സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുന്നതിനിടെ സബ്സിഡി നിരക്കിൽ വിതരണം ചെയ്തിരുന്ന അരി വെട്ടിക്കുറച്ച് ഭക്ഷ്യ -സിവിൽ സപ്ലൈസ് വകുപ്പ്. വെള്ള, നീല റേഷൻകർഡുകാർക്ക് 10 രൂപ 90 പൈസ നിരക്കിൽ യഥാക്രമം നൽകിയിരുന്ന 15 കിലോ, 10 കിലോ അരിയാണ് വെട്ടിക്കുറച്ചത്. ഇനിമുതൽ ഏഴു കിലോ 3 കിലോ വീതമാണ് നൽകുക. വിപണിയിൽ അരിവില കുതിക്കുമ്പോഴാണ് സാധാരണക്കാരന് ഓണക്കാലത്ത് സർക്കാർ വക ഇരുട്ടടി.
വിപണിയിൽ അരി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്ക് വില ഉയരുമ്പോൾ പലതരത്തിലുള്ള വിപണി ഇടപെടലിലൂടെയാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ വിലക്കയറ്റം ഫലപ്രദമായി തടഞ്ഞുനിർത്തിയത്. സബ്സിഡി നിരക്കിൽ റേഷൻ കടകൾ വഴി സാധാരണക്കാർക്ക് അരി എത്തിച്ചു നൽകുക എന്നതായിരുന്നു ഇതിൽ പ്രധാനപ്പെട്ടത്. സാധാരണക്കാർക്ക് വലിയ ആശ്രയമായിരുന്ന ഈ അരിയുടെ അളവിലാണ് യുഡിഎഫ് സർക്കാർ വൻ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നത്.
വിപണിയിൽ അരി, വെളിച്ചെണ്ണ, മുളക്, പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾക്ക് വില കുതിച്ചുയരുമ്പോൾ യാതൊരു വിപണി ഇടപെടലും നടത്തുന്നില്ല എന്ന വിമർശനം ഉയരുന്നതിനിടെയാണ് ലഭിച്ചിരുന്ന അരിയും യുഡിഎഫ് സർക്കാർ വെട്ടിക്കുറയ്ക്കുന്നത്. ഓണക്കാലം എത്തുമ്പോൾ സാധാരണക്കാരെ ദുരിതത്തിലേക്ക് തള്ളിവിടുന്ന നയമാണ് യുഡിഎഫ് സർക്കാരിന്റേത് എന്നാണ് ഉയരുന്ന വിമർശനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here