത്തനങ്ങൾക്കും വഴി വെച്ചത്. കഴിഞ്ഞ അൻപതിലേറെ വർഷങ്ങളായി ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പ്രവർത്തനങ്ങളെ ഇത്ര മാത്രം സ്വാധീനിച്ച മറ്റൊരാളും ഉണ്ടെന്നു തോന്നുന്നില്ല.

എൻ്റെ കണ്ണിൽ, മൂന്ന് കാര്യങ്ങളാണ് എംപിയെ വ്യത്യസ്തനാക്കുന്നത്. ഗണിത ബുദ്ധി, പ്രായോഗികത, മെഗാ വീക്ഷണം എന്നിവയാണത്. എം.പിയുടെ തലച്ചോറിൻ്റെ വയറിങ്ങ് മുഴുവൻ ഗണിതശാസ്ത്രത്തിൻ്റെ കമ്പികൾ ഉപയോഗിച്ചാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഗണിതത്തിൻ്റെ ചട്ടക്കൂടുകളിലൂടെയാണ് എം.പി ലോകത്തെ കാണുക. നമ്മൾ എന്ത് ആശയം എം.പിയുടെ അടുത്ത് പോയി പറഞ്ഞാലും മൂപ്പർ ക്ഷണനേരം കൊണ്ട് അത് അക്കങ്ങളിലാക്കും. അപ്പോഴേക്ക് നമ്മുടെ ആശയത്തിന് പുതിയ മാനങ്ങൾ കൈവന്നിരിക്കും.

ഏതാനും വർഷം മുൻപുള്ള ഒരു ട്രെയിൻ യാത്ര ഓർമ്മ വരുന്നു. ഞാനും എം.പിയും എവിടെ നിന്നോ ഒരു മീറ്റിങ്ങ് കഴിഞ്ഞ് മടങ്ങുകയാണ്. ഒരു പഠനത്തിൻ്റെ കാര്യം ചർച്ച ചെയ്യുന്നതിനിടയിൽ എം.പി ഒരു ആവശ്യമുന്നയിച്ചു. മനുഷ്യത്തിൻ്റെ ജീവിതത്തിലുള്ള സന്തോഷവും തൃപ്തിയുമൊക്കെ അളക്കാൻ ഒരു സൂചിക വേണം. അതിൽ എന്തെല്ലാം ഘടകങ്ങളാണ് ഉണ്ടായിരിക്കേണ്ടത്? ആരോഗ്യ ഘടകങ്ങൾ എന്തൊക്കെ? ഓരോന്നിനും എത്ര പോയിൻ്റ് നൽകണം? ഒരു സ്കോറിങ്ങ് സിസ്റ്റം ഉണ്ടാക്കാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ പല തിരക്കുകൾക്കിടെ അത് പിന്നെ ഓർത്തില്ല എന്നതാണ് സത്യം. പിന്നെയും കുറെ വർഷങ്ങൾ കഴിഞ്ഞാണ് ലോക സന്തോഷ റിപ്പോർട്ടും (World happiness report) മറ്റും പ്രത്യക്ഷപ്പെടുന്നത്. പല കാര്യങ്ങളിലും ഒരു മുഴം മുൻപേ ആണ് എം.പിയുടെ ചിന്ത എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

