കാറിന്റെ മുൻപിലെയും പുറകിലെയും ഗ്ലാസ്സുകളുടെ വശങ്ങളിൽ കറുത്ത നിറത്തിലുള്ള ഒരു ബോർഡറും, അതിനോട് ചേർന്ന് ചെറിയ ചെറിയ കറുത്ത കുത്തുകളും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. പലരും വിചാരിക്കുന്നത് ഇത് കാറിലെ വെറുമൊരു ഡിസൈൻ ആണെന്നാണ്. എന്നാൽ കറുത്ത കുത്തുകൾക്ക് പിന്നിൽ ഒരു രഹസ്യമുണ്ട്.
ഈ കറുത്ത ബോർഡറിനെയും കുത്തുകളെയും ‘ഫ്രിറ്റ്’എന്നാണ് ഓട്ടോമൊബൈൽ രംഗത്ത് വിളിക്കുന്നത്. സെറാമിക് പെയിന്റ് ഉയർന്ന ചൂടിൽ ഗ്ലാസ്സിലേക്ക് ഉരുകിച്ചേർത്താണ് ഇത് നിർമ്മിക്കുന്നത്. ഇത് ഒരിക്കലും ചുരണ്ടി മാറ്റാൻ കഴിയില്ല.
കാറിന്റെ ബോഡിയിലേക്ക് വിൻഡ്ഷീൽഡ് ഗ്ലാസ്സ് ഒട്ടിച്ചു വെക്കാൻ ഒരു പ്രത്യേക തരം പശയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ പശയ്ക്ക് ഗ്ലാസ്സിൽ നേരിട്ട് ഒട്ടിപ്പിടിക്കാനുള്ള ശേഷി കുറവാണ്. ഫ്രിറ്റിന്റെ പരുക്കനായ പ്രതലം ഈ പശയെ ഗ്ലാസ്സുമായി ശക്തമായി ഒട്ടിച്ചു നിർത്താൻ സഹായിക്കുന്നു. ഇത് കാരണമാണ് വണ്ടി എത്ര വലിയ കുഴിയിൽ വീണാലും ഗ്ലാസ്സ് ഇളകിപ്പോകാത്തത്.
also read; മുംബൈ മലയാളികൾക്ക് സന്തോഷവാർത്ത; ഓണത്തിന് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ
സൂര്യന്റെ കടുത്ത അൾട്രാവയലറ്റ് രശ്മികൾ നിരന്തരം തട്ടിയാൽ ഗ്ലാസ്സ് ഒട്ടിക്കാൻ ഉപയോഗിച്ച പശ ഉരുകിപ്പോകാനും അതിന്റെ ബലം നഷ്ടപ്പെടാനും സാധ്യതയുണ്ട്. കറുത്ത നിറത്തിലുള്ള ഈ ഫ്രിറ്റ് ബോർഡർ യുവി രശ്മികളെ തടയുകയും പശ കേടുകൂടാതെ ദീർഘകാലം സംരക്ഷിക്കുകയും ചെയ്യുന്നു.
വെയിലത്ത് വണ്ടി കിടക്കുമ്പോൾ കറുത്ത ബോർഡർ ഭാഗം പെട്ടെന്ന് ചൂടാകും. അതികഠിനമായ ചൂട് കാരണം ഗ്ലാസ്സിൽ വലിയ സമ്മർദ്ദം ഉണ്ടാകുകയും ഗ്ലാസ്സ് തനിയെ പൊട്ടിപ്പോകാൻ സാധ്യതയുണ്ടാകുകയും ചെയ്യും. ഇത് തടയാനാണ് കറുത്ത വലിയ ബോർഡറിന് ശേഷം ചെറിയ കുത്തുകൾ നൽകുന്നത്.
കാറിന്റെ ഉള്ളിൽ നിന്നും നോക്കുമ്പോൾ ഗ്ലാസ്സ് ഒട്ടിക്കാൻ ഉപയോഗിച്ച പശയും അതിന്റെ വശങ്ങളും കാണാൻ വലിയ ഭംഗിയുണ്ടാകില്ല. ഈ ഫ്രിറ്റ് ബോർഡർ ആ പശയെ പുറത്തുനിന്ന് കാണാത്ത രീതിയിൽ മറച്ചുപിടിക്കുന്നു. കൂടാതെ ഡ്രൈവർമാരുടെ കണ്ണിലേക്ക് സൂര്യപ്രകാശം നേരിട്ട് അടിച്ച് കാഴ്ച മറയാതിരിക്കാൻ റിയർ വ്യൂ മിററിന് തൊട്ടുപുറകിലും ഇത്തരം കുത്തുകൾ നൽകാറുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here