സംസ്ഥാനത്ത് ഓണക്കാലത്ത് സാധാരണക്കാരെ വരിഞ്ഞുമുറുക്കി വിലക്കയറ്റം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പി. എ. മുഹമ്മദ് റിയാസ്. ജനങ്ങൾക്ക് ആശ്വാസം നൽകേണ്ട സർക്കാർ അവരുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ ശക്തിപ്പെടുത്തിയ വിപണി ഇടപെടൽ സംവിധാനങ്ങൾ യുഡിഎഫ് സർക്കാർ തകർത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുവിപണിയിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണെന്ന് റിയാസ് വ്യക്തമാക്കുന്നു. അരിക്ക് കിലോയ്ക്ക് 15 രൂപ വരെയാണ് വർധിച്ചത്. വെളിച്ചെണ്ണ വിലയാകട്ടെ 300 രൂപ കടന്നിരിക്കുന്നു. പച്ചക്കറികൾക്കും പയർവർഗങ്ങൾക്കും തീവിലയാണ്. കുടുംബബജറ്റുകൾ താളംതെറ്റുമ്പോൾ സാധാരണക്കാരന് താങ്ങാകേണ്ട ഓണക്കിറ്റുകൾ പോലും റേഷൻ കടകളിൽ പൂർണ്ണമായി എത്തിയിട്ടില്ല.
റേഷൻ വിഹിതം വെട്ടിക്കുറച്ചതിനെതിരെയും അദ്ദേഹം ശക്തമായി വിരൽചൂണ്ടി. കഴിഞ്ഞ ഓണക്കാലത്ത് വെള്ളക്കാർഡുകാർക്ക് 10.90 രൂപ നിരക്കിൽ 15 കിലോ അരി നൽകിയിരുന്ന സ്ഥാനത്ത് ഇന്ന് വെറും 7 കിലോ മാത്രമാണ് നൽകുന്നത്. പിങ്ക് കാർഡുകാർക്കുള്ള സ്പെഷ്യൽ അരി വിതരണം പൂർണ്ണമായും നിർത്തലാക്കി. മുൻപ് 25 രൂപയ്ക്ക് നൽകിയിരുന്ന അരിക്ക് ഇപ്പോൾ 33 രൂപയായി വില വർധിപ്പിച്ചു.
സപ്ലൈകോയിൽ ഇന്ന് പല അവശ്യസാധനങ്ങളും ലഭ്യമല്ലെന്നും ലഭ്യമായവയുടെ വില സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്ത് സപ്ലൈകോ വഴി പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭ്യമാക്കിയിരുന്നു. വെളിച്ചെണ്ണയ്ക്കും മുളകിനും ഇരട്ടി സബ്സിഡിയാണ് അന്ന് ജനങ്ങൾക്ക് നൽകിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാർ ഗോതമ്പ് വിഹിതം പുനഃസ്ഥാപിച്ചതിനാലാണ് സ്പെഷ്യൽ അരി വിഹിതം കുറച്ചതെന്ന സർക്കാരിന്റെ വാദവും റിയാസ് തള്ളി. ഗോതമ്പ് വിഹിതം പുനഃസ്ഥാപിച്ച ശേഷവും കഴിഞ്ഞ വിഷുക്കാലത്ത് എൽ.ഡി.എഫ് സർക്കാർ 10.90 രൂപ നിരക്കിൽ സ്പെഷ്യൽ അരി വിജയകരമായി നൽകിയിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
വിലക്കയറ്റത്തിൽ ജനങ്ങൾ പൊറുതിമുട്ടുമ്പോൾ സർക്കാർ കേവലം കാഴ്ചക്കാരായി നിൽക്കരുതെന്ന് റിയാസ് ആവശ്യപ്പെട്ടു. ഓണക്കാലത്ത് സാധാരണക്കാരന് ആശ്വാസം നൽകാൻ യുഡിഎഫ് സർക്കാർ തയ്യാറാകണമെന്നും താഴെ പറയുന്ന ആവശ്യങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ALSO READ: ഇടുക്കിയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ തൊഴിലാളി സ്ത്രീയ്ക്ക് പരുക്കേറ്റു
പോസ്റ്റിന്റെ പൂർണരൂപം
ഓണത്തിന് സാധാരണക്കാരന് വിലക്കയറ്റത്തിന്റെ ആഘാതം!
