യു.എ.ഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് ഇനി ഒമാനിലേക്ക് കൂടുതൽ എളുപ്പത്തിൽ യാത്ര ചെയ്യാം. എമിറേറ്റ്സ് ഐഡിയിൽ രേഖപ്പെടുത്തിയ തൊഴിൽ അടിസ്ഥാനമാക്കി നിരവധി വിഭാഗങ്ങൾക്ക് ഒമാൻ വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമാണ്. അംഗീകൃത തൊഴിൽ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്കാണ് ഈ ആനുകൂല്യം. യു.എ.ഇ റസിഡന്റുകളിൽ ഒമാൻ അധികൃതർ അംഗീകരിച്ച തൊഴിൽ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് വിസ ഓൺ അറൈവൽ സൗകര്യം ലഭിക്കും. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രത്യേക വിസ കൗണ്ടറുകളിൽ എമിറേറ്റ്സ് ഐഡിയും കുറഞ്ഞത് ആറുമാസം കാലാവധിയുള്ള പാസ്‌പോർട്ടും ഹാജരാക്കി 48 ദിർഹം ഫീസ് അടച്ചാൽ 28 ദിവസം വരെ ഒമാനിൽ പ്രവേശിച്ച് താമസിക്കാം.
ലാൻഡ് ബോർഡർ ക്രോസിംഗുകളിലൂടെയും വിസ ഓൺ അറൈവൽ ലഭിക്കും. 35 ദിർഹമാണ് ഇവിടെ ഫീസ് നൽകേണ്ടത്. സ്‌പോൺസറുടെ ആവശ്യമില്ലാതെ റോയൽ ഒമാൻ പോലീസിന്റെ ഇ-വിസ സംവിധാനത്തിലൂടെയും അപേക്ഷിക്കാനുള്ള സൗകര്യമുണ്ട്.
അതേസമയം, വിസ ഓൺ അറൈവലും ഇ-വിസയും ഒമാൻ അധികൃതർ അംഗീകരിച്ച തൊഴിൽ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് മാത്രമാണ് ലഭിക്കുക. ഡോക്ടർമാർ, എൻജിനീയർമാർ, അക്കൗണ്ടന്റുമാർ, ആർക്കിടെക്ടുമാർ, കമ്പ്യൂട്ടർ, സോഫ്റ്റ്‌വെയർ വിദഗ്ധർ, ഫാർമസിസ്റ്റുമാർ, അധ്യാപകർ, മാധ്യമ പ്രവർത്തകർ, ബിസിനസുകാർ, നിക്ഷേപകർ, സെയിൽസ് എക്സിക്യൂട്ടീവുകൾ തുടങ്ങി നിരവധി പ്രൊഫഷണലുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. അംഗീകൃത തൊഴിൽ പട്ടികയിൽ ഉൾപ്പെടാത്തവർ ട്രാവൽ ഏജൻസിയിലൂടെയോ, ഒമാൻ എംബസിയിലൂടെയോ, ഒമാനിലുള്ള ബന്ധുവിന്റെ സ്പോൺസർഷിപ്പിലൂടെയോ സന്ദർശക വിസയ്ക്ക് അപേക്ഷിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here