ഒന്നും അറിയാത്ത കുട്ടിയല്ല ; വിസ്മയ മോഹൻലാലിന്റെ വാക്കുകൾ വൈറലാകുന്നു

Vismaya Mohanlal thudakkam movie interview

തുടക്കം എന്ന സിനിമയിലൂടെ മലയാളസിനിമാ അഭിനയ രം​ഗത്തേക്ക് ചുവടുവെക്കുകയാണ് മോഹൻലാലിന്റെ മകൾ വിസ്മയ. ആ​ഗസ്ത് ഏഴിന് ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടയിലാണ് ദില്ലി ജന്തർമന്ദിറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം അറിയിച്ച് വിസ്മയ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റിട്ടത്. ഇത് വലിയ ചർച്ചയായി. ഇത്തരം സാമൂഹ്യവിഷയങ്ങളൊന്നും അറിയുന്ന കുട്ടിയല്ലെന്നും രാജ്യത്തിന് പുറത്താണ് വിസ്മയ ജീവിച്ചതെന്നും സംവിധായകൻ മേജർ രവി അന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ മേജർ രവിയുടെ ധാരണകളെ പൊളിച്ചടുക്കിക്കൊണ്ടാണ് ഇപ്പോൾ വിസ്മയയുടെ അഭിമുഖം പുറത്ത് വന്നിരിക്കുന്നത്.

പൊതുകാര്യങ്ങളെ കുറിച്ച് നല്ല ധാരണയോടെയും കാഴ്ചപ്പാടോടെയും സംസാരിക്കുന്ന വിസ്മയെയാണ് അഭിമുഖത്തിൽ കാണാനാകുന്നത്. തന്റെ പഠനം, യാത്രകൾ, ചിത്രംവര, കവിതയെഴുത്ത്, മാർഷ്യൽ ആർട്സ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം വിസ്മയ സംസാരിക്കുന്നുണ്ട്.

“ഒരു മൈക്രോസ്കോപ്പിന് കീഴിലാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ചുറ്റുപാടും നിരീക്ഷിക്കപ്പെടുമെന്ന് എനിക്കറിയാം. അച്ഛന്റെ കൂടെ എയർപോർട്ടിൽ പോകുമ്പോഴൊക്കെ എനിക്കങ്ങനെ തോന്നിയിട്ടുണ്ട്. മറ്റുള്ള അവസരങ്ങളിലൊന്നും അങ്ങനെ അനുഭവപ്പെട്ടിട്ടില്ല. കേരളത്തിൽ ജീവിച്ചത് വളരെ കുറവാണ്. കൂടുതലും മറ്റ് സ്ഥലങ്ങളിലായിരുന്നു. പറയുന്ന കാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തപ്പെടുമെന്ന് എനിക്കറിയാം. അച്ഛനെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ടാകാം. അവരുടെയെല്ലാം അഭിപ്രായങ്ങൾ എന്നിലേക്കും വരും. പക്ഷേ സോഷ്യൽമീഡിയയിൽ ഞാൻ കമന്റ് ബോക്സ് നോക്കാറില്ല.” – വിസ്മയ പറഞ്ഞു.

Also Read – ‘കാല് മുന്നിലിരിക്കുന്നോര്ടെ തലയിലേക്ക് നീട്ടിയുള്ള വയ്പില്ല, അസ്ഥാനത്തെ അട്ടഹാസമില്ല’; പുതിയ തലമുറയിലെ കുട്ടികൾക്കൊപ്പം ‘സ്പൈഡർമാൻ’ കണ്ടതി​ന്റെ അനുഭവം പങ്കുവെച്ച് ആർ രാജശ്രീ

