കുവൈത്തിലെ എക്സ്ചേഞ്ച് കമ്പനികൾ ഡിജിറ്റൽ ആപ്ലിക്കേഷനുകൾ വഴിയുള്ള പണമിടപാടുകൾക്ക് നിയന്ത്രണം ശക്തമാക്കി. സാമ്പത്തിക ഇടപാടുകളിലെ നിരീക്ഷണം ശക്തമാക്കുന്നതിനും തട്ടിപ്പുകളും അനധികൃത പണമിടപാടുകളും തടയുന്നതിനുമാണ് നടപടി.
ചില കമ്പനികൾ ഓൺലൈൻ വഴിയുള്ള പ്രതിദിന പണമിടപാട് പരിധി 2,500 ദിനാറായി കുറച്ചു. നേരത്തെ ചില കമ്പനികളിൽ 10,000 ദിനാർ വരെ പണമയയ്ക്കാൻ സൗകര്യമുണ്ടായിരുന്നു. മറ്റു ചില കമ്പനികൾ പ്രതിദിന പരിധി 3,000 ദിനാറായാണ് നിശ്ചയിച്ചിരിക്കുന്നത്.
നിശ്ചിത പരിധിക്ക് മുകളിലുള്ള തുക അയയ്ക്കുന്നവരിൽ നിന്ന് ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപ്പെടെ പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന രേഖകൾ ആവശ്യപ്പെട്ടേക്കും. ഉപഭോക്താവിന്റെ വരുമാനവും സാമ്പത്തിക പശ്ചാത്തലവും കൈമാറുന്ന തുകയുമായി പൊരുത്തപ്പെടുന്ന സാഹചര്യത്തിൽ മാത്രമായിരിക്കും ഉയർന്ന തുകയ്ക്കുള്ള ഇടപാടുകൾ അനുവദിക്കുക. ഓൺലൈൻ ഇടപാടുകളിലെ തിരിച്ചറിയൽ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ‘മൈ ഐഡന്റിറ്റി’ വഴിയുള്ള സ്ഥിരീകരണത്തിന് പുറമെ അധിക സുരക്ഷാ പരിശോധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ആപ്ലിക്കേഷനുകൾ ലക്ഷ്യമിട്ടുള്ള സൈബർ തട്ടിപ്പുകൾ വർധിച്ച സാഹചര്യത്തിലാണ് സുരക്ഷാ നടപടികൾ കടുപ്പിച്ചത്.
Also Read; ന്യൂയോർക്കിൽ പിസ ഡെലിവറിക്കിടെ പഞ്ചാബ് സ്വദേശി വെടിയേറ്റ് മരിച്ചു
എക്സ്ചേഞ്ച് കമ്പനികളുടെ ശാഖകളിൽ നേരിട്ടെത്തി നടത്തുന്ന ഇടപാടുകളിൽ ഉപഭോക്താവിന്റെ തിരിച്ചറിയൽ, പണമിടപാടിന്റെ ഉദ്ദേശ്യം, അനുബന്ധ രേഖകൾ എന്നിവ ജീവനക്കാർക്ക് നേരിട്ട് പരിശോധിക്കാനാകും. ഇതുവഴി അനധികൃത ഇടപാടുകളുടെ സാധ്യത കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ.
നേരത്തെ കറൻസി വാങ്ങൽ, വിൽപ്പന ഉൾപ്പെടെയുള്ള പണമായുള്ള ഇടപാടുകളുടെ പ്രതിദിന പരിധി സെൻട്രൽ ബാങ്ക് ഒരാൾക്ക് 3,000 ദിനാറിൽനിന്ന് 1,000 ദിനാറായി കുറച്ചിരുന്നു. ചില എക്സ്ചേഞ്ച് കമ്പനികൾ 3,000 ദിനാറിന് മുകളിലുള്ള പണമിടപാടുകൾക്ക് ബാങ്ക് സ്റ്റേറ്റ്മെന്റ് നിർബന്ധമാക്കിയപ്പോൾ മറ്റു ചില കമ്പനികൾ 1,500 ദിനാറിന് മുകളിലുള്ള ഇടപാടുകൾക്കും ഇത് ആവശ്യപ്പെടുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here