ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ ബിഎസ്എഫ് ജവാനെ പൊലീസ് അറസ്റ്റ് ചെയ്തു. അമർജിത് സിംഗ് ആണ് അറസ്റ്റിലായത്. പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിൽ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം അതിനെ അപകടമരണമാക്കി തീർക്കാൻ ഇയാൾ ശ്രമിക്കുകയായിരുന്നു.
ആഗസ്റ്റ് 13-ന് രാത്രിയാണ് അവധിയിലായിരുന്ന അമർജിത് സിംഗ് വീട്ടിലെത്തിയത്. അന്ന് രാത്രി ഇയാൾ ഭാര്യ രാമയെ ക്രൂരമായി മർദ്ദിക്കുകയും പരുക്കേറ്റ യുവതി പിന്നീട് മരണപ്പെടുകയുമായിരുന്നു. ആഗസ്റ്റ് 14-ന് പുലർച്ചെ 4 മണിയോടെ രാമ മേൽക്കൂരയിൽ നിന്ന് വീണതായും പരുക്കേറ്റ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇയാൾ വീട്ടുകാരെ അറിയിച്ചു. എന്നാൽ ആശുപത്രിയിലെത്തിയ ബന്ധുക്കൾ രാമയുടെ ശരീരത്തിൽ നിരവധി മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയതോടെയാണ് മരണത്തിൽ സംശയം പ്രകടിപ്പിച്ചത്. തന്റെ മകൾ വിവാഹത്തിന് ശേഷം നിരന്തരമായി ഭർത്താവിൽ നിന്ന് ശാരീരിക പീഡനവും മാനസിക വിഷമങ്ങളും നേരിട്ടിരുന്നതായി രാമയുടെ പിതാവ് രാം ചന്ദ് ആരോപിച്ചു.
ALSO READ: ക്ഷേത്രഭരണം പിടിക്കാന്‍ തന്ത്രിക്കെതിരെ വ്യാജ പീഡന പരാതി; പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
കഴിഞ്ഞ 12 വർഷമായി വിവാഹിതരായ ഈ ദമ്പതികൾക്ക് ഒരു മകനും മകളുമുണ്ട്. സംഭവത്തിൽ അമർജിത് സിംഗിനെ കൂടാതെ ഇയാളുടെ അമ്മാവൻ കുൽദീപ് കുക്കി, അമ്മായി സോണിയ എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ സിംഗ് അറസ്റ്റിലായെങ്കിലും മറ്റ് രണ്ട് പ്രതികൾ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here