കുണ്ടറ കസ്റ്റഡി മർദനം; ‘ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തെ ഉദയകുമാർ ഉരുട്ടിക്കൊലയ്ക്ക് സമാനമായ സംഭവം’: കെഎൻ ബാല​ഗോപാൽ

കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റതിനെത്തുടർന്ന് ചികിത്സയിലിരിക്കെ സിയാദ് എന്ന യുവാവ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി കെഎൻ ബാല​ഗോപാൽ. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ നടന്ന ഉദയകുമാർ ഉരുട്ടിക്കൊലയ്ക്ക് സമാനമായ സംഭവമാണിപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് കെഎൻ ബാല​ഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

നിരപരാധിയായ ഒരു യുവാവിനെ സംശയത്തിൻ്റെ പേരിൽ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച് മരണത്തിലേയ്ക്ക് തള്ളിവിട്ട പൊലീസുകാരെ അടിയന്തിരമായി സസ്പെൻഡ് ചെയ്ത് അന്വേഷണം പ്രഖ്യാപിക്കുകയും അവർക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കുകയും ചെയ്യാനും മരണപ്പെട്ടയാളുടെ കുടുംബത്തിന് അടിയന്തരമായി ആശ്വാസം നൽകാനും സർക്കാർ തയ്യാറാവണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

also read; കുണ്ടറ കസ്റ്റഡി മർദ​നം: പൊലീസ് വാദം പൊളിയുന്നു, സിയാദിനെ പൊലീസ് മർദിച്ചെന്ന് പരാതിക്കാരിയായ പെൺകുട്ടി

അയൽവാസിയായ കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ സിയാദിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജൂൺ 16 ന് രാത്രി ഭാര്യയുടെയും മക്കളുടെയും മുന്നിൽ നിന്നും പിടിച്ചുകൊണ്ടുപോയ സിയാദിനെ വിട്ടുകിട്ടാൻ ഭാര്യയും മകളും ജൂൺ 17ന് പുലർച്ച വരെ പൊലീസ് സ്‌റ്റേഷനിൽ കാത്തിരുന്നു.

കാണാനില്ലെന്ന് കരുതിയ കുട്ടി പിറ്റേന്ന് രാവിലെ മടങ്ങിയെത്തിയപ്പോഴാണ് സിയാദിനെ പൊലീസ് വിട്ടയച്ചത്. തന്നെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി ഭാര്യയോടും സുഹൃത്തിനോടും സിയാദ് പറഞ്ഞിരുന്നു. സിയാദിന്റെ വാരിയെല്ല് പൊട്ടിയതായി ഡോക്ടർ അറിയിച്ചുവെന്ന് ഭാര്യയുടെ പരാതിയിലുണ്ട്. ജീപ്പിൽ കയറ്റുമ്പോൾ തന്നെ പൊലീസ് മർദനം തുടങ്ങിയിരുന്നുവെന്ന് ഭാര്യ പറഞ്ഞു.

കൊല്ലം ജില്ലാ ആശുപത്രിയിൽ വെച്ചാണ് വാരിയെല്ല് തകർന്ന് ഇൻഫെക്ഷനായത് കണ്ടെത്തിയത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ചാണ് സിയാദ് മരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News