വിവിധ വിഷയങ്ങളിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് നിലപാടുകൾ എടുക്കുമ്പോൾ ഈ ഗണിത യുക്തി പ്രതിഫലിക്കാറുണ്ട്. കാര്യങ്ങളെ കേവലം വൈകാരികമായി മാത്രം കാണാതെ നേട്ടങ്ങളും കോട്ടങ്ങളും പരമാവധി സംഖ്യാപരമായി തന്നെ തിട്ടപ്പെടുത്തി പരിശോധിക്കുക എന്ന രീതി എം.പിയ്ക്ക് നിർബന്ധമാണ്. സൈലൻ്റ് വാലി പ്രശ്നത്തിലും, താപനിലയങ്ങളുടെ കാര്യത്തിലുമെല്ലാം പരിഷത്തിൻ്റെ സമീപനത്തിൽ ഇക്കാര്യം കാണാവുന്നതാണ്. സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന അടുപ്പിൻ്റെ (90% വീടുകളിലും വിറകടുപ്പ് ഉപയോഗിച്ചിരുന്ന കാലത്ത്) ദക്ഷത 1% കൂട്ടിയാൽ എത്ര മരങ്ങൾ സംരക്ഷിക്കാമെന്ന കണക്കൊക്കെ എം.പി വളരെ പെട്ടെന്ന് ഗണിച്ച് പറഞ്ഞു തരും. ‘ശരിയാണല്ലോ’ എന്ന് മൂക്കത്ത് വിരൽ വെച്ച് നമ്മൾ പറയും. എന്നിട്ട് അടുപ്പ് പ്രചരിപ്പിക്കാൻ ഇറങ്ങും.

പ്രായോഗിക ബുദ്ധിയാണ് എം.പിയുടെ മറ്റൊരു മുഖമുദ്ര. പ്രയോഗത്തിലേക്ക് നയിക്കാത്ത പ്രയോജനമില്ലാത്ത തിയറി പറച്ചിലിൽ പുള്ളി വലിയ താൽപ്പര്യമൊന്നും കാണിക്കാറില്ല. എന്നാൽ അതിൽ എന്തെങ്കിലും ചെറുതായി പോലും സാർത്ഥക പ്രവർത്തനത്തിലേക്ക് നയിക്കാമെന്ന് തോന്നിയാൽ അതിൽ ചാടിവീഴും. അത് പ്രവർത്തന പരിപാടിയാക്കാൻ ശ്രമിക്കും.

തിയറി അറിയാഞ്ഞിട്ടല്ല ഈ വൈമുഖ്യം. സയൻസായാലും മാർക്സിസമായാലും വെറും തിയറി പറച്ചിലുകാരേക്കാൾ ആഴത്തിൽ തിയറി പഠിച്ചിട്ടുള്ളയാളാണ് എം.പി. അദ്ദേഹത്തിൻ്റെ ‘വൈരുദ്ധ്യാത്മിക ഭൗതികവാദം’ എന്ന പുസ്തകം ഒരു ക്ളാസ്സിക് ആണ്. കടിച്ചാൽ പൊട്ടാത്ത ഡയലെക്ടിക്കൽ മറ്റീരിയലിസത്തെ ഒട്ടും ആശയച്ചോർച്ചയില്ലാതെ എത്ര ലളിതമായാണ് അവതരിപ്പിച്ചിരിക്കുന്നത്! തിയറിയിൽ അഗാധമായ പാണ്ഡിത്യമില്ലാത്ത ഒരാൾക്ക് കഴിയുന്നതല്ല ഇത്.

എം.പി എപ്പോഴും ധൃതിയിലാണ്. പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കാൻ എന്തൊക്കെ ചെയ്യാം എന്നതാണ് അദ്ദേഹത്തിൻ്റെ എപ്പോഴുമുള്ള ശ്രമം. തിയറിയെല്ലാം അതിൽ നിന്ന് ഉരുത്തിരിഞ്ഞ് വരേണ്ടതാണ്. സയൻസിൻ്റെ അനുഭവജ്ഞാന സിദ്ധാന്തം (Empiricism) തന്നെയാണിത്. ജനങ്ങളെ സയൻസ് പഠിപ്പിക്കാൻ അവിടെ പോയി ക്ളാസുകൾ എടുക്കുന്നതിനേക്കാൾ ഫലപ്രദം അവരെ സ്വന്തം ജീവിതം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുകയാണെന്നാണ് എം.പിയുടെ ചിന്ത. അതിൽ സ്വാഭാവികമായും അടങ്ങിയിരിക്കുന്ന സയൻസ് അവർ വേഗം ഉൾക്കൊള്ളും. അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ പ്രത്യേകിച്ചും ഈ രീതിയിലായിരിക്കണമെന്ന് അദ്ദേഹം സ്ഥിരമായി വാദിക്കാറുണ്ട്.

