എം പി പരമേശ്വരൻ്റെ ഓർമകൾ പങ്കുവെച്ച് ഇഖ്ബാൽ ബാപ്പുക്കുഞ്ഞി. എം. പി. ഗുരുവും മാർഗദർശിയും എന്ന തലക്കെട്ടോടെ സമൂഹമാധ്യമത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിദ്യാർഥി കാലഘട്ടം മുതൽ തനിക്ക് എം പി പരമേശ്വരനുമായുള്ള ബന്ധത്തെപ്പറ്റിയും അദ്ദേഹം ഓർത്തെടുക്കുന്നു.
സ്വയംപര്യാപ്തത എന്ന ആശയം ജീവിതത്തിലും പ്രവർത്തനത്തിലും ഒരുപോലെ നടപ്പാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസമെന്നും ഇഖ്ബാൽ ബാപ്പുക്കുഞ്ഞി സമൂഹമാധ്യമത്തിൽ കുറിച്ചു. ജീവിതത്തിലുടനീളം അദ്ദേഹം കാത്തുസൂക്ഷിച്ച അത്ഭുതപ്പെടുത്തുന്ന ലാളിത്യവും കൃത്യതയും അച്ചടക്കവും ഇന്നും എന്റെ ഓർമകളിൽ തെളിഞ്ഞുനിൽക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
എം. പി. ഗുരുവും മാർഗദർശിയും
ഡോ എം. പി പരമേശ്വരനുമായുമായുള്ള എന്റെ ഗുരുശിഷ്യബന്ധം ആരംഭിക്കുന്നത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിയായിരുന്ന കാലത്താണ്. അന്ന് എം പി ചിന്ത പബ്ലിഷേഴ്‌സിൽ മുഴുവൻ സമയ പ്രവർത്തകനായിരുന്നു. ഞാൻ ഇടയ്ക്കിടെ അവിടെ പോകുമായിരുന്നു. വെറുതെ സന്ദർശകനായിരിക്കാൻ അദ്ദേഹം ഒരിക്കലും അനുവദിച്ചിരുന്നില്ല. അവിടെ നടക്കുന്ന എല്ലാ ജോലിയിലും പങ്കാളിയാകണമെന്നത് എം. പിയുടെ നിർബന്ധമായിരുന്നു. സ്വയംപര്യാപ്തത എന്ന ആശയം ജീവിതത്തിലും പ്രവർത്തനത്തിലും ഒരുപോലെ നടപ്പാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.
ഒരു ദിവസം അന്നത്തെ ലെറ്റർപ്രസ്സിൽ കമ്പോസിംഗ് പഠിക്കാൻ എന്നെ നിയോഗിച്ചു. കൈ നിറയെ ഈയം പുരണ്ടുകൊണ്ട് കുറേ നേരം കമ്പോസിംഗ് ചെയ്തു. മറ്റൊരു ദിവസം ചിന്ത വാരികയുടെ വരിക്കാർക്ക് അയയ്ക്കുന്ന കവറുകളിൽ വിലാസമെഴുതാനുള്ള ചുമതല നൽകി. ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ, ഒരു പ്രസ്ഥാനത്തിന്റെ ഓരോ ജോലിയും സ്വന്തം ജോലിയാണെന്ന് അദ്ദേഹം പ്രവർത്തിയിലൂടെ പഠിപ്പിച്ചു.
പലർക്കും അറിയാത്ത എം. പിയുടെ മറ്റൊരു വലിയ സംഭാവനയായിരുന്നു പുസ്തകപ്രദർശനങ്ങളും അതോടൊപ്പം സംഘടിപ്പിച്ചിരുന്ന സായാഹ്ന പ്രഭാഷണപരമ്പരകളും. ഇന്ന് കേരളത്തിൽ സാധാരണമായ പുസ്തകോത്സവങ്ങളുടെ ആദ്യരൂപം അവിടെയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ വർക്കല, ആറ്റിങ്ങൽ തുടങ്ങി പല സ്ഥലങ്ങളിലും ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചു. അന്നത്തെ സ്ലൈഡ് പ്രൊജക്ടറുപയോഗിച്ച് വിഷയങ്ങൾ അവതരിപ്പിക്കാൻ എം. പി. പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. പൊതുവേദിയിൽ സംസാരിക്കാനുള്ള എന്റെ ആദ്യപാഠങ്ങളിൽ പലതും അവിടെയായിരുന്നു.
