ക്രിയേറ്റർമാർക്ക് ആഘോഷിക്കാൻ കിടിലൻ മാറ്റവുമായാണ് യൂട്യൂബ് എത്തുന്നത്. വീഡിയോകളുടെ വ്യൂസ് കണക്കാക്കുന്ന രീതിയിൽ ആണ് വമ്പൻ മാറ്റം. ഓഗസ്റ്റ് 24 മുതൽ ദീർഘനേരമുള്ള വീഡിയോകൾക്കും ഷോർട്‌സിനും ഒരേ രീതിയിലാകും വ്യൂസ് കണക്കാക്കുകയെന്ന് പ്ലാറ്റ്‌ഫോം അറിയിച്ചു.
പുതിയ പരിഷ്കാരം അനുസരിച്ച്, ഒരു വീഡിയോ പ്ലേ ചെയ്യുന്ന നിമിഷം മുതൽ അതൊരു വ്യൂ ആയി കണക്കാക്കും. അതായത് വീഡിയോയുടെ ആദ്യ ഫ്രെയിം മുതൽ തന്നെ വ്യൂ എണ്ണപ്പെടും. ഇതിനായി കുറഞ്ഞ സമയം വീഡിയോ കാണണമെന്ന നിബന്ധന ഇനി ഉണ്ടാകില്ല. ആപ്പിന്റെ ഹോം സ്ക്രീനിൽ വീഡിയോകൾ ഓട്ടോപ്ലേ ആകുന്നത് പോലും വ്യൂ ആയി കണക്കാക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ALSO READ: 17 തവണ വൈകി എത്തി; ജീവനക്കാരനെ ജോലിയിൽ നിന്നും പിരിച്ചുവിട്ട് എഐ ബോസ്
ക്രിയേറ്റർമാർക്ക് ബ്രാൻഡ് ഡീലുകൾ എളുപ്പമാക്കുന്നതിനും അവരുടെ ഉള്ളടക്കത്തിന് ലഭിക്കുന്ന യഥാർത്ഥ വ്യാപ്തി വ്യക്തമാക്കുന്നതിനുമാണ് ഈ മാറ്റമെന്ന് യൂട്യൂബ് വ്യക്തമാക്കുന്നു. നേരത്തെ, വീഡിയോകളുടെ ഫോർമാറ്റുകൾക്ക് അനുസരിച്ച് വ്യത്യസ്ത രീതിയിലായിരുന്നു വ്യൂസ് കണക്കാക്കിയിരുന്നത്.
എങ്കിലും, ക്രിയേറ്റർമാർക്കിടയിൽ ഈ മാറ്റം സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. വ്യൂസ് വേഗത്തിൽ വർധിക്കുമെങ്കിലും, ശരാശരി വാച്ച് ഡ്യൂറേഷൻ കുറയുന്നത് ബ്രാൻഡ് ഡീലുകളെയും വരുമാനത്തെയും ബാധിച്ചേക്കാമെന്ന് ചില പ്രമുഖ യൂട്യൂബർമാർ ആശങ്കപ്പെടുന്നു.
യൂട്യൂബ് പാർട്ണർ പ്രോഗ്രാമിൽ ചേരുന്നതിനുള്ള വാച്ച് ടൈം മാനദണ്ഡം അടുത്തിടെ പ്ലാറ്റ്‌ഫോം ഇരട്ടിയാക്കിയിരുന്നു. അതിന് പിന്നാലെയാണ് വ്യൂസ് എണ്ണുന്ന രീതിയിലെ ഈ പുതിയ മാറ്റം വരുന്നത്. അതേസമയം, പ്രേക്ഷകർ എത്ര സമയം വീഡിയോ കണ്ടു എന്ന് കൃത്യമായി മനസ്സിലാക്കാൻ ക്രിയേറ്റർമാർക്ക് “എൻഗേജ്ഡ് വ്യൂസ്” എന്ന മെട്രിക് തുടർന്നും ലഭ്യമാകുമെന്ന് യൂട്യൂബ് അറിയിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here