സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ദയനീയാവസ്ഥയിൽ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ഐസൊലേഷന്‍ സെല്ലുകള്‍ ജയിലിനേക്കാള്‍ മോശമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ പരിശോധനയ്ക്ക് ശേഷമാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നും രൂക്ഷ വിമര്‍ശനമുണ്ടായത്.
സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ അവസ്ഥയും അടിസ്ഥാന സൗകര്യങ്ങളും സംബന്ധിച്ച കേസിലാണ് സർക്കാരിനെതിരെ കോടതിയുടെ ഭാഗത്തുനിന്നും രൂക്ഷ വിമർശനം ഉണ്ടായത്. ഹൈക്കോടതി ജഡ്ജിമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. ഹൈക്കോടതി നിയമിച്ച അമിക്കസ്ക്യൂറിയും ഒപ്പമുണ്ടായിരുന്നു.
ഐസൊലേഷൻ വാർഡുകളും സെല്ലുകളും ഉൾപ്പെടെ നേരിട്ട് പരിശോധിച്ച് രോഗികളുടെ സാഹചര്യങ്ങളും വിലയിരുത്തി. അമിക്കസ്ക്യൂറി റിപ്പോർട്ടിന്റെയും ഹർജികളുടെയും അടിസ്ഥാനത്തിൽ ആയിരുന്നു നേരിട്ടുള്ള പരിശോധന. ഞായറാഴ്ച തൃശ്ശൂരിലും അതിനു മുൻപായി തിരുവനന്തപുരത്തും സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ജഡ്ജിമാർ സന്ദർശനം നടത്തിയിരുന്നു. ബുധനാഴ്ച ഹർജികൾ വീണ്ടും പരിഗണിക്കവെയാണ് സർക്കാരിനെതിരെ വിമർശനമുണ്ടായത്.
സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നടക്കുന്നത് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണെന്നു പറഞ്ഞ കോടതി ആത്മഹത്യാ പ്രവണതയുള്ള രോഗികളെ ഐസൊലേഷൻ സെല്ലുകളിൽ പാര്‍പ്പിക്കരുതെന്നും പറഞ്ഞു. രോഗികളെ കൂടുതല്‍ മാനസികമായി തകര്‍ക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ. എന്നാൽ ഡോക്ടര്‍മാരും നഴ്‌സുമാരും ആത്മാര്‍ത്ഥമായി സേവനം ചെയ്യുന്നുണ്ടെന്നും അവരെ കുറ്റപ്പെടുത്താനാകില്ലെന്നും കോടതി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ല. ആക്ഷേപങ്ങളില്‍ സര്‍ക്കാര്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here