പരിഷത്ത് പ്രവർത്തനകാലത്ത് എം. പിയിൽ നിന്ന് ലഭിച്ച പരിശീലനം, മെഡിക്കൽ കോളേജിൽ എന്റെ അധ്യാപകരായ ഡോ. കെ. വി. കൃഷ്ണദാസിന്റെയും ഡോ. എം. സാംബശിവന്റെയും കീഴിൽ ലഭിച്ച ക്ലിനിക്കൽ പരിശീലനത്തോട് ഉപമിക്കാവുന്നതായിരുന്നു. ഏത് സാഹചര്യത്തിലും ചെയ്യേണ്ട കാര്യത്തിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ച് അർപ്പണബോധത്തോടെ കഠിനമായി അധ്വാനിക്കാനുള്ള ശീലം ഈ മൂന്ന് ഗുരുക്കന്മാരിൽ നിന്നാണ് എനിക്ക് ലഭിച്ചത്.
അന്ന് എനിക്ക് പുസ്തകവായനയിൽ മാത്രമായിരുന്നു കൂടുതൽ താൽപര്യം. പൊതുവേദിയിൽ സംസാരിക്കാനോ സംഘടനാപ്രവർത്തനം നടത്താനോ എഴുതാനോ എനിക്ക് ഒട്ടും ആത്മവിശ്വാസമുണ്ടായിരുന്നില്ല. എന്നെ പ്രസംഗകനും സംഘാടകനും എഴുത്തുകാരനുമായി വളർത്തിയത് എം. പിയാണ്. നിരോധിക്കപ്പെട്ട മരുന്നുകളെക്കുറിച്ച് ഞാൻ പ്രഭാഷണങ്ങൾ നടത്തിക്കൊണ്ടിരുന്നപ്പോൾ, “പ്രസംഗിച്ചാൽ മാത്രം പോരാ, അത് പുസ്തകമാക്കണം” എന്ന അദ്ദേഹത്തിന്റെ ശാസനയാണ് 1987-ൽ “നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, അവശ്യമരുന്നുകൾ” എന്ന എന്റെ ആദ്യ പുസ്തകത്തിന് വഴിതെളിച്ചത്.
വർഷങ്ങൾക്കുശേഷം കോവിഡ് മഹാമാരിയുടെ കാലത്തും അദ്ദേഹത്തിന്റെ ആഹ്വാനം വീണ്ടും എത്തി. “ഇതിനെക്കുറിച്ചും എഴുതണം” എന്ന ആ നിർദ്ദേശമാണ് പിന്നീട് “മഹാമാരികൾ: പ്ലേഗ് മുതൽ കോവിഡ് വരെ” എന്ന പുസ്തകമായി രൂപം കൊണ്ടത്. എന്റെ എഴുത്തുജീവിതത്തിലെ പ്രധാന വഴിത്തിരിവുകൾക്ക് പിന്നിൽ എം. പിയുടെ പ്രചോദനമുണ്ടെന്നത് എനിക്കൊരിക്കലും മറക്കാനാവില്ല. എന്നെപ്പോലെ അങ്ങിനെ എത്രപേർ. ജനകീയാസൂത്രണകാലത്ത് ഡോ ഐ എസ് ഗുലാത്തിയുടെയും എം പിയുടെ നിർദ്ദേശപ്രകാരമാണ് മറ്റേത് ഡിപ്പാർട്ട്മെൻ്റുകളേക്കാലുമേറെ ആരോഗ്യമേഖലയിൽ അധികാര വികേന്ദ്രീകരണം നടത്താൻ കഴിഞ്ഞത്. ഞാൻ ജോലി ചെയ്യുന്ന ന്യൂറോസർജറി ഡിപ്പാർട്ടല്ല പ്രാഥമികാരോഗ്യകേന്ദ്രമാണ് ആദ്യമായി മെച്ചപ്പെടുത്തേണ്ടതെന്ന് ഇരുവരും പറയുമായിരുന്നു. മാർക്സിന്റെ സാമൂഹികനീതിബോധവും ഗാന്ധിയുടെ ലാളിത്യവും ഒരുമിച്ച് അലിഞ്ഞുചേർന്ന വ്യക്തിത്വമായിരുന്നു എം. പി. അധികാരമോ ആഡംബരമോ അദ്ദേഹത്തെ ഒരിക്കലും ആകർഷിച്ചില്ല. ജീവിതത്തിലുടനീളം അദ്ദേഹം കാത്തുസൂക്ഷിച്ച അത്ഭുതപ്പെടുത്തുന്ന ലാളിത്യവും കൃത്യതയും അച്ചടക്കവും ഇന്നും എന്റെ ഓർമകളിൽ തെളിഞ്ഞുനിൽക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here