ദില്ലി ജന്തർമന്തറിൽ സമരം ചെയ്ത വിദ്യാർഥികളെ അവഹേളിച്ച ആർഎസ്എസ് വക്താവ് ടി ജി മോഹൻദാസിനെതിരെ തുടർ നടപടിയെടുക്കാതെ കേരള പൊലീസ്. ടി ജി മോഹൻദാസിന്റെ വീഡിയോകൾ പരിശോധിക്കാനോ ഇയാളെ ചോദ്യം ചെയ്യാനോ പൊലീസ് ഇതുവരെയും തയ്യാറായിട്ടില്ല. ഇയാൾക്കെതിരെ കേസ് എടുത്തതു പോലും ശക്തമായ പ്രതിഷേധങ്ങൾക്കും പരാതികൾക്കും ഒടുവിലാണ്.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചക്കെതിരെ ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ടി ജി മോഹൻദാസിന്റെ വിവാദ പ്രസ്താവന. സമരം ചെയ്ത പെൺകുട്ടികളെ ആധിക്ഷേപിക്കുന്ന വിവാദ പരാമർശങ്ങളും യൂട്യൂബ് വീഡിയോയിലൂടെ ഇയാൾ നടത്തി. എസ്എഫ്ഐ ഉൾപ്പെടെ നൽകിയ പരാതിയിൽ ദിവസങ്ങൾ കഴിഞ്ഞാണ് കേസെടുത്തത്.
പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് കലാപാഹ്വാനത്തിന് കേസെടുക്കാൻ തിരുവനന്തപുരം സൈബർ പൊലീസ് തയ്യാറായത്. അതിനുശേഷം ടി ജി മോഹൻദാസിനെ ചോദ്യം ചെയ്യുകയോ വിവാദ പരാമർശങ്ങൾ നിറഞ്ഞ യൂട്യൂബ് വീഡിയോകൾ പരിശോധിക്കുകയോ ഉണ്ടായിട്ടില്ല. നടപടി തുടരുന്നു എന്നു മാത്രമാണ് വിശദീകരണം.
എന്നാൽ ടി ജി മോഹൻദാസിന്റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവർത്തകർക്കെതിരെ കേസ് എടുക്കാൻ പൊലീസിന് മണിക്കൂറുകൾ പോലും വേണ്ടിവന്നില്ല. പ്രതിഷേധക്കാർക്കെതിരെ കേസെടുക്കാൻ പൊലീസ് കാണിച്ച തിടുക്കം സംഘപരിവാർ ആശയ പ്രചാരകനെതിരെ തുടർ നടപടിയെടുക്കാൻ ഉണ്ടായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here