പ്രതിഷേധങ്ങൾക്കൊടുവിൽ 11-ാം ദിവസം വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ വീട്ടിലെത്തി ഫിഷറീസ് വകുപ്പ് മന്ത്രി. പ്രതിഷേധങ്ങളെ ഭയന്ന് ആഭ്യന്തര മന്ത്രിക്കൊപ്പമാണ് വകുപ്പ് മന്ത്രി എത്തിയത്. തിരച്ചിലിൽ അലംഭാവം തുടർന്ന സർക്കാർ നിലപാടിൽ കുടുംബം പ്രതിഷേധം അറിയിച്ചു. അതേസമയം 11 ദിവസവും വിഷയത്തിൽ പ്രതികരിക്കാത്തതെന്തേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ ഫിഷറീസ് വകുപ്പ് മന്ത്രി വി എ അബ്ദുൾ ഗഫൂർ ഒഴിഞ്ഞുമാറി.
അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തെ മന്ത്രി കാണാൻ എത്തുന്നില്ലെന്ന പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിലാണ് മന്ത്രിയുടെ സന്ദർശനം. പ്രതിഷേധങ്ങൾ ഒഴിവാക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഒപ്പമാണ് മാധ്യമങ്ങളെപോലും അറിയിക്കാതെ ഫിഷറീസ് വകുപ്പ് മന്ത്രി എത്തിയത്. അതേസമയം അപകടം നടന്ന ആദ്യ മണിക്കൂറുകളിൽ രക്ഷാപ്രവർത്തനം ഏകോപിക്കാത്തതിലുള്ള പ്രതിഷേധം കുടുംബം മന്ത്രിയെ അറിയിച്ചു.
11 ദിവസവും തിരച്ചിലിൽ അടക്കം അലംഭാവം തുടർന്നതിലും ജോണിന്റെ വീട്ടിൽ എത്താത്തതിലും വകുപ്പ് മന്ത്രിക്ക് കൃത്യമായ മറുപടിയില്ല. എന്നാൽ പതിനൊന്നാം ദിവസവും ജോണിനായുള്ള തിരച്ചിൽ ഫലപ്രദമായി നടക്കുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്. കുടുംബം ആവശ്യപ്പെട്ട പ്രകാരമുള്ള രാമേശ്വരത്തെ തിരച്ചിലിലും അലംഭാവം തുടരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here