ദില്ലി പൊലീസ് തന്നെ പിന്തുടരുകയാണെന്ന് എസ് എഫ് ഐ അഖിലേന്ത്യ ജോയിൻ്റെ സെക്രട്ടറി ഐഷി ഘോഷ്. ഞാൻ എ കെ ജി ഭവനിൽ ഉണ്ടെന്ന് പൊലിസ് എങ്ങനെ അറിഞ്ഞുവെന്നും എൻ്റെ വിവരങ്ങൾ എങ്ങനെ പൊലീസിന് ലഭിക്കുന്നുവെന്നും അവർ ചോദിച്ചു. ദില്ലിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു എസ് എഫ് ഐ നേതാക്കൾ.
നാളെയാണ് തൻ്റെ കേസിൽ വാദം വെച്ചിരിക്കുന്നത്. നാളെ ഹാജരാകാൻ ഇരിക്കെയാണ്, പൊലീസിൻ്റെ ഇത്തരം ഒരു നടപടി. താൻ നൽകിയ ഹർജി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് തനിക്ക് മുകളിൽ വലിയ സമ്മർദം ചെലുത്തുന്നുവെന്നും ഫോൺ നിരന്തരം നിരീക്ഷിക്കുന്നുവെന്നും ഐഷി ഘോഷ് പറഞ്ഞു. പുതിയ കേസുകൾ എടുക്കരുതെന്ന് സുപ്രിംകോടതി നിർദേശം ഉള്ളതിനാൽ, പഴയ കേസുകൾ എടുത്തു വേട്ടയാടുന്നു. തനിക്ക് എതിരെ പട്യാല ഹൗസ് കോടതിയിൽ 12 കേസുകൾ ഉണ്ട്.
എന്നെ അറസ്റ്റ് ചെയ്യാൻ ആണെങ്കിൽ പൊലീസിന് എൻ്റെ ഹോസ്റ്റലിലോ വീട്ടിലോ, ഓഫീസിലോ വരാമല്ലോയെന്നും എങ്ങനെ ആണ് എ കെ ജി ഭവനിൽ എത്തുകയെന്നും ഐഷി ഘോഷ് ചോദിച്ചു. ദില്ലിയിൽ ഇന്നലെ എ കെ ജി ഭവനിൽ എത്തി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സി പി ഐ എം ഡോ ജോൺ ബ്രിട്ടാസ് എം പി ഉൾപ്പെടെയുള്ള നേതാക്കളും ചേർന്ന് തടയുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here