വിദ്യാഭ്യാസ രംഗത്തെ പരിഷത്ത് നിലപാടുകളിൽ എം.പിയുടെ സ്വാധീനം വലുതാണ്. പരിഷത്ത് അടുപ്പിലൂടെ ഫിസിക്സും, ഭക്ഷണ ശാസ്ത്രവും പരിസ്ഥിതി ശാസ്ത്രവും മറ്റും മറ്റും പഠിപ്പിക്കുന്ന എം.പിയുടെ പരീക്ഷണങ്ങളിൽ നിന്നാണ് പരിഷത്ത് ബാലോത്സവങ്ങളിലേക്കും, പഠനം പാൽപ്പായസത്തിലേക്കും പ്രവർത്തനോന്മുഖ വിദ്യാഭ്യാസത്തിലേക്കുമൊക്കെ എത്തിച്ചേരുന്നത്. വിദ്യാഭ്യാസ തിയറിയൊക്കെ പിന്നെ ഇതിനോട് ചേർക്കപ്പെട്ടതാണ്.

കാൽപ്പനിക ചിന്തകർ, ഉത്തരാധുനികർ, ടെക്സ്റ്റ്ബുക്ക് മാർക്സിസ്റ്റുകൾ എന്നിങ്ങനെ കേരളത്തിലെ ബുദ്ധിജീവി വർഗ്ഗത്തിൽ അഗ്രഗണ്യരായി കണക്കാക്കപ്പെടുന്നവരോടുള്ള മടുപ്പും ഇവരെക്കൊണ്ട് സമൂഹത്തിന് ഒന്നും ലഭിക്കുന്നില്ലെന്ന തിരിച്ചറിവുമായിരിക്കണം എം.പിയെ പ്രായോഗികതയുടെ വക്താവാക്കി മാറ്റിയത്. എന്നാൽ എംപിരിസിസത്തെ ചിലപ്പോൾ ആവശ്യത്തിൽ കൂടുതൽ ആശ്രയിക്കുന്നോ എന്ന സംശയം എനിക്കുണ്ടായിട്ടുണ്ട്. ഹോമിയോപ്പതിയുടെ ഫലപ്രാപ്തിയേ പറ്റിയൊക്കെയുള്ള ചർച്ചകളിൽ എംപിരിക്കൽ ഉപയോഗവാദം എം.പി ഉയർത്താറുണ്ട്. എന്നേപ്പോലുള്ളവർക്ക് എം.പിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളുടെ ഒരു പ്രധാന മേഖല ഇതായിരുന്നു.
ഇനിയുള്ളത് മെഗാ വീക്ഷണം. വൻ ക്യാൻവാസിൽ ചിത്രം വരയ്ക്കാനാണ് എം.പിയ്ക്കിഷ്ടം. വലിയ തോതിലുള്ള ഇടപെടലുകളേ ഫലം കാണൂ എന്ന ഉത്തമ വിശ്വാസമാണ് ഇതിൻ്റെ ഉത്ഭവം.

