മോദിയുടെ പുതിയ വീഡിയോയെ പരിഹസിച്ച് സംഗീത സംവിധായകനും ഗായകനുമായ വിശാൽ ദദ്‍ലാനി. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാക്രമക്കേടിൽ കേന്ദ്ര സർക്കാരിനെതിരെ രാജ്യതലസ്ഥാനത്ത് ആഞ്ഞടിച്ച വിദ്യാർഥി പ്രക്ഷോഭത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച വിഡിയോയെ ആണ് അദ്ദേഹം വിമർശിച്ചത്. ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾ മോശം ഭാഷ ഉപയോഗിച്ചതിനെ വിമർശിച്ചായിരുന്നു മോദിയുടെ പുതിയ വീഡിയോ. വിദ്യാർഥികൾ, പ്രത്യേകിച്ച് പെൺകുട്ടികൾ മോശം ഭാഷ ഉപയോഗിച്ചത് തന്നെ വിഷമിപ്പിച്ചെന്നാണ് മോദി വീഡിയോയിൽ പറയുന്നത്. പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ മോദിയെ പരിഹസിച്ച് വിശാൽ ദദ്‍ലാനി വീഡിയോ പങ്കുവെച്ചു.
വിദ്യാർഥികൾ മോശം ഭാഷ ഉപയോഗിച്ചതിൽ മാത്രം ആശങ്ക പങ്കുവച്ച മോദിയെയാണ് അദ്ദേഹം വിമർശിച്ചത്. കുട്ടികൾക്കുനേരെ കണ്ണീർവാതകം പ്രയോഗിച്ചപ്പോഴും പെല്ലറ്റ് ഗൺ അടക്കം ഉപയോഗിച്ച് വെടിവെപ്പ് ഉണ്ടായപ്പോഴും ലാത്തിവീശിയപ്പോഴും മോദിക്ക് തോന്നാത്ത സങ്കടം കുട്ടികൾ അധിക്ഷേപ വാക്കുകൾ ഉപയോഗിച്ചപ്പോഴാണ് ഉണ്ടായതെന്ന് വിശാൽ കുറ്റപ്പെടുത്തി. കുട്ടികൾക്കെതിരെ എന്ത് ചെയ്താലും കുഴപ്പമില്ല, പക്ഷെ ചീത്ത വാക്കുകൾ ഉപയോഗിക്കരുത് എന്ന് പരിഹാസരൂപേണ അദ്ദേഹം വ്യക്തമാക്കി.
മോദിയെപ്പോലെ ‘ഹായ് ഫ്രണ്ട്സ്’ എന്ന് പറഞ്ഞ് തുടങ്ങിയ വിശാൽ ഇടയ്ക്ക് പ്രധാനമന്ത്രിയുടെ ശബ്ദം അനുകരിക്കുന്നുമുണ്ട്. കുട്ടികൾക്ക് പരുക്കേറ്റാലും കുഴപ്പമില്ല. എന്നാൽ കുട്ടികൾ അധിക്ഷേപ വാക്കുകൾ ഉപയോഗിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ സംസ്കാരത്തിന് ചേർന്നതല്ലെന്നാണ് മോദി പറയുന്നത്. ചിലപ്പോൾ ഗുണ്ടകൾ വീട്ടിലേക്ക് വന്നേക്കാം, ഫേഷ്യൽ റെകഗ്നിഷൻ വഴി എഫ്ഐആറും ഇട്ടേക്കാം. അതിലൊന്നും പക്ഷേ കുഴപ്പമില്ല കേട്ടോ, ചീത്തവിളിച്ചാലാണ് പ്രശ്നം, വിശാൽ പരിഹസിച്ചു.
ചോദ്യപേപ്പർ ചോർന്നതിലും കുട്ടികളുടെ ഭാവി നശിച്ചതിലും വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതിലും മാതാപിതാക്കളുടെ വിഷമത്തിലൊന്നുമല്ല ഈ രോഷം, കുട്ടികൾ ചീത്ത വിളിച്ചതിലാണ്. അതും പെൺകുട്ടികൾ ചീത്ത വിളിച്ചതാണ് പ്രധാനമന്ത്രിക്ക് ഏറ്റവും വലിയ പ്രശനമായി തോന്നിയത്. ഇത്തരത്തിൽ പെൺകുട്ടികളെയും ആൺകുട്ടികളെയും വേർതിരിക്കുന്നത് തന്നെ സ്ത്രീവിരുദ്ധതയാണ്. വെടിവയ്പ്പിന്റെയും മരണങ്ങളുടെയുമെല്ലാം കുറ്റം വിദ്യാർത്ഥികളുടെ തലയിൽ കെട്ടിവ്ക്കുന്നതാണ് ഗ്യാസ് ലൈറ്റിങ്, വിശാൽ തന്റെ വീഡിയോയിൽ മോദിക്ക് പറഞ്ഞുകൊടുത്തു.
കൂടാതെ അഹങ്കാരം കുറയ്ക്കാനും പിആർ തന്ത്രങ്ങൾ കുറക്കാനും അദ്ദേഹം മോദിയെ ഉപദേശിച്ചു. നിങ്ങളുണ്ടാക്കുന്ന റീലുകൾ വൃത്തികേടാണെന്നും അത് ദയവായി നിർത്തണമെന്നും മോദിയോട് ആവശ്യപ്പെട്ട വിശാൽ നല്ലൊരു സ്ക്രിപ്റ്റ് റൈറ്ററെ വെക്കാനും പ്രധാനമന്ത്രിയെയും പിആർ ടീമിനെയും ഉപദേശിക്കുന്നുമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here