നീ തന്നെ ജീവിതം സന്ധ്യേ…
നീ തന്നെ മരണവും സന്ധ്യേ…
മലയാള കവിതയിലെ വാർപ്പുമാതൃകകളെ പൊളിച്ചെഴുതിയ, ആധുനികതയ്ക്ക് അടിത്തറ പാകിയ കവി. കെ അയ്യപ്പപ്പണിക്കർ എന്ന അത്ഭുതപ്പണിക്കർ. കേവലം വരികൾ കുറിച്ചുവെക്കുന്നതിനു അപ്പുറം തമാശയും ദാർശനികതയും ഒരേസമയം ചേർത്തുവെച്ച് മലയാളിയെ വേറിട്ടൊരു കാവ്യസംസ്കാരം പഠിപ്പിക്കാൻ അയ്യപ്പപ്പണിക്കർക്ക് സാധിച്ചു.
‘കുരുക്ഷേത്രം’ എന്ന വിപ്ലവാത്മക കാവ്യത്തിലൂടെയാണ് അദ്ദേഹം ചരിത്രത്തിൽ ഇടംപിടിക്കുന്നത്. ആധുനിക മലയാള കവിതയുടെ മാനിഫെസ്റ്റോ എന്നാണ് കുരുക്ഷേത്രം എന്ന കവിതയെ വിഷേശിപ്പിക്കാറ് തന്നെ. മലയാള ഭാഷയിലെ കവിതാ സങ്കല്‍പ്പത്തെത്തന്നെ മാറ്റി മറിക്കാൻ ഈ കവിതക്ക് സാധിച്ചു. ഇന്ന് അദ്ദേഹം വിടവാങ്ങിയിട്ട് 20 വർഷം തികയുകയാണ്.
നർമ്മവും സ്വാഭാവികതയും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ വരികൾ. ‘അന്ന് അയ്യപ്പ പണിക്കർ …. ഇപ്പോൾ ‘വയ്യപ്പ’ പണിക്കർ’ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടപ്പോൾ തമാശരൂപേണ അദ്ദേഹം സ്വയം വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു.
ഭരണകൂടത്തിന്റെ പൊള്ളത്തരങ്ങളെ തുറന്നു കാണിക്കാനും അയ്യപ്പപ്പണിക്കരുടെ കവിതകൾക്ക് സാധിച്ചു. ”കടിക്കല്ലേ, പിടിക്കല്ലേ, കടുപ്പം കാട്ടല്ലേ, എന്റമ്മച്ചീ, ഈ കടുക്ക ഞാന്‍ കുടിച്ചോളാം…” എന്ന മൂർച്ചയുള്ള വരികൾ അദ്ദേഹത്തിന്റേതായിരുന്നു. ‘നാവടക്കൂ, പണിയെടുക്കൂ’ എന്ന നയത്തിനെതിരെ ‘കടുക്ക’ എന്ന കവിതയിലൂടെയാണ് അദ്ദേഹം ഇങ്ങനെ തുറന്നടിച്ചത്. 1975 ലെ അടിയന്തരാവസ്ഥക്കാലത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ കവിത രചിച്ചത്. ലളിതമായ രീതിയിൽ കാവിതയെ അവതരിപ്പിക്കുമ്പോൾ തന്നെ തീവ്രമായ ആശയങ്ങൾ അവതരിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു.
കെ അയ്യപ്പപ്പണിക്കരെ കുറിച്ചു പറയുമ്പോൾ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന കവിതയാണ് കാടെവിടെ മക്കളെ എന്നത്.
കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?…
എന്ന് അദ്ദേഹം കുറിച്ചു വച്ചതിലൂടെ പരിസ്ഥിതി നാശവും ആധുനിക മനുഷ്യന്റെ പ്രകൃതിചൂഷണവുമാണ് അതിലൂടെ പറയാൻ ശ്രമിച്ചത്.
Also Read: മമിതയ്ക്ക് ഹാട്രിക്? നിവിൻ ഡബിൾ സെഞ്ച്വറിയിലേക്ക്!!
കവി എന്നതിനപ്പുറം വിവർത്തകൻ, സാഹിത്യ നിരൂപകൻ, അധ്യാപകൻ, ഗവേഷകൻ എന്നീ നിലകളിൽ ആഗോള സാഹിത്യത്തെ മലയാളത്തിനും മലയാള സാഹിത്യത്തെ ലോകത്തിനും പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം മുൻപന്തിയിൽ നിന്നു. ലേഖനങ്ങളിലൂടെയും കാര്‍ട്ടൂണ്‍കവിതകളിലൂടെയും അദ്ദേഹം ജനങ്ങളോട് സംവദിച്ചു. 1930 സെപ്റ്റംബർ 12-ന് ജനിച്ച കെ അയ്യപ്പപ്പണിക്കർ 2006 ഓഗസ്റ്റ് 23-നാണ് നമ്മോട് വിടവാങ്ങിയത്.
പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, കബീർ സമ്മാൻ തുടങ്ങിയ മഹാപുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
അഭിമുഖങ്ങളോട് കടുത്ത വിമുഖത കാണിച്ചിരുന്ന കവി കൂടിയായിരുന്നു അയ്യപ്പപ്പണിക്കർ. ഒരിക്കൽ മാത്രമാണ് അദ്ദേഹം അഭിമുഖം നൽകിയിട്ടുള്ളത്. കവിതയെക്കുറിച്ചു ചർച്ച ചെയ്യാൻ വേണ്ടി മാത്രമായിരുന്നു ആദ്യമായും അവസാനമായും കെ അയ്യപ്പപ്പണിക്കർ അഭിമുഖത്തിന് തയ്യാറായത്. പരീക്ഷണാത്മകതയെ ഭയപ്പെടാതെ കവിതയെ നിരന്തരം പുതുക്കിപ്പണിത ഡോ. കെ. അയ്യപ്പപ്പണിക്കർ, ഇന്നും മലയാള സാഹിത്യത്തിലെ ആധുനികതയുടെ അമരക്കാരനായി നിലകൊള്ളുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here