മുലപ്പാൽ വെറുമൊരു ഭക്ഷണമല്ല, മറിച്ച് നൂറുകണക്കിന് ജൈവഘടകങ്ങളും ഹോർമോണുകളും ഇമ്മ്യൂണോഗ്ലോബുലിനുകളും അടങ്ങിയ ഒരു സജീവ ജൈവ ദ്രാവകമാണ്. കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കും രോഗപ്രതിരോധ ശേഷിക്കും ഇത് എത്രത്തോളം പ്രധാനമാണെന്ന് നോക്കാം.
ഗട്ട്-ബ്രെയിൻ ആക്സിസും തലച്ചോറിന്റെ വികാസവും
മുലപ്പാലിലെ ഹ്യൂമൻ ഒലിഗോസാക്കറൈഡുകൾ കുഞ്ഞിന്റെ കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നു. കുടലിന്റെ ആരോഗ്യവും തലച്ചോറിന്റെ വികാസവും തമ്മിൽ ബന്ധിപ്പിക്കുന്ന ‘ഗട്ട് ബ്രെയിൻ ആക്സിസ്’ വഴി ഇത് കുഞ്ഞിന്റെ ന്യൂറോണുകളുടെയും നാഡീകോശങ്ങളുടെയും വളർച്ചയെ ഉത്തേജിപ്പിക്കുന്നു
മുലപ്പാലിലുള്ള DHA, അരക്കിഡോണിക് ആസിഡ്, കോളിൻ, പ്രത്യേക പ്രോട്ടീനുകൾ എന്നിവ കുഞ്ഞിന്റെ തലച്ചോറിലെ വൈറ്റ് മാറ്ററിന്റെ വളർച്ചയ്ക്കും ബുദ്ധിശക്തി വർദ്ധിക്കുന്നതിനും സഹായിക്കുന്നു.
ആദ്യത്തെ മഞ്ഞപ്പാലും അപസ്മാര നിയന്ത്രണവും
പ്രസവിച്ച ശേഷമുള്ള ആദ്യത്തെ 48 മുതൽ 72 മണിക്കൂർ വരെ വരുന്ന മഞ്ഞനിറത്തിലുള്ള കട്ടിപ്പാലാണ് ‘കൊളസ്ട്രം’. ഈ സമയത്ത് കുഞ്ഞ് മുലപ്പാൽ വലിച്ചു കുടിക്കുന്നത് വഴി ശരീരത്തിലെ സ്ട്രെസ് ഹോർമോണുകൾ കുറയുകയും ചെയ്യും. ഇത് ശരീരത്തിൽ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഊർജ്ജത്തിൽ നിന്ന് ഗ്ലൂക്കോസ് ഉൽപ്പാദിപ്പിക്കാൻ സഹായിക്കുകയും, നവജാതശിശുക്കളിൽ ഗ്ലൂക്കോസ് കുറഞ്ഞുപോകുന്ന അവസ്ഥയായ ഹൈപ്പോഗ്ലൈസീമിയയും അതുവഴിയുണ്ടാകുന്ന അപസ്മാരവും തടയുകയും ചെയ്യുന്നു.
നവജാതശിശുക്കളിൽ സാധാരണയായി കാണുന്ന മഞ്ഞപ്പിത്തത്തിന് കാരണമാകുന്ന ബിലിറുബിൻ ശരീരത്തിൽ നിന്ന് മലത്തിലൂടെ പുറത്തുപോകുവാൻ ശരിയായ രീതിയിലുള്ള മുലയൂട്ടൽ അത്യന്താപേക്ഷിതമാണ്.
‘ഫോർ മിൽക്ക്’ vs ‘ഹൈൻഡ് മിൽക്ക്’
മുലയൂട്ടുമ്പോൾ ആദ്യം വരുന്ന നേർത്ത പാലിനെ ‘ഫോർ മിൽക്ക്’ എന്നും അവസാനം വരുന്ന കട്ടിപ്പാലിനെ ‘ഹൈൻഡ് മിൽക്ക്’ എന്നും പറയുന്നു. ദാഹം മാറ്റാൻ ഫോർ മിൽക്ക് സഹായിക്കുമ്പോൾ, പ്രോട്ടീനും കൊഴുപ്പും അടങ്ങിയ ഹൈൻഡ് മിൽക്കാണ് കുഞ്ഞിന്റെ ശരീരഭാരം (Weight) വർദ്ധിപ്പിക്കാൻ സഹായിക്കുന്നത്. അതിനാൽ ഒരു സ്തനത്തിലെ പാൽ പൂർണ്ണമായും കുടിച്ചു തീർത്ത ശേഷം മാത്രം അടുത്ത വശത്തു നിന്നും നൽകാൻ ശ്രദ്ധിക്കുക.