പരിഷത്തിലെ എൻ്റെ ആദ്യകാലങ്ങളിലുള്ള ഒരോർമ്മ. ‘നാം ജീവിക്കുന്ന ലോകം’ എന്നൊരു സീരീസ് സയൻസ് ക്ളാസ്സുകൾ പ്ളാൻ ചെയ്യുകയായിരുന്നു. ‘ഭൗതിക ലോകം’ ‘ജീവ ലോകം’ ‘ശാസ്ത്ര ലോകം’ ‘നാളത്തെ ലോകം’ എന്നിങ്ങനെ നാലു ക്ളാസുകളുടെ ഒരു സീരീസ്. എം.പിയുടെ നിർബന്ധപ്രകാരം കേരളത്തിൽ പതിനായിരം ഇടങ്ങളിലെങ്കിലും ക്ളാസ്സ് നടക്കണം! ഏറ്റവും വലിയ പ്രശ്നം പതിനായിരം ക്ളാസ്സെടുക്കാൻ എത്ര പേർ വേണം എന്നതായിരുന്നു. പിന്നെയങ്ങോട്ട് പരിശീലനത്തോട് പരിശീലനം; ക്ളാസ്സോട് ക്ളാസ്സ്. സംഘടന മുഴുവൻ വായിക്കുന്നു. സംശയങ്ങൾ തീർക്കുന്നു. മഹാവിസ്ഫോടനമോ നിശ്ചല പ്രപഞ്ചമോ; ആസ്ട്രേലോപിത്തക്കസ് ഏതെല്ലാം തരം, ഗലീലിയോവിൻ്റെ പരീക്ഷണങ്ങൾ അങ്ങനെയങ്ങനെ. കണക്കു മാഷ് ബയോളജിയും ബയോളജിക്കാരൻ ചരിത്രവുമൊക്കെ ആഞ്ഞ് പഠിക്കാൻ തുടങ്ങി. ഞാൻ എവല്യൂഷൻ പഠിക്കാൻ മുതിരുന്നത് അക്കാലത്താണ്. എത്ര പേരിലേക്ക് ഈ ക്ളാസുകൾ എത്തി എന്നതു മാത്രമല്ല; അതിനേക്കാൾ പ്രധാനം ആയിരക്കണക്കിന് പരിഷത്ത് പ്രവർത്തകർ ശാസ്ത്രവും അതിൻ്റെ രീതിയുമൊക്കെ പഠിക്കാൻ തുടങ്ങി എന്നതായിരുന്നു.

1987ൽ ഭാരത് ജന വിജ്ഞാന ജാഥ എന്ന പേരിൽ ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളിലും സയൻസിൻ്റെ സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് 5 ശാസ്ത്ര ജാഥകൾ ഭോപ്പാലിൽ സമാപിക്കുന്നു. കേരളത്തിൽ നിന്ന് കുറച്ചു പ്രതിനിധികൾ പോകണം. എം.പിയ്ക്ക് കുറച്ചു പേരൊന്നും പോരാ. ഒരു ട്രെയിൻ മുഴുവൻ ആളു വേണം. അവസാനം ശാസ്ത്ര തീവണ്ടി (Science train) എന്ന പേരിൽ ഒരു വണ്ടി നിറയെ കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ! അതാണ് എം.പി!

എം.പിയുടെ മനസ്സിലുദിച്ച മെഗാ പരിപാടികളാണ് എറണാകുളം ജില്ല മുഴുവൻ നടത്തിയ സാക്ഷരതാ യജ്ഞവും പിന്നീട് കേരളം മുഴുവൻ നടത്തിയ സാക്ഷരതാ പരിപാടിയും അതിൽ നിന്ന് ഉയർന്നു വന്ന ഇന്ത്യയിലെ ബി.ജി.വി.എസ് എന്ന സാക്ഷരതാ പ്രസ്ഥാനവുമൊക്കെ.
എം.പിയുടെ ചിന്തകളുടെ വേഗതയിലും ഭാവനകളുടെ ഉയരങ്ങളിലും കൂടെയെത്താൻ പരിഷത്തിനോ മറ്റു പ്രസ്ഥാനങ്ങൾക്കോ എപ്പോഴും കഴിയാറില്ല. എന്നാൽ അദ്ദേഹത്തിൽ നിന്നു ലഭിക്കുന്ന ഊർജ്ജവും വഴി മാറി ചിന്തിക്കാനുള്ള ധൈര്യവും നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ട അമൂല്യ സമ്പത്താണ്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News