കർണാടകയിലെ കെഎസ്ആർടിസി ബസപകടം; പിന്നിൽ ഡ്രൈവറുടെ വിശ്രമമില്ലാത്ത ജോലിയും സിംഗിൾ ഡ്രൈവർ ഡ്യൂട്ടിയുമെന്ന് ആക്ഷേപം

കർണാടക ബിടതിയിൽ കെ എസ് ആർ ടി സി സൂപ്പർ ഡീലക്സ് ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ച സംഭവത്തിന് പിന്നിൽ, ഡ്രൈവറുടെ വിശ്രമമില്ലാത്ത ജോലിയും സിംഗിൾ ഡ്രൈവർ ഡ്യൂട്ടിയെന്ന് ആക്ഷേപം. ബസ് ഡ്രൈവർ മിഥിലേഷ് ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് സൂചന. താൽക്കാലിക ജീവനക്കാരനായ മിഥിലേഷിനെ തുടർച്ചയായി ഡ്യൂട്ടിക്കിട്ടത്, അപകടത്തിന് വഴിവെച്ചതെന്നാണ് ഉയരുന്ന ആക്ഷേപം.

കോഴിക്കോട്‌ നിന്ന്‌ ബാംഗളൂരുവിലേക്ക്‌ പോയ കെ എസ് ആർ ടി സി സൂപ്പർ ഡീലക്‌സ്‌ ബസ്‌, മൈസൂര് – ബംഗ്ലൂർ ദേശീയപാതയിൽ നിയന്ത്രണം വിട്ട്‌ മറിഞ്ഞാണ് കണ്ടക്ടറും കോഴിക്കോട് കോവൂർ സ്വദേശിയുമായ എൻ എം അരുണിനും, വെള്ളയിൽ സ്വദേശിയും ഡ്രൈവറുമായ മിഥിലേഷിനും ശനിയാഴ്ച ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തിൽ നിരവധി യാത്രക്കാർക്കും പരുക്കേറ്റിരുന്നു.

ALSO READ: ജീവനക്കാരന്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് എൻ ജി ഒ അസോസിയേഷൻ നേതാവിൻ്റെ ഭീഷണി; പിന്നാലെ പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർക്ക് ഹൃദയാഘാതം

കെ എസ് ആർ ടി സി ബസ്സിലെ താൽക്കാലിക ഡ്രൈവറായ മിഥിലേഷ്, മൈസൂർ ട്രിപ്പ് കഴിഞ്ഞ്, കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടോടെയാണ് കോഴിക്കോട് ഡിപ്പോയിൽ തിരിച്ചെത്തിയത്. അതേ ദിവസം തന്നെ രാത്രി 9.30 ന് ബംഗളൂരുവിലേക്ക് പോകുന്ന സൂപ്പർ ഡീലക്സ് ബസ്സിൽ ഡ്യൂട്ടി നൽകി. മറ്റ് ഡ്രൈവർമാർ ഇല്ലാത്തതിനാൽ സർവീസ് ഏറ്റെടുക്കാൻ മിഥിലേഷ് നിർബന്ധിതനായി എന്നാണ് ലഭിക്കുന്ന വിവരം. ജീവനക്കാർക്ക് ഡ്യൂട്ടി നൽകുന്നതിൽ ചട്ട ലംഘനം നടന്നതായും ആക്ഷേപമുണ്ട്. ദീർഘദൂര സർവീസുകൾക്ക് പരിചയസമ്പന്നരായ സ്ഥിരം ഡ്രൈവർമാരെ ഡ്യൂട്ടിക്കിടണമെന്നും, അല്ലാത്തപക്ഷം താൽക്കാലിക ജീവനക്കാരിൽ സീനിയോറിറ്റി മാനദണ്ഡമാക്കി ഡ്യൂട്ടി നിശ്ചയിക്കണമെന്ന് കാണിച്ച് ജൂൺ 26 ന് കെ എസ് ആർ ടി സി എക്സിക്യൂട്ടീവ് ഡയറക്ടർ സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതെല്ലാം മറികടന്നാണ്, വെള്ളിയാഴ്ച രാവിലെ ഡ്യൂട്ടി ചെയ്ത മിഥിലേഷിനെ വിശ്രമം അനുവദിക്കാതെ വീണ്ടും ഡ്യൂട്ടിക്കിട്ടത് എന്നാണ് ഉയരുന്ന പരാതി.

തുടർച്ചയായ സർവീസുകൾ മൂലം ഡ്രൈവർക്ക് ഉണ്ടായ കടുത്ത ക്ഷീണവും ഉറക്കവുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന വിലയിരുത്തലുണ്ട്. ബസ്സിൽ ഉണ്ടായിരുന്ന പരുക്കേറ്റ യാത്രക്കാരുടെ മൊഴിയെടുത്താൽ, അപകടത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണക്കുകൂട്ടൽ.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News