ALSO READ: ചർമത്തിന് സ്വാഭാവിക തിളക്കം വേണോ? ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കൂ…
ഭാവിയിലെ ആരോഗ്യവും അമ്മയ്ക്കുള്ള നേട്ടങ്ങളും
കുഞ്ഞുങ്ങൾക്ക് സ്വന്തമായി പ്രതിരോധശേഷി കൈവരിക്കാൻ സമയമെടുക്കും. ആ ഘട്ടത്തിൽ അമ്മയുടെ പാലിൽ നിന്നുള്ള ഇമ്മ്യൂണോഗ്ലോബുലിൻസും ലാക്ടോഫെറിൻ പോലുള്ള ഘടകങ്ങളും വഴി കുഞ്ഞിന് ശക്തമായ ‘പാസീവ് ഇമ്മ്യൂണിറ്റി’ ലഭിക്കുന്നു. മുലപ്പാൽ കുടിക്കുന്ന കുട്ടികളിൽ ഭാവിയിൽ അമിതവണ്ണം, രക്തസമ്മർദ്ദം, ടൈപ്പ്-2 പ്രമേഹം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കുറവാണ്. പ്രസവാനന്തരമുള്ള രക്തസ്രാവം കുറയ്ക്കാനും ഭാവിയിൽ അമ്മമാർക്കുണ്ടാകാൻ സാധ്യതയുള്ള സ്തനാർബുദം, അണ്ഡാശയ അർബുദം എന്നിവ തടയാനും മുലയൂട്ടൽ സഹായിക്കുന്നു.
ജോലി ചെയ്യുന്ന അമ്മമാർക്ക് പാൽ എങ്ങനെ സൂക്ഷിച്ചുവെക്കാം?
ഓഫീസിൽ പോകുന്ന അമ്മമാർക്ക് താഴെ പറയുന്ന രീതിയിൽ പാൽ പിഴിഞ്ഞ് ബിപിഎ ഫ്രീ പോളിപ്രോപ്പിലിൻ ബോട്ടിലുകളിലോ സ്റ്റീൽ പാത്രങ്ങളിലോ സൂക്ഷിക്കാവുന്നതാണ്. സാധാരണ താപനിലയിൽ 6 മുതൽ 8 മണിക്കൂർ വരെ കേടുകൂടാതെയിരിക്കും. റഫ്രിജറേറ്ററിൽ (താഴത്തെ തട്ടിൽ ഡോറിലല്ലാതെ) 72 മണിക്കൂർ വരെ സൂക്ഷിക്കാം. ഫ്രീസറിൽ 3 മാസം വരെ സൂക്ഷിക്കാനാകും.
ഫ്രീസറിൽ സൂക്ഷിച്ച പാൽ ഉപയോഗിക്കുന്നതിന് 12 മണിക്കൂർ മുൻപ് റഫ്രിജറേറ്ററിലെ താഴത്തെ തട്ടിലേക്ക് മാറ്റിവെക്കണം. ലിക്വിഡ് രൂപത്തിലായാൽ തണുപ്പ് മാറ്റി കുഞ്ഞിന് നൽകാം (നേരിട്ട് ചൂടാക്കാൻ പാടില്ല). ഒരിക്കൽ തണുപ്പ് മാറ്റിയ പാൽ വീണ്ടും ഫ്രീസ് ചെയ്യരുത്.
മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ബാങ്കുകൾ വലിയൊരു അനുഗ്രഹമാണ്. ദാതാക്കളായ അമ്മമാരിൽ എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ്, വി.ഡി.ആർ.എൽ പരിശോധനകൾ നടത്തി സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് പാൽ സ്വീകരിക്കുന്നത്. ശേഖരിച്ച പാൽ 62.5 ഡിഗ്രി സെൽഷ്യസിൽ പാസ്ചറൈസേഷന് വിധേയമാക്കുകയും അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മൈനസ് 20 ഡിഗ്രി സെൽഷ്യസിൽ 3 മുതൽ 6 മാസം വരെ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here