തിരുവോണ നാളിലും തിങ്ങിവിങ്ങുന്ന വേദന; സെക്രട്ടറിയേറ്റിന് മുന്നിൽ ഇലയിൽ മണ്ണ് വിളമ്പി വേളി തൊഴിലാളികളുടെ പട്ടിണി സമരം

കേരളക്കരയൊന്നാകെ സമൃദ്ധിയുടെയും സന്തോഷത്തിന്റെയും തിരുവോണപ്പൂവിളികളിൽ അമരുമ്പോൾ, തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ നീതിക്കായി കണ്ണ് നനയിക്കുന്ന പട്ടിണി സമരവുമായി ഒരു കൂട്ടം മനുഷ്യർ. തിരുവനന്തപുരം വേളി ടൂറിസ്റ്റ് വില്ലേജിലെ സുരക്ഷാ ജീവനക്കാരും എൽഡിവി ഡ്രൈവർമാരുമാണ് തിരുവോണ നാളിലും നീതിതേടി തെരുവിൽ പട്ടിണി കിടക്കുന്നത്. വാഴയിലയിൽ മണ്ണ് വിളമ്പി, അത് പ്രതീകാത്മകമായി ഭക്ഷിച്ചുകൊണ്ട് അവർ നടത്തിയ വേറിട്ട പ്രതിഷേധം നാടിന്റെ മനസ്സാക്ഷിയെ ഉണർത്തുന്നതാണ്.

വിനോദസഞ്ചാരികൾ ഒഴുകിയെത്തുന്ന വേളി ടൂറിസ്റ്റ് വില്ലേജിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന തൊഴിലാളികളെ പുതിയ സർക്കാർ അധികാരത്തിൽ വന്ന് അഞ്ചോ ആറോ ദിവസങ്ങൾക്കകം (ജൂൺ ഒന്നിന്) ഏകപക്ഷീയമായി പിരിച്ചുവിടുകയായിരുന്നു. പുതിയ സർക്കാർ അധികാരമേറ്റിട്ട് നിലവിൽ 95 ദിവസങ്ങൾ പിന്നിടുമ്പോൾ, ഈ തൊഴിലാളികളുടെ പട്ടിണി സമരം 87-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ട് പ്രതികാര ബുദ്ധിയോടെയാണ് തങ്ങളെ പിരിച്ചുവിട്ടതെന്നാണ് ജീവനക്കാരുടെ പ്രധാന ആക്ഷേപം.

ഏകദേശം 50 വർഷങ്ങൾക്ക് മുൻപ് വേളി ടൂറിസ്റ്റ് വില്ലേജ് സ്ഥാപിക്കുന്നതിനായി ഈ തൊഴിലാളികളുടെ അച്ഛനപ്പൂപ്പന്മാരും പൂർവികരും തങ്ങളുടെ പരമ്പരാഗത മത്സ്യബന്ധന മേഖലയും കക്കവാരൽ-മണലൂറ്റൽ ഇടങ്ങളും വിട്ടുനൽകിയതാണ്. പ്രദേശവാസികൾക്ക് തൊഴിൽ നൽകുമെന്ന ഉറപ്പിന്മേലാണ് അന്ന് തങ്ങളുടെ ഭൂമി നൽകി ടൂറിസ്റ്റ് വില്ലേജ് സ്ഥാപിക്കാൻ അവർ അനുവാദം നൽകിയത്.

ALSO READ: ‘നിങ്ങളുടെ മകനാണ് ഞാനെന്ന് കരുതി പറയുവാണ്… നിങ്ങൾ താഴെയിറങ്ങ്’; ഗൃഹനാഥന്റെ ജീവൻ രക്ഷിച്ചെടുത്ത് കയ്യടി നേടി ഇടുക്കി എസ്.ഐ

നീന്തൽ വിദഗ്ദ്ധരായ സുരക്ഷാ ജീവനക്കാരും പട്ടിജാതി വിഭാഗക്കാരുമായ ഈ തൊഴിലാളികൾ വേളിയിൽ ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നവരാണ്. കഴിഞ്ഞ 15-18 വർഷങ്ങളായി പ്രതിമാസം കേവലം 10,500 രൂപ ശമ്പളത്തിൽ ജോലി ചെയ്തുവന്ന ഇവരുടെ കുടുംബങ്ങളാണ് ഇപ്പോൾ അനാഥമായിരിക്കുന്നത്. മക്കളുടെ ഉന്നതവിദ്യാഭ്യാസ ചിലവുകൾക്കും നിത്യനിദാന ആവശ്യങ്ങൾക്കും വഴിയില്ലാതെ ഇവർ നെട്ടോട്ടമോടുകയാണ്.

സമരക്കാരിൽ പലരും അർബുദ ബാധിതരായ രോഗികളാണ്. ജോലി നഷ്ടപ്പെട്ടതോടെ ക്യാൻസർ ചികിത്സ പോലും മുന്നോട്ട് കൊണ്ടുപോകാനാകാതെ മരണത്തെ മുഖാമുഖം കാണുന്ന ദയനീയ അവസ്ഥ സമരക്കാർ പങ്കുവെക്കുന്നു. തങ്ങൾക്ക് ജോലിയിൽ തുടരാൻ അനുകൂലമായി ഹൈക്കോടതി ‘സ്റ്റാറ്റസ്കോ’ (തൽസ്ഥിതി തുടരുക) ഉത്തരവിട്ടിട്ടും, ആ വിധി പകർപ്പ് സർക്കാരിന് മുന്നിൽ സമർപ്പിച്ചിട്ടും കക്ഷിരാഷ്ട്രീയത്തിന്റെ പേരിൽ അത് നടപ്പിലാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് തൊഴിലാളികൾ വേദനയോടെ പറയുന്നു.

ജീവിതമാർഗ്ഗം പൂർണ്ണമായും അടഞ്ഞ തൊഴിലാളികൾ സർക്കാരിന് കടുത്ത മുന്നറിയിപ്പാണ് നൽകുന്നത്. തങ്ങളെ ജോലിയിൽ തിരിച്ചെടുക്കാൻ സർക്കാർ അടിയന്തരമായി തയ്യാറായില്ലെങ്കിൽ, സർക്കാരിന്റെ ഭരണത്തിന്റെ നൂറാം ദിനത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ആരെങ്കിലും ജീവനൊടുക്കുമെന്ന കടുത്ത പ്രഖ്യാപനമാണ് ഇവർ നടത്തുന്നത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News