ദുൽഖർ സൽമാന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഐ ആം ഗെയിം. ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ട്രെയിലർ വരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു. ഇതോടെ ആരാധകർ വലിയ നിരാശയിലായി. എന്നാൽ വൈകാതെ തന്നെ ട്രെയിലർ റിലീസ് ചെയ്യുമെന്ന് വേഫെയർ ഫിലിംസ് അറിയിച്ചിട്ടുണ്ട്.
‘സാങ്കേതിക തകരാർ കാരണം ‘ഐ ആം ഗെയിം ട്രെയിലർ റിലീസ് മാറ്റിവെക്കുകയാണ്. ഏറ്റവും മികച്ച രീതിയിൽ ട്രെയിലർ അവതരിപ്പിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ തീയ്യതി ഉടൻ തന്നെ അറിയിക്കുന്നതാണ്. നിങ്ങളുടെ ക്ഷമയ്ക്കും പിന്തുണയ്ക്കും നന്ദി’ – ഇതായിരുന്നു ദുൽഖറിന്റെയും സിനിമയുടെ അണിയറ പ്രവർത്തകരുടെയും അറിയിപ്പ്.
ആർഡിഎക്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ ആം ഗെയിം. വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമാണ്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.
Also Read – ഹാപ്പി ബർത്ത് ഡേ ചാലൂ…; ദുൽഖറിന് വാപ്പച്ചിയുടെ പിറന്നാൾ സ്നേഹം
നൂറിലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രീകരണ വിശേഷങ്ങളും പായ്ക്കപ്പ് വിഡിയോയും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.
ജേക്സ് ബിജോയ് ആണ് സംഗീതം. അൻപറിവ് മാസ്റ്റേഴ്സ് ആണ് സംഘട്ടനം ഒരുക്കിയത്. ദുൽഖർ സൽമാനെ കൂടാതെ ആന്റണി വർഗീസ് പെപ്പെ, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരതന്നെയുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here