അരിക്ക് കിലോയ്ക്ക് ₹15 വരെ വർധന.
വെളിച്ചെണ്ണ ₹300 കടന്നു.
പച്ചക്കറിക്കും പയർവർഗങ്ങൾക്കും തീവില. കുടുംബബജറ്റ് താളംതെറ്റുമ്പോൾ ആശ്വാസമാകേണ്ട ഓണക്കിറ്റുകൾ പോലും റേഷൻ കടകളിൽ പൂർണ്ണമായി എത്തിയിട്ടില്ല.
എൽ.ഡി.എഫ് സർക്കാർ ശക്തിപ്പെടുത്തിയ വിപണി ഇടപെടൽ സംവിധാനങ്ങളെ യുഡിഎഫ് സർക്കാർ തകർത്തതിന്റെ ഫലമാണ് ഇന്ന് ജനങ്ങൾ അനുഭവിക്കുന്നത്.
കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്ത് സപ്ലൈകോ വഴി പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിൽ അവശ്യസാധനങ്ങൾ ലഭിച്ചിരുന്നു. വെളിച്ചെണ്ണയ്ക്കും മുളകിനും ഇരട്ടി സബ്സിഡിയും നൽകി.
ഇന്ന് സപ്ലൈകോയിൽ സാധനങ്ങൾ പലതും ലഭ്യമല്ല; ലഭിക്കുന്നവയുടെ വിലയാകട്ടെ സാധാരണക്കാർക്ക് താങ്ങാനാകാത്തതും.
കഴിഞ്ഞ ഓണത്തിന് വെള്ളക്കാർഡുകാർക്ക് ₹10.90 നിരക്കിൽ 15 കിലോ അരി നൽകിയപ്പോൾ ഇന്ന് വെറും 7 കിലോ. പിങ്ക് കാർഡുകാർക്കുള്ള സ്പെഷ്യൽ അരി പൂർണ്ണമായും നിർത്തലാക്കി.
. ₹25ന് നൽകിയിരുന്ന അരിക്ക് ഇപ്പോൾ ₹33.
ജനങ്ങൾക്ക് ആശ്വാസം നൽകേണ്ട സർക്കാർ അവരുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണ്.
കേന്ദ്രസർക്കാർ ഗോതമ്പ് വിഹിതം പുനഃസ്ഥാപിച്ചതിനാലാണ് സ്പെഷ്യൽ അരി കുറച്ചതെന്ന വാദവും അംഗീകരിക്കാനാകില്ല. ഗോതമ്പ് വിഹിതം പുനഃസ്ഥാപിച്ച ശേഷവും കഴിഞ്ഞ വിഷുക്കാലത്ത് എൽ.ഡി.എഫ് സർക്കാർ ₹10.90 നിരക്കിൽ സ്പെഷ്യൽ അരി നൽകിയിരുന്നു.
വിലക്കയറ്റത്തിൽ ജനങ്ങൾ പൊറുതിമുട്ടുമ്പോൾ സർക്കാർ കാഴ്ചക്കാരായി നിൽക്കരുത്.
സപ്ലൈകോയിലും ഹോർട്ടികോർപ്പിലും ആവശ്യമായ സാധനങ്ങൾ ഉറപ്പാക്കുക.
സബ്സിഡികൾ പുനഃസ്ഥാപിക്കുക.
റേഷൻ വിഹിതം വെട്ടിക്കുറയ്ക്കുന്നത് അവസാനിപ്പിക്കുക.
വിപണിയിൽ അടിയന്തരമായി ഇടപെടുക.
ഓണക്കാലത്ത് സാധാരണക്കാരന് ആശ്വാസം നൽകാൻ യുഡിഫ് സർക്കാർ തയ്യാറാകണം.
-പി എ മുഹമ്മദ് റിയാസ്-
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here