മഹാത്മാഗാന്ധി സർവകലാശാലാ യൂണിയൻ സംഘടിപ്പിക്കുന്ന നാഷണൽ കോൺഫറൻസിന്റെ ഫണ്ട് തടഞ്ഞുവെച്ചുകൊണ്ടുള്ള സർവകലാശാലാ വൈസ് ചാൻസിലർ ഉത്തരവ് അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും രാഷ്ട്രീയ പ്രതികാരവുമാണെന്ന് എസ് എഫ് ഐ. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭർ പങ്കെടുക്കുന്ന, എല്ലാവിധ ഭരണാനുമതിയും ലഭിച്ച ഒരു ദേശീയ സെമിനാറിനെ, ക്യാമ്പസിലെ പ്രചാരണ ബോർഡുകളുടെ പേര് പറഞ്ഞ് അട്ടിമറിക്കാൻ നോക്കുന്ന വൈസ് ചാൻസലറുടെ നടപടി ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളോടുള്ള ഭയമാണ് തെളിയിക്കുന്നത്.
രാജ്യത്തെ വിദ്യാർത്ഥി സമരങ്ങളെയും ഭരണകൂട വേട്ടകളെയും പ്രതീകാത്മകമായി സൂചിപ്പിച്ചുകൊണ്ട്, ഒരു ‘അധികാര ബൂട്ടിന് മുന്നിൽ തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന പാറ്റ’യുടെ ചിത്രം പ്രചാരണ ബോർഡിൽ ഉൾപ്പെടുത്തി എന്നതാണ് വൈസ് ചാൻസിലറെ ചൊടിപ്പിച്ചത്. സർവ്വകലാശാല ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടികളിൽ യാതൊരുവിധ രാഷ്ട്രീയവും പാടില്ല എന്ന വിചിത്രമായ സർക്കുലർ ഇറക്കി കൊണ്ടാണ് വൈസ് ചാൻസലർ വിദ്യാർത്ഥി യൂണിയന്റെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മുകളിൽ കടന്നു കയറിയത്. പ്രചരണ ബോർഡുകൾ യൂണിവേഴ്സിറ്റിയിൽ നിന്നും എടുത്തു മാറ്റണം എന്ന താക്കീത് നൽകിയിരുന്നെങ്കിലും തങ്ങളുടെ സ്വാതന്ത്രത്തെ പറ്റിയും, അവകാശങ്ങളെ പറ്റിയും വ്യക്തമായി ബോധമുള്ള MGU വിലെ വിദ്യാർത്ഥി സമൂഹം ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ പ്രതികാര നടപടിയായാണ് നാഷണൽ കോൺഫറൻസിനായി അനുവദിച്ചിരുന്ന തുക സർവകലാശാലക്ക് തിരികെ അടക്കാൻ ഉത്തരവ് ഇറക്കിയത്.
ALSO READ: എം.ജിയിലെ പാറ്റ പോസ്റ്റർ വിവാദം; നാഷണൽ കോൺഫറൻസിന് അനുവദിച്ച തുക തിരിച്ചടയ്ക്കാൻ നിർദ്ദേശം നൽകി വി.സി
ഫാസിസത്തിന്റെ ബൂട്ടിനടിയിൽ അമരാൻ വിസമ്മതിക്കുന്ന വിദ്യാർത്ഥി യൗവനത്തിന്റെ പ്രതീകത്തെ കണ്ട് ഭയപ്പെടുന്ന വൈസ് ചാൻസലർ, താൻ ആരുടെ ദാസ്യവേലയാണ് ചെയ്യുന്നതെന്ന് ഈ നടപടിയിലൂടെ സ്വയം തെളിയിച്ചിരിക്കുകയാണ്.
ഒരു ദേശീയ സെമിനാറിന്റെ പ്രചാരണ ബോർഡിൽ ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധം ചിത്രീകരിക്കുന്നത് എങ്ങനെയാണ് ചട്ട വിരുദ്ധമാകുന്നത് ? ഉന്നതമായ ആശയങ്ങളും സംവാദങ്ങളും നടക്കേണ്ട സർവകലാശാലകളിൽ, യാതൊരു രാഷ്ട്രീയവും പാടില്ല എന്നും സംഘപരിവാർ അജണ്ട നടപ്പിലാക്കാനും വിദ്യാർത്ഥികളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ കരിനിയമങ്ങൾ കൊണ്ട് അടിച്ചമർത്താനുമാണ് വി.സി ശ്രമിക്കുന്നത്. ഇത് അംഗീകരിച്ചു നൽകാൻ സർവ്വകലാശാലയിലെ പ്രബുദ്ധ വിദ്യാർത്ഥി സമൂഹം തയ്യാറല്ല. സംഘപരിവാർ ശാലയിൽ നിന്നും പഠിച്ച പാഠങ്ങൾ സർവകലാശാലയിൽ ഇറക്കുവാൻ പ്രൊ ഡി മാവൂത് എന്ന സംഘി വൈസ് ചാൻസിലറെ എസ് എഫ് ഐ അനുവദിക്കില്ല. സംഘപരിവാർ വി.സി-യുടെ ജനാധിപത്യ വിരുദ്ധ ഉത്തരവ് ഉടനടി പിൻവലിക്കാൻ തയാറാകണം. നാഷണൽ കോൺഫറൻസിനുള്ള ഫണ്ട് പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭവുമായി എസ്.എഫ്.ഐ മുന്നോട്ട് നീങ്ങും. വൈസ് ചാൻസിലറുടെ ഏകാധിപത്യ നടപടികൾക്കെതിരെ അതി ശക്തമായ സമരപ്രക്ഷോഭം ഉയർത്തുമെന്ന് എസ്എഫ്ഐ എം ജി സർവകലാശാല സബ് കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here