ഫിറ്റ്നസും ശരീരഭാരവും രണ്ടാണ് എന്ന വിസ്മയയുടെ അഭിപ്രായവും വലിയ ചർച്ചയായിരിക്കുകയാണ്. ഏകദേശം 100 കിലോയോളം ഭാരമുണ്ടായിരുന്ന ആളാണ് താനെന്നും പടികൾ കയറുമ്പോൾ പലപ്പോഴും ശ്വാസംമുട്ടുമായിരുന്നുവെന്നും വിസ്മയ പറഞ്ഞു. “എന്തിനാണ് ഇത്രയും കിതയ്ക്കുന്നതെന്ന് പലപ്പോഴും സുഹൃത്തുക്കൾ ചോദിച്ചിട്ടുണ്ട്. ആദ്യകാലത്തൊക്കെ ശരീരഭാരത്തെക്കുറിച്ച് വല്ലാതെ ചിന്തിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ സമൂഹത്തിലും മാറ്റം വന്നുതുടങ്ങി. 98 കിലോ ഉണ്ടായാലും ഒരാൾക്ക് ഫിറ്റാകാം. ശരീരഭാരവും ഫിറ്റ്നസും രണ്ടാണ്”. തായ്‌ലൻഡിൽ പഠിച്ച മുയ് തായ് പരിശീലനമാണ് തന്നെ ശാരീരികമായും മാനസികമായും മാറ്റിമറിച്ചതെന്നും വിസ്മയ അഭിമുഖത്തിൽ പറയുന്നുണ്ട്.

താരത്തിന്റെ കാഴ്ചപ്പാടിന് സാമൂഹ്യമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

“മലയാളം സംസാരിക്കുന്നതാണ് അഭിനയത്തേക്കാൾ ബുദ്ധിമുട്ടേറിയത്. യഥാർത്ഥ ശൈലിയിൽ മലയാളം സംസാരിക്കാൻ ഇനിയും പഠിക്കാനുണ്ട്. സഭാകമ്പം കൂടുതലായുള്ള ആളാണ് ഞാൻ. ഒന്നുരണ്ട് നാടകങ്ങൾ ചെയ്തതോടെയാണ് അത് കുറഞ്ഞുവന്നത്. അങ്ങനെയാണ് സിനിമയിൽ ഒന്ന് ശ്രമിച്ചുനോക്കാമെന്ന് തോന്നൽ ഉണ്ടായത്. ഓരോ സീനെടുക്കുമ്പോഴും ടെൻഷനായിരുന്നു. എന്റെ മലയാളം ശരിയാകാൻ വേണ്ടി മാത്രം നിരവധി ടേക്കുകൾ പോയിട്ടുണ്ട്. എല്ലാവരും നല്ല സഹകരണമായിരുന്നു. അച്ഛനും ഒരു നായക്കുട്ടിയും മാത്രമുള്ള ലോകത്ത് ജീവിക്കുന്ന മീനു എന്ന സാധാരണ പെൺകുട്ടിയുടെ കഥയാണ് തുടക്കം. മോഹൻലാൽ സിനിമയിലുണ്ട്. പക്ഷേ ആ കഥാപാത്രത്തെ കുറിച്ച് എനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല. അത് സർപ്രൈസ് ആണ്. – വിസ്മയ പറഞ്ഞു.

Also Read – കാത്തിരുന്ന ‘ബാലനും’ എത്തുന്നു; ഏറ്റവും പുതിയ ഒടിടി റിലീസുകൾ… എവിടെ എപ്പോൾ കാണാം?

സിനിമയിൽ അഭിനയിക്കുന്ന കാര്യം പ്രണവിനോട് പറഞ്ഞപ്പോൾ അടിച്ചുപൊളിക്ക് എന്നായിരുന്നു മറുപടിയെന്നും എന്നാൽ “ഇത് നിന്റെ സ്വന്തം ജീവിതമാണ്, എങ്ങനെ മുന്നോട്ട് പോകണമെന്ന് സ്വയം കണ്ടെത്തണം” എന്ന ഉപദേശമായിരുന്നു മോഹൻലാലിന്റെ ഭാ​ഗത്തുനിന്നും ഉണ്ടായതെന്നും വിസ്മയ കൂട്ടിച്ചേർത്തു. അമ്മയുണ്ടായത് കൊണ്ടാണ് സിനിമയിലേക്കുള്ള യാത്ര സംഭവിച്ചതെന്നും എല്ലാതരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യാൻ തയ്യാറാണെന്നും തുറന്നുപറഞ്ഞ താരം ഇനി സിനിമയിൽ സജീവമാകാനാണ് ആ​ഗ്രഹമെന്നും സൂചിപ്പിച്ചു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News